നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തങ്ങളെ വേട്ടയാടുകയാണെന്നും, അത് അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിച്ച തിരിച്ചടി സ്വാഭാവികമാണെങ്കിലും അവര്‍ അത് ഒട്ടും പ്രതീക്ഷിച്ചതല്ല. അന്വേഷണ ഏജന്‍സികളായ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമൊക്കെ ‘വേട്ടയാടുന്നതിന്റെ’ സ്ഥിതിവിവര കണക്കുകളുമായി ഹാജരായ കോണ്‍ഗ്രസ്സ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു സിങ്വി, പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുമ്പോള്‍ നിയന്ത്രണം പാലിക്കണമെന്നും, അതിന് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഏകപക്ഷീയമായി ലക്ഷ്യം വയ്ക്കുന്നു എന്നാണല്ലോ നിങ്ങള്‍ പറയുന്നത്. അതേസമയം പൗരന്മാരെന്ന നിലയ്ക്കല്ലാതെ പ്രത്യേക പരിഗണനയൊന്നും ആവശ്യമില്ലെന്നും പറയുന്നു. അപ്പോള്‍ പിന്നെ എങ്ങനെയാണ് ഒരു രാഷ്ട്രീയ നേതാവിനെയും അറസ്റ്റു ചെയ്യരുതെന്ന് കോടതിക്ക് പറയാനാവുക. രാജ്യത്തെ പൗരന്മാര്ക്കുള്ള അവകാശങ്ങള്‍ മാത്രമേ രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ളൂ എന്ന് അംഗീകരിച്ചാല്‍ അവര്‍ നിയമപ്രക്രിയയെ നേരിടേണ്ടിവരും. നിയമം അനുശാസിക്കുന്നതിനപ്പുറം ഒരു പരിരക്ഷയും നല്‍കാനാവില്ല. മുഖത്തടിച്ചതുപോലെ കോടതി ഇങ്ങനെയൊക്കെ ചോദിച്ചതോടെ തങ്ങളുടെ ഉദ്ദേശ്യം വിലപ്പോവില്ലെന്നു മനസ്സിലാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജികള്‍ പിന്‍വലിക്കുകയായിരുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ രാഷ്ട്രീയ പാര്‍ട്ടികളല്ല, കോണ്‍ഗ്രസ്സും ടിഎംസിയും എഎപിയും ഡിഎംകെയും ആര്‍ജെഡിയും മറ്റും ഉള്‍പ്പെടുന്ന പതിനാല് രാഷ്ട്രീയ പാര്‍ട്ടികളാണ് തങ്ങള്‍ക്ക് പ്രത്യേക പരിഗണനയും പരിരക്ഷയും വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കൊലപാതകവും ലൈംഗിക പീഡനവുമൊക്കെ പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളല്ലെങ്കില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ യാതൊരു അന്വേഷണവും പാടില്ലെന്നാണോ പറയുന്നതെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനു മുന്നില്‍ ഈ പാര്‍ട്ടികള്‍ക്ക് ഉത്തരംമുട്ടി.
ജനാധിപത്യ സംവിധാനത്തിന് നിരക്കാത്തതും ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്നതുമായ വാദഗതികളാണ് ഈ പാര്‍ട്ടികള്‍ കോടതിയില്‍ ഉന്നയിച്ചത്. വോട്ടര്‍മാരിലെ 42 ശതമാനത്തെ പ്രതിനിധീകരിക്കുന്നതാണ് പ്രതിപക്ഷപാര്‍ട്ടികളെന്നും, സിബിഐ/ഇഡി എന്നിവയുടെ ദുരുപയോഗങ്ങള്‍ ഇവരെ വ്യക്തിപരമായി ബാധിച്ചാല്‍ അത് അവര്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളെയും ബാധിക്കുമെന്നൊക്കെ പറഞ്ഞാണ് കോടതിയുടെ അനുഭാവം തേടാന്‍ നോക്കിയത്. ആരോപണ വിധേയര്‍ രാജ്യം വിടുമെന്നോ തെളിവുകള്‍ നശിപ്പിക്കുമെന്നോ ഭയക്കുമ്പോഴല്ലാതെ അവരെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്നുവരെ വാദിച്ചു. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവുമെന്നും കോടതിയെ ബോധിപ്പിക്കാന്‍ ശ്രമം നടന്നു. ഏതെങ്കിലും കേസിന്റെ നടപടിക്രമങ്ങള്‍ മൂലം വ്യക്തിപരമായ പ്രശ്നമുണ്ടെന്നു തോന്നിയാല്‍ കോടതിയെ സമീപിക്കാമെന്നും, ഓരോ കേസിലെയും വസ്തുതകള്‍ അറിയാതെ അറസ്റ്റു തടയാനാവില്ലെന്നും കോടതി മുന്നറിയിപ്പു നല്‍കിയതോടെ ഹര്‍ജി പിന്‍വലിക്കാതെ മറ്റ് മാര്‍ഗമില്ലാതായി. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് നിയമവാഴ്ചയെ അംഗീകരിക്കാതെ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ തനിനിറമാണ് ഇവിടെ വെളിപ്പെട്ടത്. അധികാരത്തിലിരുന്നുകൊണ്ട് കോടാനുകോടി രൂപയുടെ അഴിമതികള്‍ നടത്തിയതിനാണ് പ്രതിപക്ഷ നേതാക്കള്‍ അന്വേഷണം നേരിടുന്നതും, ചിലരൊക്കെ ജയിലിലായിട്ടുള്ളതും. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ ശരിവച്ച കോടതികള്‍ ജാമ്യം പോലും നല്‍കിയിട്ടില്ല. അഴിമതി തൊട്ടുതീണ്ടാത്ത വിശുദ്ധന്മാരാണ് തങ്ങളെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി എത്ര വര്‍ഷം വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന് വീരവാദം മുഴുക്കിയവര്‍ ഇപ്പോള്‍ ജാമ്യത്തിനുവേണ്ടി പരക്കം പായുകയാണ്. തങ്ങള്‍ വലിയ കുറ്റം ചെയ്തിട്ടുള്ളവരാണെന്ന് ഇവര്‍ക്ക് നന്നായറിയാം. ജയിലിന് പുറത്തിറങ്ങിയാല്‍ മാത്രമേ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിയൂ. സിബിഐയും ഇഡിയും തങ്ങളെ അറസ്റ്റുചെയ്യരുതെന്ന് ആവശ്യപ്പെടുന്നതും ഇതേ കാര്യത്തിനാണ്.
കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തോട് സുപ്രീംകോടതി പ്രതികരിച്ചത് ശ്രദ്ധേയമാണ്. ഇതിനെ നേരിടേണ്ടത് രാഷ്ട്രീയമായാണെന്നും കോടതിയിലല്ലെന്നുമായിരുന്നു പ്രതികരണം. നരേന്ദ്ര മോദിയെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടാനാവില്ലെന്ന് പ്രതിപക്ഷത്തിന് അറിയാം. രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ വിജയവും, നിയമസഭാ തെരഞ്ഞെടുപ്പു വിജയങ്ങളും അതവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വന്‍ അഴിമതികള്‍ നടത്തി അതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വോട്ടര്‍മാരെ വിലയ്ക്കെടുക്കുകയെന്നതാണ് അവശേഷിക്കുന്ന ഒരേയൊരു മാര്‍ഗം. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയും കൂട്ടാളികളും, കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ ശിവകുമാറുമൊക്കെ ചെയ്യുന്നത് ഇതാണ്. ഈ അധമരാഷ്ട്രീയത്തിന് കോടതിയുടെ അനുമതി നേടാനാണ് ഹര്‍ജിയുമായെത്തിയത്. ഇപ്പോള്‍ രാജ്യത്ത് നിങ്ങളാണ് അധികാരത്തിലുള്ളത്. നിങ്ങള്‍ക്ക് അഴിമതി നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യാം. ഞങ്ങള്‍ അതിലിടപെടാന്‍ പോകുന്നില്ല. പക്ഷേ ഞങ്ങള്‍ മുന്‍കാലങ്ങളില്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതും നടത്താന്‍ ഉദ്ദേശിക്കുന്നതുമായ അഴിമതി അന്വേഷിക്കാനോ തടയാനോ പാടില്ല. ഇതാണ് ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പ്രതിപക്ഷ പാര്‍ട്ടികള്‍ പറയാതെ പറയുന്നത്. ഇതിന് അനുവദിക്കാത്തതാണ് മോദി മോശക്കാരനാവാന്‍ കാരണം. അഴിമതിക്കേസുകളില്‍പ്പെടുന്നത് ഏത് ഉന്നതനായാലും ശക്തമായ നടപടികളെടുക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഇക്കഴിഞ്ഞ ദിവസം സിബിഐയുടെ സമ്മേളനത്തില്‍ ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. ഇതുതന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജികള്‍ തള്ളി പരമോന്നത കോടതിയും പ്രഖ്യാപിച്ചിരിക്കുന്നത്. അഴിമതിക്കാരുടെ ‘മഹാഗഢ്ബന്ധന്’ വിജയിക്കാന്‍ പോകുന്നില്ലെന്നും അതിന് അനുവദിക്കുന്ന പ്രശ്നമില്ലെന്നുമാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: