കൊച്ചി : റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ഫാരിസ് അബൂബക്കറിന്റെ വിശ്വസ്തന് നജീം അഹമ്മദിന്റെ ഫ്ളാറ്റ് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തു. ഫാരിസ് അബൂബക്കറിന്റെ ഓഫീസുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു രേഖയും ലഭിച്ചിരുന്നില്ല. വിശ്വസ്തരായ ഇടനിലക്കാരെ ബിനാമികളാക്കിയാണ് ഇയാള്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ കണ്ടെത്തലിലാണ് ആദായ നികുതി വകുപ്പിന്റെ ഈ നടപടി.
2008 മുതല്‍ കോടികളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളാണ് ഫാരിസ് കൊച്ചിയില്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഫാരിസിനു കള്ളപ്പണ നിക്ഷേപമുള്ള നഗരത്തിലെ പാര്‍പ്പിട പദ്ധതികളില്‍ ഇടനിലക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫ്ളാറ്റുകളിലാണു റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്. നജീമിന്റെ ഫ്ളാറ്റില്‍ നടത്തിയ തെരച്ചിലില്‍ ബിനാമി ഇടപാടുകളുടെ ഡിജിറ്റല്‍ രേഖകളും ഉപകരണങ്ങളും കണ്ടെത്തിയതിനു പിന്നാലെയാണ് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തത്. ചിലവന്നൂരിലെ ഫ്ളാറ്റിലെ വസ്തുവകകള്‍ അന്വേഷണ ഉദ്യോഗസ്ഥന്റ അറിവും സമ്മതവുമില്ലാതെ നീക്കം ചെയ്യരുതെന്നും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലായുള്ള ഫാരിസ് അബുബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ട്.
ഇതോടെ ഫാരിസ് അബൂബക്കറിനെതിരേയുള്ള ആദായ നികുതി വകുപ്പിന്റെ കുരുക്കുകള്‍ മുറുകുകയാണ്. നജീമിനെ കൂടാതെ നിരവധി ഇടനിലക്കാര്‍ ഫാരിസിന് കൊച്ചിയിലുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചെന്നൈയിലെ ആദായനികുതി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നജീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അന്വേഷണം നേരിടുന്ന ആലപ്പുഴ, എറണാകുളത്തെ പല സ്വത്തുക്കളും നിര്‍മാണ കമ്പനികളുടെ ഉടമസ്ഥതയിലാണ്. ഫാരിസുമായി ഇവര്‍ നടത്തിയ ഭൂമി ഇടപാടിന്റെ ശരിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പിഎംഎല്‍എ) നിയമപ്രകാരം ഇഡി കണ്ടുകെട്ടല്‍ നടപടികളിലേക്ക് പോകാനും സാധ്യതയുണ്ട്.
കൊച്ചിയിലെ നിര്‍മാണ കമ്പനിയുടെ മറവിലെത്തിയ 100 കോടി രൂപയുടെ ഉറവിടത്തിനായുള്ള അന്വേഷണമാണ് ഫാരിസ് അബൂബക്കറിലേക്ക് എത്തുകയും അത് നജീമിലേക്ക് നീളുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ട സുഹത്തും സഹായിയുമാണ് ഫാരിസെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: