വയനാട്ടിലെ എംപിയായിരുന്ന രാഹുലിന് കിടക്കാനിടമില്ലാതായി. ദല്‍ഹിയില്‍ വീടൊഴിയുന്ന തിരക്കിലാണ് രാഹുല്‍. 12 തുഗ്ലക്കാബാദിലെ വസതി ഒരുമാസത്തിനകം ഒഴിയണമെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വെറുംനിയമപരമായ നടപടി. ഇതുപകപോക്കലെന്ന് കോണ്‍ഗ്രസും ഒപ്പമുള്ളവരും. അമ്മ സോണിയയോടൊപ്പമായിരുന്നു താമസം. 2004 ലാണ് തുഗ്ലക്കാബാദിലേക്ക് മാറിയത്. ഏപ്രില്‍ 22നകം വിടൊഴിയുമെന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുലിനെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് നരേന്ദ്രമോദിയുടെ ശ്രമമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വാദം. അതേ സമയം തനിക്കാരെയും ഭയമില്ലെന്നും ആരുടെ മുമ്പിലും മാപ്പുപറയില്ലെന്നുമാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്.
എനിക്കാരെയും ഭയമില്ലെന്ന് ഒരുപൊതുപ്രവര്ത്തകന് ചേര്‍ന്നവാക്കല്ല. വീട്ടിലെ തൂണിനെയെങ്കിലും ഭയക്കണമെന്നാണ് പണ്ടേക്ക് പണ്ടേ പഴമക്കാര്‍ പറയുന്നത്. ഭയക്കേണ്ടവരെ ഭയന്നേ പറ്റൂ. പോട്ടെ അതയാളുടെ നിലപാട്. രണ്ടുവര്‍ഷം ശിക്ഷ ലഭിച്ചാല്‍ ലോക്സഭാംഗത്വം നിലനില്ക്കില്ലാ എന്നത് ഏത് കണ്ണുപൊട്ടനും അറിവുള്ളതല്ലെ. അയോഗ്യനാക്കിക്കഴിഞ്ഞാല്‍ വീടൊഴിയാനുള്ള നോട്ടീസ് നല്‍കേണ്ടത് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ജോലിയല്ലെ? അതിന് നരേന്ദ്രമോദി എന്തുപിഴച്ചു. വായില്‍വന്നത് കോതക്ക് പാട്ടെന്നപോലെ കള്ളപ്രചാരണം തട്ടിമൂളിക്കുകയാണ്. നരേന്ദ്രമോദിയോട് ചോദിച്ചുകൊണ്ടേയിരിക്കുമെന്നാണ് പറയുന്നത്. എന്താണ് ചോദ്യം? അദാനിയും നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധമെന്ത്, എന്നതാണ് ചോദ്യം. അസ്സല് ചോദ്യം.
അതറിയില്ലെ. നരേന്ദ്രമോദിയുടെ അളിയനല്ലെ അദാനി? അതിനുമുമ്പ് രാഹുല്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതല്ലെ. ആദാനിയും റോബര്‍ട്ട് വധേരയും തമ്മിലെന്താണ് ബന്ധം? ആദാനിയും അശോക് ഗഹലോട്ടും തമ്മിലെന്താണ് ബന്ധം? അദാനിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഇവരൊക്കെയുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണല്ലൊ. അതുകൊണ്ട് ചോദിച്ചതാ. ഗുജറാത്തിലെ തുറമുഖങ്ങള്‍ ആദാനിയാണല്ലോ പരിപാലിക്കുന്നത്. അത് നല്കിയതാരാണ്. ചുമ്മാകളിക്കാനിട്ട പന്തലാണോ ഇതൊക്കെ.
എല്ലാം പൊതുമേഖലയില്‍ മതി എന്ന ചിന്ത ബിജെപിക്കില്ല. അതുകൊണ്ടുതന്നെ നരേന്ദ്രമോദിക്കു അങ്ങിനെയൊരു ചിന്തവരാന്‍ സാധ്യത തീരെയില്ല. അദാനിയുടെ നേരായ മാര്‍ഗങ്ങള്‍ക്ക് നരേന്ദ്രമോദി എതിരു നില്‍ക്കില്ല. അതല്ല, വളഞ്ഞ വഴിക്ക് വന്നാല്‍ അദാനിയല്ല അയാളുടെ തന്തയാണെങ്കില് പോലും വിടില്ല, പിടിവീഴും. ഇപ്പോള്‍ തന്നെ കേന്ദ്ര ഏജന്‍സികളുടെ പണികാണുന്നില്ലേ. അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരെ എട്ടിന്റെ പണിയല്ലെ കൊടുത്തുകൊണ്ടിരിക്കുന്നത്. അതിനെതിരെയല്ലെ എല്ലാ പ്രതിപക്ഷവും ചേര്‍ന്ന് കോടതിയില്‍ പോയിരിക്കുന്നത്. സത്യമറിയുന്ന കോടതികളൊന്നുപോലും അതിനെതിരെ നടപടിയെടുക്കുമെന്ന് തോന്നുന്നില്ല.
അതവിടെ നില്ക്കട്ടെ. 18 പാര്‍ട്ടികളുടെ പിന്തുണയുടെ ഉറപ്പിലാണല്ലോ ഇപ്പോള്‍ ഫണം വിടര്‍ത്തുന്നത്. കേരളത്തിലെ മാര്‍ക്സിസ്റ്റുകാരും ഇപ്പോള്‍ രാഹുല്‍ സിന്ദാബാദ് വിളിയിലാണ്. കഴിഞ്ഞദിവസം ഒരു ചിത്രം കണ്ടു. പാര്‍ലമെന്റ് റാലിയില്‍ പങ്കെടുത്ത എം.പിമാരുടെ ചിത്രം. അറസ്റ്റുചെയ്ത് ബസില്‍ കയറ്റിക്കൊണ്ടുപോകുന്ന ചിത്രം. ചിത്രത്തില്‍ രാജ്യാസഭാംഗങ്ങളായ ഡോ. ശിവദാസുണ്ട്. എ.എ.റഹീമുമുണ്ട്. അദാനി-മോദി ബന്ധം അന്വേഷിക്കാന്‍ ജെപിസി വേണമെന്നും രാഹുല്‍ സിന്ദാബാദെന്നും വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കുന്നു. എന്താ അല്ലേ. അതിനിടയിലാണ് വയനാടിനെക്കുറിച്ച് ഓര്‍ത്തുപോയത്. രാഹുലിന്റെ വയനാട്ടിലെ എംപി ഓഫീസ് നൂറോളം വരുന്ന എസ്എഫ്ഐക്കാര്‍ കുതിച്ചെത്തി അടിച്ചുതകര്‍ത്തു. എട്ടുപരെ അറസ്റ്റുചെയ്തു. കേസ് കോടതിയിലാണ്. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു അത്. ഓഫീസിലെ രാഹുലിന്റെ ഇരിപ്പിടത്തില്‍ ഒരു വാഴനടുകയുണ്ടായി. ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത എംപിയായിരുന്നു രാഹുലെന്ന് സ്ഥാപിക്കാനായിരുന്നു ഈ നടപടി. വിഷയം ബഫര്‍ സോണ്‍ തന്നെയായിരുന്നല്ലൊ.
ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറിയതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്കും പരിക്കുണ്ട്. എസ്പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ ഏറെ നേരം നിലനിന്നു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ വലിച്ചുകീറി. രാഹുലിന്റെ ഓഫീസ്സ്റ്റാഫ് അഗസ്റ്റിന് പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്റിന്റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാവും ആവശ്യപ്പെടുകയുണ്ടായി.
പരിസ്ഥിതി ദുര്‍ബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ കണ്ടതുമില്ല കേട്ടതുമില്ല. അതുസംബന്ധിച്ച് പാര്‍ലമെന്റില്‍ മിണ്ടിയതുമില്ല. മലബാറില്‍ നിന്നുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ രാഹുല്‍, വയനാട്ടിലെ സാഹചര്യം വിലയിരുത്തുന്നതായി പറയുന്നു. നിര്‍ദ്ദേശത്തില്‍ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ അറിയിച്ചതാണ്. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നിട്ടുള്ളത്. ബഫര്‍ സോണ്‍ കൂടുതല്‍ ബാധിക്കുന്ന വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടന്നത്.
വയനാട്ടില്‍ കല്പറ്റയിലെ ഓഫീസ് ലങ്കയിലെത്തിയ വാനരന്മാരെപോലെ തകര്‍ത്താടിയ എസ്എഫ്ഐക്കാര്‍ പിന്‍വാങ്ങിയ ശേഷമുള്ള സംഭവമാണ് അതിലും അതിശയിപ്പിക്കുന്നത്. ഓഫീസില്‍ ചുമരില്‍ തൂക്കിയ ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് തല്ലിത്തകര്‍ത്തു. എസ്എഫ്ഐക്കാരാണിതൊക്കെ ചെയ്തതെന്നാണ് കോണ്‍ഗ്രസുകാര്‍ പറഞ്ഞത്. പോലീസ് അന്വേഷിച്ചപ്പോഴല്ലെ സംഗതിയുടെ ഗുട്ടന്‍സ് അറിയുന്നത്. ഇതുസംബന്ധിച്ച് നാല് കോണ്‍ഗ്രസുകാരെയാണ് അറസ്റ്റുചെയ്തത്. ഇനി എന്തിനാണ് ആ കേസും ഗുണ്ടാമണ്ടിയുമൊക്കെ. ആ കേസൊക്കെ ഒതുക്കിക്കൂടേ സാര്‍ എന്നാണ് വനാട്ടില്‍ നിന്നുയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: