മുംബൈ: ഹിന്ദു നേതാവ് വീര്‍ സവര്‍ക്കറെ പരിഹസിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മഹാരാഷ്‌ട്രയില്‍ പ്രതിഷേധം പുകയുന്നു. വീര്‍ സവര്‍ക്കറെപ്പോലെ തനിക്ക് നുണ പറയാന്‍ കഴിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. ഇത് മൂലം ശിവസേന നേതാവ് ഉദ്ധവ് താക്കറെ പോലും കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിയ്‌ക്കും പിന്തുണ നല്‍കാനാവാത്ത വിധം പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്.
തിങ്കളാഴ്ച നടന്ന പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ യോഗം ഉദ്ധവ് താക്കറെ ബഹിഷ്കരിച്ചിരിക്കുകയാണ്. വീര്‍ സവര്‍ക്കറെ വിമര്‍ശിക്കുന്നത് ദേശദ്രോഹകുറ്റമാണെന്ന വിമര്‍ശനമാണ് മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ അഭിപ്രായപ്പെട്ടത്. വീര്‍ സവര്‍ക്കറെ വിമര്‍ശിക്കാന്‍ മാത്രം ആരാണ് രാഹുല്‍? രാഹുലിന് തക്കതായ ശിക്ഷ നല്‍കണമെന്നും ഏക്നാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടു. ശിവസേന ഷിന്‍ഡേ വിഭാഗം നേതാക്കളും ബിജെപി നേതാക്കളും രാഹുല്‍ ഗാന്ധിയുടെ പടത്തില്‍ ഷൂ കൊണ്ട് അടിച്ചിരുന്നു. ഇതിനെതിരെ മഹാരാഷ്‌ട്ര നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയപ്പോള്‍ വീര്‍ സവര്‍ക്കറെ വിമര്‍ശിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു ഏക് നാഥ് ഷിന്‍ഡെയുടെ മറുപടി.
രാഹുല്‍ ഗാന്ധിയല്ല, ഇത് രാഹുല്‍ ഗണ്ഡകി (അഴുക്കു രാഹുല്‍) ആണെന്ന് ബിജെപി നേതാവ് പൂനം മഹാജന്‍ പ്രതികരിച്ചു. വീര്‍ സവര്‍ക്കറെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിയ്‌ക്കെതിരെ നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പൂനം മഹാജന്‍. “രാഹുല്‍ഗാന്ധി പറയുന്നത് താന്‍ സവര്‍ക്കര്‍ അല്ലെന്നാണ്. രാഹുല്‍ ഗാന്ധിക്ക് ഒരിയ്‌ക്കലും വീര്‍ സവര്‍ക്കര്‍ ആകാന്‍ കഴിയില്ല. അദ്ദേഹം ഒരു ഗാന്ധി പോലുമല്ല.” – പൂനം മഹാജന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി രാജ്യത്തെ മുഴുവന്‍ അഴുക്കിലേക്കും മാലിന്യത്തിലേക്കും നയിക്കുകയാണെന്നും പൂനം മഹാജന്‍ കുറ്റപ്പെടുത്തി.
എന്ത് പ്രശ്നത്തിലും മോദിയ്‌ക്കെതിരെ കുരച്ചുചാടുന്ന ശിവസേന വക്താവ് സഞ്ജയ് റാവുത്ത് പോലും ഈ വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്. “രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തെറ്റായിപ്പോയി. വീര്‍ സവര്‍ക്കറുടെ പേര് വലിച്ചിഴക്കേണ്ടിയിരുന്നില്ല. വീര്‍ സവര്‍ക്കറും ശിവജി മഹാരാജും ഞങ്ങളുടെ സമരത്തിന്റെ പ്രചോദനമാണ്. “- സഞ്ജയ് റാവുത്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: