പപ്പുമോന് വല്ലാത്തൊരു പുലിവാലുപിടിച്ചിരിക്കുകയാണ്. ഒരു കേസിന്റെ വിധിയെവന്നുള്ളൂ. ഇനിയും വിധിവരാന്‍ കേസുകള്‍ പലതുണ്ട്. അതിലൊന്നാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. അതില്‍ മകന് മാത്രമല്ല, അമ്മയും പ്രതിയാണ്. മോദി സമുദായത്തെ ആക്ഷേപിച്ചതിന്റെ പേരില്‍ തന്നെ പാറ്റ്നയില്‍ കേസുണ്ട്. ഗൗരിശങ്കര്‍ വധം: ആര്‍എസ്എസിന് പങ്കെന്ന പ്രസ്താവനയിലും കേസ് വിചാരണ കാക്കുന്നു. ഗാന്ധിവധം: പിന്നില്‍ ആര്‍എസ്എസ് ആണെന്ന കേസും ബാക്കിയുണ്ട്. ഒരു കേസില്‍ നിരുപാധികം മാപ്പെന്ന് പറഞ്ഞതിനാല്‍ കേസില്‍ നിന്നൊഴിഞ്ഞുകിട്ടി. റാഫേല്‍ കേസിലാണത്.
2019 ല്‍ ഫയല്‍ ചെയ്ത കേസിലാണ് സൂരത്ത് കോടതി ഇപ്പോള്‍ രാഹുലിനെ ശിക്ഷിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഗുജറാത്ത് ഹൈക്കോടതി കേസ് സ്റ്റേ ചെയ്തിരുന്നു. ഈ ഫെബ്രുവരിയില്‍ സ്റ്റേ നീങ്ങി. വിധിവന്നശേഷമാണ് അദ്ദേഹത്തിന്റെ വിചിത്രമായ പ്രതികരണമുണ്ടായത്. ‘സത്യമാണ് തന്റെ ദൈവം. അഹിംസാമാര്‍ഗത്തിലൂടെ സത്യത്തിലെത്തുമെന്നു’മുള്ള ഗാന്ധിജിയുടെ സൂക്തം ട്വീറ്റ് ചെയ്യുകയായിരുന്നു രാഹുല്‍. ‘ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച പാര്‍ട്ടിയാണെന്റേത്’ എന്ന അഹങ്കാരം എന്തിന്റേതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത് കോണ്‍ഗ്രസ് എന്നത് നേര്. ആ കോണ്‍ഗ്രസും രാഹുലും തമ്മിലെന്ത് ബന്ധം. ‘എന്റുപ്പുപ്പാക്ക് ഒരാനയുണ്ടായിരുന്നു’ എന്നുപറഞ്ഞതുപോലെയല്ലെ അത്. രാഹുലിന്റെ ഉപ്പൂപ്പ കോണ്‍ഗ്രസും സ്വാതന്ത്ര്യസമരസേനാനിയുമായിരിക്കാം. അതുകൊണ്ട് രാഹുലിന്റെ ചന്തിക്ക് തഴമ്പുണ്ടാകുമോ?
രാജ്ഗുരുവിനേയും ഭഗത്സിംഗിനേയും സുഖ്ദേവിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ദിവസമായിരുന്നു കോടതിവിധി. അവരും അവരോടൊപ്പമുള്ള ആയിരങ്ങളുമാണ് സ്വരാജ്യത്തിനായി പോരാടിയത്. അവരാരുടേയും ജാതിചൊല്ലി ആക്ഷേപിച്ചില്ല. മതം പറഞ്ഞ് പോരടിച്ചിട്ടില്ല. സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം അതുമാത്രമായിരുന്നു അവരുടെ മുദ്രാവാക്യം. ‘വന്ദേമാതരം’ എന്നതായിരുന്നു അവരുടെ മന്ത്രം. ഭാരത് മാതാകീ ജയ് എന്നതായിരുന്നു അവരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശബ്്ദം. മഹാത്മാഗാന്ധിയും വീരസവര്‍ക്കറും ലാലാലജ്പത് റായും മദന്‍മോഹന്‍മാളവ്യയും കേശവബലിറാം ഹെഡ്ഗെവാറും ഇഎംഎസും കെ.കേളപ്പനും വിഷ്ണു ഭാരതീയനുമെല്ലാം നയിച്ച കോണ്‍ഗ്രസാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നടത്തിയത്. അല്ലാതെ ബ്രിട്ടനില്‍ ചെന്ന് ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് പരാതി പറഞ്ഞ രാഹുലിന്റെ കോണ്‍ഗ്രസല്ല. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് അന്നേ ഗാന്ധിജി പറഞ്ഞതാണ്. അത് കേള്‍ക്കാന്‍ അന്നത്തെ അധികാരക്കൊതിയന്മാര് തയ്യാറായില്ല.
രാഹുലിനെ അകത്തിടുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലാപം. ജയിലില്‍ പോകേണ്ട പണി ചെയ്യുമ്പോഴാണ് അതോര്‍ക്കേണ്ടത്. നരേന്ദ്രമോദി, ലളിത മോദി, നീരവ് മോദി എന്നീ കള്ളന്മാര്ക്കെല്ലാം എങ്ങിനെ മോദി എന്നു പേരുവന്നു എന്നായിരുന്നു രാഹുലിന് അറിയേണ്ടത്. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ പ്രസംഗത്തിലാണ് ചോദ്യം. അതാണ് കേസായത്. ഒരുമാസം അപ്പീലിന് സമയം ലഭിച്ചതാണ് രക്ഷ. വിധി വന്നപ്പോള്‍ തന്നെ അയോഗ്യനായി. വയനാട്ടിലെ പാര്‍ലമെന്റംഗത്വവും പോകും. ആറുവര്‍ഷം മത്സരിക്കാനും പറ്റില്ല.
2013-ലെ ലില്ലി തോമസ് കേസ് വിധി പ്രകാരം അയോഗ്യത ഉടന്‍ നിലവില്‍ വരേണ്ടതാണ്. ഈ വിധി മറികടക്കാന്‍ അന്നുതന്നെ ബില്ല് തയ്യാറായിരുന്നു. അത് കീറിയെറിഞ്ഞ് മേനി നടിച്ച വിദ്വാനാണ് രാഹുല്‍. ഈ ബില്‍ ശുദ്ധ അസംബന്ധമാണെന്നായിരുന്നു രാഹുലിന്റെ നിലപാട്. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിദേശത്തായിരുന്നു. തുടര്‍ന്ന് നിയമനിര്‍മ്മാണം യുപിഎ സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ നിയമപ്രകാരം വിവിധ പാര്‍ട്ടികളിലെ നിരവധി പേര്‍ക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടു. അതേ നിയമപ്രകാരമാണ് രാഹുലിനും അംഗത്വം നഷ്ടപ്പെടാന്‍ പോകുന്നത്. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്നുപറഞ്ഞതു പോലെയാണ് കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ പെരുമാറ്റം. കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. അതിന് വ്യക്തവും ശക്തവുമായ കാരണങ്ങളുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി സര്‍ക്കാരിനെതിരെ കുരച്ചുചാടുന്നതെന്തിന് എന്ന ചോദ്യമാണ് പരക്കെ.
പാര്‍ലമെന്റില്‍ രാഹുലിന്റെ ശബ്ദം ഉയരാതിരിക്കാനുള്ള നീക്കമാണിതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. രാഹുല്‍ പാര്‍ലമെന്റിലല്ല എവിടെ വായതുറന്നാലും വിവരക്കേടെ പുറത്തുവരൂ. മോദി ഭരണത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ കല്‍ത്തുറുങ്കലിലടക്കാനാണ് നീക്കമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജനാധിപത്യ സംവിധാനത്തിന്റെ കറുത്ത അധ്യായമാണിതെന്ന് അടിയന്തിരാവസ്ഥയില്‍ അഴിഞ്ഞാടിയ കിങ്കരന്മാര് തന്നെ വാചാലമാകുമ്പോള്‍ വിസ്മയമാണുണ്ടാകുന്നത്. കേരളത്തില്‍ ഉപമുഖ്യമന്ത്രി. പിണറായി വിജയനും എം. സ്വരാജ് എംഎല്‍എയും രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ രംഗത്തുവന്നിരിക്കുന്നു. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് എതിര്‍ക്കുന്നത് ഫാസിസ്റ്റ് രീതിയാണെന്നാണ് പിണറായിയുടെ അധിക്ഷേപം. സൂരത്ത് കോടതി കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ ഒരുപകരണമാണെന്ന് ധരിച്ചമട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ കൂട്ടിലെ തത്തയെന്ന് വിശേഷിപ്പിച്ചത് സിപിഎം-കോണ്‍ഗ്രസ് ചേര്‍ന്ന് കേന്ദ്രം ഭരിച്ചപ്പോഴാണ്. ഇന്ന് ഏജന്‍സികള്‍ക്ക് സര്‍വതന്ത്ര സ്വതന്ത്ര അധികാരമുണ്ട്. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ അവര്‍ ശക്തമായ നടപടി സ്വീകരിക്കുന്നു. അതില്‍ വേവലാതിപ്പെട്ടിട്ടെന്തുകാര്യം.
രാഹുലിന് നിയമപിന്‍ബലം നല്കാന് അഞ്ചംഗ അഭിഭാഷകരെ നിശ്ചയിച്ചിട്ടുണ്ട്. പി. ചിദംബരവും അഭിഷേക്സിംഗ്ദേവും അവരുടെ കൂട്ടത്തിലുണ്ട്. അതിനിടെ രാഹുലിന് പിന്തുണ നല്കാന് 20 പ്രതിപക്ഷ പാര്‍ട്ടികളെ വിളിച്ച് യോഗം ചേര്‍ന്നപ്പോള്‍ അതില്‍ സിപിഎം അംഗം ഉള്‍പ്പെടെ 12 പാര്‍ട്ടികളേ എത്തിയുള്ളൂ. കേരളത്തിന് പുറത്ത് ഏത് അലവലാതിത്തരത്തിനൊപ്പവും സിപിഎം ഉള്ളതാണ് ഒരു സമാധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: