മലയാളത്തിന്റെ പ്രിയ നടന് ഇന്നസെന്റ് മരിച്ചത് കാന്‍സര്‍ രോഗബാധകൊണ്ടല്ലെന്നും, മരണകാരണമായത് കൊവിഡ് മൂലമുള്ള ഗുരുതരാവസ്ഥയാണെന്നും ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തിയത് എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. കൊവിഡ് മഹാമാരി പൂര്‍ണമായും നമ്മെ വിട്ടുപിരിഞ്ഞിട്ടില്ലെന്നും, പ്രതിരോധ കുത്തിവയ്പ്പിന്റെയും മറ്റും ഫലമായി അത് താല്‍ക്കാലികമായി പിന്‍വാങ്ങുകയാണ് ചെയ്തിട്ടുള്ളതെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാന്‍സര്‍ രോഗിയായിരുന്ന ഇന്നസെന്റിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ വേറെയും മരണങ്ങള് സംഭവിക്കുമ്പോള്‍ അത് അവരെ ബാധിച്ചിട്ടുള്ള മറ്റു രോഗങ്ങള്‍കൊണ്ടാണെന്ന് തെറ്റിദ്ധരിക്കാനിടവരുന്നുണ്ട്. യഥാര്‍ത്ഥ വില്ലന്‍ കൊവിഡാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതി. ഒരിടവേളയ്ക്കുശേഷം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും, സജീവ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് ആറ് മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്കാണിതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ അറിയിച്ചിരിക്കുന്നു. വളരെ ഗൗരവത്തിലെടുക്കേണ്ട സ്ഥിതിവിശേഷമാണിത്. ഈ സാഹചര്യത്തില്‍ സ്ഥിതി അവലോകനം ചെയ്യാന്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ആഗോളതലത്തിലും രാജ്യത്തും കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ വിവരങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ജാഗ്രത കൈവിടാന്‍ സമയമായിട്ടില്ലെന്നും, ആശുപത്രികളില്‍ രോഗികളും ആരോഗ്യപ്രവര്‍ത്തകരും മാസ്ക് ധരിക്കണമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ആളുകള്‍ കൂട്ടംകൂടുന്നിടത്ത് പ്രായമായവര്‍ മാസ്ക് ധരിക്കുന്നത് ഉചിതമായിരിക്കുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. പരിശോധന കാര്യക്ഷമമാക്കി രോഗം കണ്ടെത്തി ചികിത്സിക്കുന്നതും, പ്രതിരോധ കുത്തിവയ്പ്പും തുടരണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി.
കൊവിഡ് മഹാമാരി അകന്നുപോയിട്ടില്ലാത്തതിനാല്‍ മരുന്നുകളുടെ ലഭ്യതയും ആശുപത്രി സംവിധാനവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും, രോഗവ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ ദിനംപ്രതി നിരീക്ഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞത് ഗൗരവത്തിലെടുക്കണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ഇതനുസരിച്ച് അണുബാധ കണ്ടെത്തിയാലല്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. മറ്റു രോഗങ്ങള്‍ മൂലമാണോ കൊവിഡ് രോഗികള്‍ക്ക് അണുബാധയുണ്ടാകുന്നതെന്നും പരിശോധിക്കണം. കൊവിഡ് രോഗം തീവ്രമല്ലെങ്കില്‍ ലക്ഷണങ്ങള്‍ കാണണമെന്നില്ല. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും മാസ്ക് ധരിക്കേണ്ടതിന്റെയും ആവശ്യം മാര്‍ഗനിര്‍ദ്ദേശത്തില്‍ ഊന്നിപ്പറയുന്നുണ്ട്. അഞ്ച് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ശ്വാസതടസ്സമോ കടുത്ത പനിയോ ചുമയോ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടണം. കൊവിഡ് പ്രതിരോധത്തില്‍ ജാഗ്രത തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതുകയുണ്ടായി. ഈ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് പരിശോധനയും ചികിത്സയും കാര്യക്ഷമമാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. രോഗവ്യാപനം പ്രാദേശികതലത്തില്‍ അടക്കിനിര്‍ത്തി പ്രതിരോധത്തില്‍ കൈവരിച്ച നേട്ടം നിലനിര്‍ത്താനാണിത്. സ്ഥിതിവിശേഷം താഴെത്തട്ടില്‍ സൂക്ഷ്മതലത്തില്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ കാലതാമസം വരുത്താതെ സ്വീകരിക്കണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളോട് സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നും പറയുകയുണ്ടായി.
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളമാണ് മുന്നിലെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്താകെയുള്ള കൊവിഡ് ബാധിതരില്‍ 26ശതമാനത്തിലേറെയും കേരളത്തിലാണ്. രണ്ടാം സ്ഥാനത്താണ് മഹാരാഷ്ട്ര. ഇത് വളരെ ആശങ്ക ജനിപ്പിക്കുന്നു. കൊവിഡ് മഹാമാരിയുടെ ഒന്നും രണ്ടും തരംഗകാലത്ത് ഏറ്റവും കൂടുതല്‍ രോഗികളുണ്ടായ സംസ്ഥാനങ്ങളിലൊന്നായിരുന്നു മഹാരാഷ്ട്ര. മുംബൈയിലെ ചേരിപ്രദേശത്തെ രോഗവ്യാപനം നിയന്ത്രിക്കാനാവാത്ത സ്ഥിതിയുണ്ടായി. മഹാരാഷ്ട്രയെ അപേക്ഷിച്ച് ജനസംഖ്യ വളരെ കുറവായിരുന്നിട്ടും മരണസംഖ്യയുടെ കാര്യത്തില്‍ തൊട്ടുപിന്നില്‍ കേരളമായിരുന്നു. കേരളത്തിന്റെ കൊവിഡ് പ്രതിരോധം മൂന്നാംലോകത്തിനു തന്നെ മാതൃകയാണെന്ന പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്, മനുഷ്യരുടെ ജീവന് രക്ഷിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരായ പ്രതിഷേധങ്ങളെ നേരിടാന്‍ ആളുകള്‍ കൂട്ടംകൂടരുതെന്ന കൊവിഡ് പ്രതിരോധം മറയാക്കിയെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ അലസ സമീപനമാണ് സ്വീകരിച്ചത്. മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതില്‍ ആരോഗ്യവകുപ്പ് യാതൊരു താല്‍പ്പര്യവും കാണിച്ചില്ല. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുന്നതിന് വൈമനസ്യം കാണിച്ച സംസ്ഥാന സര്‍ക്കാര്‍, ഇതിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുകയായിരുന്നു. ഇതിന്റെയൊക്കെ അനന്തരഫലമാണ് രോഗബാധിതരുടെ വന്‍വര്‍ധന. കൊവിഡ് രോഗികളുടെ എണ്ണം പുറത്തുവിടാതിരിക്കുന്ന ആരോഗ്യവകുപ്പിന്റെ സമീപനം നിഷേധാത്മകമാണ്. ഭരണപരാജയം മൂടിവയ്ക്കാന്‍ ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാത്തത് ഒരുനിലയ്ക്കും അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: