നാല്‍പ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യം കടന്നുപോയ കനല്വഴിയായ അടിയന്തരാവസ്ഥയുടെ തീവ്രവും തീഷ്ണവുമായ അനുഭവങ്ങള്ക്കിരയായവരുടെ ജില്ലതോറുമുള്ള സമ്മേളനങ്ങള്‍, അടിയന്തരാവസ്ഥാ പീഡിതരുടെ സംഘടനയായ എമര്‍ജന്‍സി വിക്ടിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരികയാണല്ലോ. ആ കാലഘട്ടത്തിന്റെ ആരംഭത്തില്‍ കോഴിക്കോട്ട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്ന ഈ ലേഖകന്‍ കഴിഞ്ഞ ആഴ്ച അവിടെ നടന്ന സമ്മേളനത്തില്‍ കുടുംബസഹിതം പങ്കെടുക്കാന്‍ അവസരമുണ്ടായി. നഗരത്തിന്റെ ഹൃദയഭാഗത്തെന്നു കരുതാവുന്ന ചാലപ്പുറത്തെ കേസരിഭവനിലെ രംഗശാലയിലായിരുന്നു പൂജനീയ സ്വാമി ചിദാനന്ദപുരി മഹാരാജ് ഉദ്ഘാടനകര്‍മത്തിലൂടെ അനുഗ്രഹം ചൊരിഞ്ഞ ആ ചടങ്ങു നടന്നത്. സംഘത്തിന്റെ പ്രാന്തകാര്യവാഹ് ഈശ്വര്‍ജിയും ആദ്യാവസാനം സന്നിഹിതനായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ രാജ്യവ്യാപക സംഘര്‍ഷത്തിന് നട്ടെല്ലായി നിന്നതു സംഘം തന്നെയായിരുന്നല്ലൊ. ആ കാലത്തു സജീവമായി രംഗത്ത് പടപൊരുതിയവരുടെ അനുഭവങ്ങള്‍ വിവരിക്കുന്ന ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം സ്വാമിജിയുടെ തൃക്കൈകള്‍കൊണ്ടുതന്നെ അവിടെ നിര്‍വഹിക്കപ്പെട്ടു. അടിയന്തരാവസ്ഥയുടെ തീവ്രവും കഠിനവുമായ അനുഭവങ്ങളിലൂടെ കടന്നുപോയവരെക്കൊണ്ടും പില്ക്കാല തലമുറയില്പ്പെട്ടവരെക്കൊണ്ടും ആ രംഗശാല നിറഞ്ഞുകവിഞ്ഞിരുന്നു.
അടിയന്തരാവസ്ഥാ പ്രഖ്യാപനവും തുടര്‍ന്നുള്ള നടപടികളുമുണ്ടായത് എന്റെ ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടത്തിലായിരുന്നു. പ്രചാരകനെന്ന നിലയ്ക്ക് പത്തുവര്‍ഷക്കാലം സംഘത്തിന്റെ സാധാരണ ചുമതല നിര്‍വഹിച്ചശേഷം 1967 മുതല്‍ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചുവരവേ മാധ്യമരംഗത്തു പ്രവേശിക്കാന്‍ നിര്‍ദേശം ലഭിച്ച്, ജന്മഭൂമിയുടെ പ്രാരംഭകാര്യങ്ങളില് ഏര്‍പ്പെട്ടു കഴിയുകയായിരുന്നു. അതിനായി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ യു. ദത്താത്രയറാവു മുന്‍കയ്യെടുത്ത് മാതൃകാപ്രചരണാലയം എന്ന കമ്പനി രജിസ്റ്റര്‍ ചെയ്ത് ധനസമാഹരണം ആരംഭിച്ചിരുന്നു. ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗതയില്‍ അതു മുന്നോട്ടു പോകവേ സായാഹ്നപതിപ്പായി തുടങ്ങിയാല്‍ ഗതിവേഗം കൂട്ടാമെന്നഭിപ്രായമുണ്ടാകുകയും, അതിനുത്സാഹിക്കുകയുമായിരുന്നു. ‘കണ്ണൂരിന്റെ പത്രാധിപരാ’യിരുന്ന പി.വി.കെ. നെടുങ്ങാടി പത്രാധിപത്യം ഏറ്റെടുക്കാന്‍ തയാറായി. 1948 ലെ സംഘനിരോധക്കാലത്ത് ‘ആര്‍എസ്എസ് എന്ത് എന്തിന്’ എന്ന ലഘുപുസ്തകം എഴുതി പ്രതാപ് പ്രസിദ്ധീകരണത്തിന്റെതായി പ്രസിദ്ധീകരിച്ചതാണ്, എന്റെ അറിവില്‍പ്പെട്ടിടത്തോളം ആദ്യസംഘ സാഹിത്യം. ‘രാമസിംഹന് മുതല്‍ ശബരിമലവരെ’ എന്നൊരു പുസ്തകവും അദ്ദേഹം കൊച്ചിയില്‍നിന്നു പുറത്തിറക്കി.
ജന്മഭൂമി കോഴിക്കോട്ടുനിന്നും പുറത്തിറങ്ങിയപ്പോള്‍ പത്രമായി. പുത്തൂര്‍ മഠം ചന്ദ്രന്, സിദ്ധാര്ത്ഥന്, പി.ടി. ഉണ്ണിമാധവന് എന്നിവരും മറ്റനേകം യുവപ്രവര്‍ത്തകരും അതിനു താങ്ങായി മുന്നോട്ടു വന്നു. മലയാള മനോരമ പത്രാധിപര്‍ മുര്‍ക്കോത്തു കുഞ്ഞപ്പ, മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോന്, വി.എം.കൊറാത്ത് എന്നിവരടക്കം ജന്മഭൂമിയെ തുടര്‍ന്ന് അനുഗ്രഹിച്ചുകൊണ്ടിരുന്നു. പത്രം രണ്ടാംമാസത്തിലേക്കു പ്രവേശിച്ചതിനിടെ അടിയന്തരാവസ്ഥ നിലവില്‍ വന്നത് ജൂണ്‍ 25-26 നായിരുന്നല്ലൊ. തുടര്‍ന്ന് ഒരാഴ്ചകൂടി പത്രമിറങ്ങി. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ആന്റണി, അടിയന്തരാവസ്ഥയോടെ ഇന്ദിരാവിരുദ്ധരെ മുഴുവന്‍ തകര്‍ത്തുകളയുമെന്ന ഭീഷണി മുഴക്കിയൊരു പ്രസംഗം ചെയ്തിരുന്നു. തുടര്‍ന്നു കെപിസിസി പ്രസിഡന്റിന്റെ ‘പാറ്റിവെടി’ എന്ന മുഖപ്രസംഗം നെടുങ്ങാടി എഴുതി. ജന്മഭൂമി കാര്യാലയത്തിലെ പോലീസ് നടപടിക്കും നെടുങ്ങാടിയുടെ അറസ്റ്റിനും പെട്ടെന്നുണ്ടായ കാരണം അതാണെന്ന് ഒരു എസ്ഐ പിന്നീട് എന്നോടു പറയുകയുണ്ടായി. ആ ഉദ്യോഗസ്ഥന് അടിയന്തരാവസ്ഥ കാലത്തുതന്നെ റിട്ടയര്‍ ചെയ്യുകയും, പിന്നീട് ജനസംഘത്തിന്റെ ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റാക്കുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത് അവിടെ ജില്ലാ പ്രചാരകനായിരുന്ന പി. വാസുദേവന്‍, സമ്മേളന വേദിയില്‍ എന്റെ അടുത്തിരുന്നു. സംഘപ്രചാരകനായും പിന്നീട് ജനസംഘ സംഘടനാകാര്യദര്ശിയായും ജില്ലയില്‍ പ്രവര്‍ത്തിച്ച കാലത്തെ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ കിട്ടിയ അവസരങ്ങളിലെല്ലാം അടുത്തുവന്ന് പഴയ സ്മരണകള്‍ ഓര്‍മിപ്പിച്ചു. അത്തരം ചിലരുടെ മക്കളും കൊച്ചുമക്കളും ആ കൂട്ടത്തിലുണ്ടായിരുന്നു. ബാലുശ്ശേരി, പേരാമ്പ്ര, ഉള്ള്യേരി, കുന്ദമംഗലം, മാവൂര്‍, വടകര മുതലായ സ്ഥലങ്ങളിലെ സാധാരണ സ്വയംസേവകരായിരുന്നവരുടെ സന്തോഷാധിക്യത്താല്‍ വാക്കുകള്‍ മുട്ടിനിന്ന അവസ്ഥ അതീവവികാരങ്ങള് ജ്വലിപ്പിക്കുന്നതായി തോന്നി.
പകലിരുളുകയും കരള്‍ പിളരുകയും ചെയ്ത അക്കാലത്ത് കോഴിക്കോട്ടുനിന്നും പുറത്തു പ്രചാരകന്മാരായും ജോലിക്കായും, അതുപോലെ മറ്റു സ്ഥലങ്ങളില്‍നിന്ന് അവിടെ വന്ന് പോരാട്ടത്തിനിറങ്ങുകയും പീഡനമനുഭവിക്കുകയും ചെയ്തവരെക്കുറിച്ചു പുസ്തകത്തില്‍ വേണ്ടത്ര പരാമര്‍ശമുണ്ടായില്ല എന്നുകണ്ടു. പിലാശ്ശേരിക്കാരന്‍ ശിവദാസ്, സ്റ്റേജില്‍ തന്നെയുണ്ടായിരുന്ന അന്നാട്ടുകാരന്‍ ശ്രീനിവാസന് തൃശ്ശിവപേരൂര്‍ ജില്ലാ സംഘടനാ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചിരുന്നു. അവിടെ മക്കളുടെ കൂടെ താമസിക്കുകയാണ്. പയ്യോളി ശാഖയില്‍നിന്നു പ്രചാരകനായി പല സ്ഥലങ്ങളിലും പ്രവര്‍ത്തിച്ച വളപ്പില്‍ കൃഷ്ണന് തൃശ്ശിവപേരൂരിലെ ജില്ലാകാര്യവാഹായും മറ്റു പല ചുമതലകളും നിര്‍വഹിച്ചു. മിസാതടവുകാരനായി വിയൂരും പൂജപ്പുരയിലും കഴിഞ്ഞു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് കണ്ണൂര്‍ ജയിലിലും കിടന്നു. അദ്ദേഹം ഏഴു പതിറ്റാണ്ടിന്റെ സംഘജീവിതമെന്ന പേരില്‍ 400 പേജുകള്‍ വരുന്ന സ്വാനുഭവം പ്രസിദ്ധം ചെയ്തിട്ടുണ്ട്.
തൊടുപുഴക്കാരന് കെ.എസ്. സോമനാഥന് ജയില്‍ ജീവിതത്തിനുശേഷം വടകര താലൂക്കില്‍ പ്രചാരകനായിരുന്നു. കോഴിക്കോട്ടു വന്നപ്പോള്‍ കാണാന്‍ കഴിയാഞ്ഞത് പുത്തൂര്‍ മഠം ചന്ദ്രനെയാണ്. ജന്മഭൂമിയുടെ തുടക്കത്തില്‍ അതിന്റെ നടത്തിപ്പുകാര്യങ്ങള്‍ വളരെ ഭംഗിയായി നടത്തിവന്ന അദ്ദേഹം, അടിയന്തരാവസ്ഥക്കെതിരായ പ്രവര്‍ത്തനങ്ങളുടെ സംഘാടനത്തിലും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ജയിലില്‍നിന്ന് കേസിന്റെ അവധിക്കു കോടതിയില്‍ കൊണ്ടുവരുന്നവര്‍ക്ക് വേണ്ടതായ സഹായങ്ങളും ഒത്താശകളും ചെയ്തതദ്ദേഹമായിരുന്നു. ജന്മഭൂമി എറണാകുളത്താരംഭിച്ച് ആറുവര്‍ഷം അതിന്റെ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചു. അതിനിടെ എഴുതിയ പിഎസ്സി ടെസ്റ്റ് ജയിക്കുകയും, പൊതുജനസമ്പര്‍ക്ക വകുപ്പില്‍ ജോലി കിട്ടുകയും ചെയ്തു.
ജന്മഭൂമിയിലിരിക്കെ പത്രപ്രവര്‍ത്തകരുടെ അഖിലേന്ത്യാ സമ്മേളനം യുപിയിലെ ഫൈസാബാദില്‍ നടന്നു. ഫൈസാബാദായത് അയോധ്യയാണ്. അവിടെ രാമജന്മസ്ഥാനം തകര്‍ത്ത് ബാബര്‍ നിര്‍മിച്ച പള്ളിയുണ്ട്, അതു കാണണം. അവിടത്തെ പിആര്‍ഡിയില്‍നിന്ന് അയോധ്യയെ സംബന്ധിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ വാങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് പുത്തൂര്‍ മഠത്തിനെ അയച്ചത്. അയോധ്യയിലെ ആ കെട്ടിടത്തില്‍ ശ്രീരാമവിഗ്രഹം സ്ഥാപിച്ച് ആരാധന നടത്താന്‍ അനുമതി നല്‍കിയത് അമ്പലപ്പുഴക്കാരനായ കളക്ടര്‍ കെ.കെ. നായരായിരുന്നു. അദ്ദേഹത്തിന്റെ ചിത്രം ചുവരില്‍ തൂക്കി ശ്രീരാമനോടൊപ്പം ആളുകള്‍ പൂജിക്കുന്നുണ്ടെന്നു ചന്ദ്രന് കണ്ടെത്തി. മടങ്ങിവന്നശേഷം ജന്മഭൂമിയില് 36 ലക്കത്തില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതി. മലയാളത്തില്‍ അയോധ്യയെ സംബന്ധിച്ച ഒരേഒരു പരമ്പര ജന്മഭൂമിയിലേതായിരുന്നു. മറ്റുള്ള പത്രക്കാര് പ്രാധാന്യം നല്‍കിയത് ലഖ്നൗ നവാബിനെ കീഴടക്കാന്‍ 1857 നു മുന്‍പ് ബ്രിട്ടീഷുകാര്‍ നടത്തിയ കുതന്ത്രങ്ങളെപ്പറ്റിയായിരുന്നു. അയോധ്യാപ്രശ്നം ചൂടായി വന്നപ്പോള്‍ എന്‍.വി. കൃഷ്ണവാര്യര്‍ നാലു ലേഖനങ്ങള്‍ കേരളശബ്ദത്തിലോ മറ്റോ എഴുതിയിരുന്നു. അതും പ്രക്ഷോഭം അയോധ്യയില്‍ മുറുകിവന്നപ്പോള്‍.
ഞങ്ങള്‍ കോഴിക്കോട്ടുനിന്നു മടങ്ങാനായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചന്ദ്രന് വിളിച്ചിരുന്നു. പനിമൂലമാണ് വരാത്തത് എന്നുപറഞ്ഞു. ജന്മഭൂമിയുടെ പതിപ്പ് കേസരി ഭവനില്‍ ആരംഭിച്ചതിന്റെ ചടങ്ങില്‍ അദ്ദേഹം സദസ്സില്‍ ഇരിക്കുന്നതു കാണാനേ കഴിഞ്ഞൂള്ളൂ.
വളരെ വര്‍ഷങ്ങള്‍ പ്രചാരകനായി കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിച്ച് അവിടത്തെ കുടുംബങ്ങളില്‍ അംഗത്തെപ്പോലെ ഇടംനേടിയ കാരയാട് ടി.കെ. ദാമോദരന്‍ പരിപാടിക്കുണ്ടാവുമെന്നു പ്രതീക്ഷിച്ചു. ഗൃഹസ്ഥനായി എങ്കിലും ഇപ്പോഴും ഇടയ്ക്കിടെ സമ്പര്ക്കമുണ്ടാകാറുണ്ട്. 1950 കളില്‍ രാമചന്ദ്രന് കര്‍ത്താ സാര്‍ പ്രചാരകനായിരുന്ന കാലം മുതല്‍ സംഘഗ്രാമമായതാണ് കാരയാട്. പ്രവര്‍ത്തിച്ച സ്ഥലങ്ങളിലൊക്കെ സംഘത്തിന്റെ സ്നേഹമുദ്ര പതിപ്പിച്ച അദ്ദേഹത്തെ കാണാമെന്ന പ്രതീക്ഷ ഫലവത്തായില്ല.
സംഘപഥം വളരെ വിശാലവും നീണ്ടതുമാണല്ലോ. ഇക്കുറിയത്തെ യാത്രയില്‍ അതിലെ ഒട്ടേറെ വഴിപോക്കരെ കാണാനും ഏതാനും വാക്കുകളും സ്നേഹവും കൈമാറാനും സാധിച്ചുവെന്നത് വലിയ ആനന്ദവും ചാരിതാര്‍ത്ഥ്യവും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: