തൃപ്പൂണിത്തുറ : അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നയാള്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ എസ്ഐ ജിമ്മി ജോസിനെ സസ്പെന്‍ഡ് ചെയ്തു. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.
ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനാണ് (53) ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഹില്‍പാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെയെത്തിച്ച് അധികം കഴിയും മുന്‍പേ മനോഹരന് കുഴഞ്ഞുവീണു. ഉടന്‍തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെവച്ച് മരണം സ്ഥിരീകരിച്ചെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ പോലീസ് കൈകാണിച്ചെങ്കിലും അല്പം മുന്നോട്ടു നീങ്ങിയാണ് മനോഹരന് വാഹനം നിര്‍ത്തിയത്. പോലീസ് ജീപ്പിന് സമീപം നില്‍ക്കുകയായിരുന്ന ഒരു പോലീസുകാരന് ഓടിയെത്തി ഹെല്‍മറ്റ് മാറ്റിയ ഉടനെ മനോഹരന്റെ മുഖത്തടിച്ചു എന്നാണ് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ നല്കുന്ന വിവരം. ‘കൈകാണിച്ചാല്‍ നിനക്കെന്താടാ വണ്ടി നിര്‍ത്തിക്കൂടെ’ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും പറയുന്നു. തുടര്‍ന്ന് പോലീസ് ജീപ്പില്‍വച്ചും പോലീസുകാര്‍ മനോഹരനെ മര്‍ദ്ദിച്ചതായാണ് ആരോപണം.
അതേസമയം മനോഹരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുമ്പിലാണ് മനോഹരന് കുഴഞ്ഞുവീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണെന്നുമാണ് ഹില്‍പാലസ് പോലീസ് അറിയിച്ചത്. സംഭവത്തില്‍ ഡിവൈഎസ്പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ എസ്ഐക്കെതിരെ മാത്രമാണ് നിലവിലിപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവ സമയത്ത് നാല് പോലീസുകാര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ക്കെതിരേയും നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: