ന്യൂഡല്‍ഹി : ചില സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ മാസം 10, 11 തീയതികളില്‍ ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് മോക്ക് ഡ്രില്ലുകള്‍ നടത്താനും ജില്ലാ ഭരണകൂടവും ആരോഗ്യ ഉദ്യോഗസ്ഥരുമായി ആരോഗ്യ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനും സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുവെയാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.
കൊവിഡ്19 പ്രതിരോധത്തിനും മാനേജ്‌മെന്റിനുമായി മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്‍ഫ്‌ലുവന്‍സ പോലുള്ള രോഗങ്ങളെ ശ്രദ്ധിക്കണം. കോവിഡ് 19, ഇന്‍ഫ്‌ലുവന്‍സ എന്നിവയുടെ പരിശോധനയ്‌ക്ക് മതിയായ സാമ്പിളുകള്‍ അയച്ച് ഉയര്‍ന്നുവരുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ തിരിച്ചറിയാന്‍ ഡോ. മാണ്ഡവ്യ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
പുതിയ കോവിഡ് വകഭേദങ്ങള്‍ ഉണ്ടായാലും പരിശോധന, പിന്തുടരുക, ചികിത്സിക്കുക, കുത്തിവയ്‌ക്കുക എന്നിങ്ങനെയുളള പരീക്ഷിച്ച് വിജയിച്ച തന്ത്രം തുടരണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒരു ദശലക്ഷത്തിന് 100 ടെസ്റ്റുകള്‍ എന്ന നിലവിലെ നിരക്കില്‍ നിന്ന് ടെസ്റ്റിംഗ് നിരക്ക് വേഗത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങറളോടും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആര്‍ടിപിസിആര്‍ പരിശോധന വര്‍ദ്ധിപ്പിക്കണം.
യോഗ്യരായ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് പ്രായമായവര്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: