കവിതയുടെ പൂക്കാലമാണിതെന്ന് തീര്‍ത്തു പറയാം. എവിടെ നോക്കിയാലും കവികളും കവിതകളുമാണല്ലോ. കവിത എഴുതുന്നവരും കവിത ചൊല്ലുന്നവരും മാത്രമല്ല, കവിത പാടുന്നവരും പറയുന്നവരുമുണ്ട്. മനസ്സിന്റെ ഏകാന്തതീവ്രമായ നിമിഷങ്ങളില്‍ വാര്ന്നുവീഴുന്ന കാവ്യാക്ഷരങ്ങളില്‍ അച്ചടിമഷി പുരണ്ടുകാണാന്‍ കാത്തുകാത്തിരുന്ന ഒരു കാലം എങ്ങോ പോയ്മറഞ്ഞു. ഇന്ന് സൈബറിടങ്ങളില്‍ സ്വന്തമായി കവിതയെഴുതാനും പ്രചരിപ്പിക്കാനും ആര്‍ക്കും കഴിയുന്നു. കവികളുടെ തിക്കും തിരക്കും കവിതകളുടെ എണ്ണത്തെ അനന്തതയിലേക്ക് നയിക്കുകയാണെന്നു തോന്നും. ഇതിനിടയില്‍ അര്‍ത്ഥവത്തായ കാവ്യവിചാരങ്ങളും അതിന് കാതോര്‍ക്കുന്നവരും വിരളം.
ഇതിനൊരു അപവാദമായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്ബില്‍ നടന്ന ഡോ. വി. സുജാതയുടെ ‘ഭൂമി ചൊല്ലുന്നത്’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ കേള്‍ക്കാന്‍ കഴിഞ്ഞ വാക്കുകള്‍.
വൃത്തമില്ലാതെയും അര്‍ത്ഥമില്ലാതെയുമുള്ള കവിതകളാണ് ഇപ്പോള്‍ അധികമെന്നും, വാക്കുകള്‍ ചേര്‍ത്തുവയ്ക്കുന്നതുകൊണ്ടു മാത്രം കവിതയാവില്ലെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കവിയും ഗാനരചയിതാവുമായ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പറഞ്ഞത് വലിയൊരു തിരിച്ചറിവായി സദസ്സ് ഉള്‍ക്കൊണ്ടു. ”കവികള്‍ കാലാന്തരത്തില്‍ തത്വചിന്തകരായി മാറുകയാണ് പതിവ്. എന്നാല്‍ തത്വചിന്തയില്‍നിന്ന് കവിതയിലേക്ക് വരികയാണ് സുജാത. കവിത എന്തായിരിക്കണമെന്ന് ഒരു കൂട്ടര് തീരുമാനിക്കുന്ന കാലമാണിത്. ചില കവികള്‍ നിശ്ചിത ലക്ഷ്യം വച്ച് കവിതയെഴുതുകയും ചെയ്യുന്നു. ആശയമില്ലാത്ത കവിതകള്‍ക്ക് ആത്മാവുണ്ടാവില്ല. ഫിലോസഫി പ്രൊഫസറായിരുന്ന സുജാതയ്ക്ക് ആശയമുണ്ട്. അതുകൊണ്ട് ഈ സമാഹാരത്തിലെ കവിതകള്‍ ആശയസമ്പുഷ്ടമാണ്. ആസ്വാദകര്‍ക്ക് അതനുഭവിക്കാം. മുഖ്യധാരയിലില്ലാത്തവരാണ് ഇപ്പോള്‍ കവിത നിലനിര്‍ത്തുന്നത്. സുജാത അവരില്പ്പെടുന്നു.” പുസ്തകത്തിന്റെ ആത്മാവില്‍ തൊട്ടുകൊണ്ടുള്ളതായിരുന്നു ജയകുമാറിന്റെ ഈ വാക്കുകള്‍.
”പ്രമേയപരമായ ലാഘവത്വംകൊണ്ടും ആഖ്യാനത്തിലെ കൃത്രിമത്വംകൊണ്ടും സമീപകാല കവിതയില്‍ കാറ്റുവീഴ്ച സംഭവിക്കുമ്പോള്‍, ഈ കവിതകളിലെ സ്വരഗൗരവവും സമഗ്രതയും സത്യസന്ധതയും വായനക്കാര്‍ ശ്രദ്ധിക്കുകയും സസന്തോഷം അംഗീകരിക്കുകയും ചെയ്യും” എന്ന് ‘ഭൂമിചൊല്ലുന്നതി’ന്റെ അവതാരികയില്‍ ജയകുമാര്‍ തന്നെ പറയുന്നതിന്റെ തുടര്‍ച്ചയായിരുന്നു പ്രകാശന ചടങ്ങിലെ വാക്കുകള്‍.
കാമ്പുള്ള എഴുത്തുകാരിയാണ് ഡോ. സുജാതയെന്നും, കവിതകളിലും ഇതു കാണാമെന്നുമാണ് പുസ്തക പ്രകാശനം നിര്‍വഹിച്ച കേരള സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ.എം. ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടത്. ”എഴുതാന്‍ വേണ്ടി എഴുതിയ കവിതകളല്ല ഈ കവിയുടേത്. ഉള്ളില്‍ നിന്ന് വന്നതാണ്. പരമ്പരാഗതമായ സംസ്കാരം എഴുത്തിനെ സ്വാധീനിക്കുന്നത് ഡോ. സുജാതയുടെ ഉപന്യാസങ്ങളില്‍നിന്ന് തിരിച്ചറിയാന്‍ മുന്‍പേ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആത്മാര്‍ത്ഥതയും സാമൂഹ്യപ്രതിബദ്ധതയും നിറയുന്ന എഴുത്താണത്. കാവ്യാഭിരുചിയെ നിര്‍ണയിക്കുന്നതിലും ഈ ഗുണങ്ങള്‍ പങ്കുവഹിക്കുന്നു.” എഴുത്തിനെ അറിഞ്ഞതിന്റെ ഇഴയടുപ്പമുണ്ടായിരുന്നു ഡോ. ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ക്ക്. പാറശ്ശാല ജിവിഎച്ച്എസ്എസിലെ ഡോ. എസ്.രമേഷ് കുമാറാണ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയത്.
സമാഹാരത്തിലെ ഓരോ കവിതയുടെയും ആശയങ്ങളിലേക്ക് ക്ഷണിക്കുന്നതാണ് അവയുടെ പേരുകളെന്ന് നിരീക്ഷിച്ച് പുസ്തകത്തെ പരിചയപ്പെടുത്തിയ നീറമണ്‍കര എന്‍എസ്എസ് കോളജിലെ അസി. പ്രൊഫസറും തപസ്യ സംസ്ഥാനസമിതിയംഗവുമായ ലക്ഷ്മിദാസ് സമാഹാരത്തിലെ അവസാന കവിതയായ ‘മലനാടിന് മണ്ണ്’ ചൊല്ലി സദസ്സിന്റെ മനംകവര്‍ന്നു.
തനിക്ക് എഴുത്തിലേക്ക് വഴിതെളിച്ചത് ചെറുപ്പത്തില്‍ പഠിച്ച സംസ്കൃതമാണെന്നും, ഒരിക്കലും കവിതയെ തേടി നടക്കാറില്ലെന്നും, കവിത തേടിവരുന്നത് കാത്തിരിക്കാറാണുള്ളതെന്നും പ്രതിസ്പന്ദത്തില്‍ ഡോ.സുജാത പറഞ്ഞത് സര്‍ഗാത്മകമായ ഒരു സത്യപ്രസ്താവനയായിരുന്നു.
ഡോ. ആര്. രവീന്ദ്രന് പിള്ള, എസ്.എസ്. സുനില്‍കുമാര്‍, ഡോ. വി.ശശികല, കിരണ്‍ലാല്‍ പി.എസ്. തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന സദസ്സിന് ഗവ.വിമന്‍സ് കോളജിലെ ഡോ. ഷീമോള്‍ സ്വാഗതമാശംസിച്ചു. ഡോ. സുജാത നന്ദിയറിയിച്ചതോടെ കാവ്യാനുസാരിയായ ഒരു ഒത്തുചേരല്‍ സാര്‍ത്ഥകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: