വുഹാന്‍ : കോവിഡ് 19 വൈറസ് മനുഷ്യരില്‍ നിന്ന് ഉത്ഭവിച്ചതാകാമെന്ന് ചൈനീസ് ശാസ്ത്രജ്ഞന്. ബീജിംഗ് യൂണിവേഴ്സിറ്റി ഓഫ് കെമിക്കല്‍ ടെക്നോളജിയിലെ ടോങ് യിഗാങ് ആണ് പുതിയ വാദവുമായി രംഗത്തെത്തിയത്.വൈറസ് വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുവെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
വുഹാനിലെ ഹുവാനന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച വൈറസിന്റെ സാമ്പിളുകളുടെ ജനിതക ശ്രേണികള്‍ കൊവിഡ് ബാധിച്ച രോഗികളുടെ സാമ്പിളുകളുടേതിന് ഏതാണ്ട് സമാനമാണ് .ഈ സാഹചര്യത്തില്‍ വൈറസ് മനുഷ്യരില്‍ നിന്ന് ഉത്ഭവിച്ചതാകാമെന്നാണ് ശാസ്ത്രജ്ഞന്റെ നിഗമനം.
2020 ജനുവരി മുതല്‍ മാര്‍ച്ച് വരെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് 1,300 പാരിസ്ഥിതികവും ശീതീകരിച്ചതുമായ മൃഗങ്ങളുടെ സാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചതായി പത്രസമ്മേളനത്തില്‍ ടോങ് യിഗാംഗ് പറഞ്ഞു. തുടര്‍ന്ന് പരിസ്ഥിതി സാമ്പിളുകളില്‍ നിന്ന് വൈറസിന്റെ മൂന്ന് തരം വേര്‍തിരിച്ചു.
കൊവിഡ് വൈറസിന്റെ ഉത്ഭവം റാക്കൂണ്‍ നായ്ക്കളാണെന്ന സമീപകാല പഠനവും ശാസ്ത്രജ്ഞന് നിഷേധിച്ചു. അതേസമയം കോവിഡ് ആദ്യമായി കണ്ടെത്തിയ സ്ഥലമായ വുഹാന്‍ അത് ഉത്ഭവിച്ച സ്ഥലം ആയിരിക്കണമെന്നില്ലെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ഗവേഷകന് ഷൗ ലീ പറഞ്ഞു,
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ കൊവിഡ് വൈറസിന്റെ ഉത്ഭവം മനസിലാക്കാന്‍ ചൈനയില്‍ നിന്ന് ഡാറ്റ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ, വേണ്ടത്ര വിവരങ്ങള്‍ പങ്കിടാത്തതിന് ലോകാരോഗ്യ സംഘടനയും ചൈനയെ വിമര്‍ശിക്കുകയുണ്ടായി. ചൈന വിവരങ്ങള്‍ നല്കിയാല് വൈറസിന്റെ ഉത്ഭവം എങ്ങനെയെന്ന് കണ്ടെത്താനാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയേസിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: