മാള: ഉത്തമ ആരോഗ്യസംരക്ഷണത്തിന് വിഷരഹിതമായി കൃഷി ചെയുന്ന പോഷകമൂല്യങ്ങളുള്ള വിഭവങ്ങളാണ് ഉചിതം. ആ ഗണത്തിലുള്ള പോഷകമൂല്യങ്ങളുടെ കലവറയാണ് കൂണ്‍. ഇന്ത്യയില്‍ തന്നെ ആദ്യമായി വേറിട്ട രീതിയില്‍ സ്റ്റാര്‍ട്ടപ്പ് മോഡല്‍ കൂണ്‍ കൃഷി എങ്ങനെ എളുപ്പത്തിലാക്കാമെന്ന് തെളിയിക്കുകയാണ് അന്നമനട പഞ്ചായത്തിലെ മാമ്പ്ര സ്വദേശി ആദം ഷംസുദീന്‍ എന്ന യുവ കര്‍ഷകന്‍.
പോഷക സമ്പുഷ്ടവും ഔഷധമേന്മ ഏറെയുള്ളതുമായ ഒരു ഉത്തമ ഭക്ഷ്യവസ്തുവാണ് കൂണ്‍. രണ്ടു വര്‍ഷം മുമ്പണ് ഗ്രോ ദി ഫണ്‍ ഗയ് എന്ന പേരില്‍ ഗ്രീന്‍ സ്റ്റാര്‍ട്ടപ്പ് ആദം ആരംഭിച്ചത്. ഇന്നത്തെ ആരോഗ്യബോധമുള്ള മലയാളികള്‍ക്കിടയില്‍ സൂപ്പര്‍ പവര്‍ കൂണുകളെ ജനപ്രിയമാക്കുന്നതിനെക്കുറിച്ചുള്ള ഒരു ചിന്തയില്‍ നിന്നുടലെടുത്ത ആശയമായിരുന്നു ഗ്രോ ദി ഫണ്‍ ഗയ് എന്ന പേരില്‍ ആദം തുടങ്ങിയ ഗ്രീന്‍ സ്റ്റാര്‍ട്ടപ്പ്.
ആദം തയാറാക്കി നല്‍കുന്ന റെഡിമെയ്ഡ് ഓര്‍ഗാനിക് പിങ്ക് ചിപ്പിക്കൂണ്‍ കിറ്റുകള്‍ 10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. സാധാരണ പാല്‍ കൂണ്‍ വിളവെടുപ്പ് നടത്താന്‍ 45 ദിവസവും, ചിപ്പിക്കുണിന് 21 ദിവസവും വേണ്ടിവരുന്ന സമയത്താണ് ആദം തന്നെ തയാറാക്കിയ പിങ്ക് ചിപ്പിക്കൂണ്‍ കിറ്റില്‍ നിന്നും 10 ദിവസം കൊണ്ട് വിളവെടുപ്പ് സാധിക്കുന്നത്. വേണ്ടത് ഇടയ്‌ക്കിടെ വെള്ളം തളിച്ചു നല്‍കുക എന്ന പ്രവര്‍ത്തനം മാത്രമാണ്.
സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ ആദം, രണ്ട് വര്‍ഷത്തോളം കൂണുകളെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണത്തിന് ശേഷമാണ് ഗ്രോ ദ ഫണ്‍ ഗയ് ആരംഭിച്ചതത്രെ. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും, നൂതന-കാര്‍ഷിക സംരംഭകത്വ വിഭാഗങ്ങള്‍ക്ക് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്‍കുന്ന കേന്ദ്ര ഗവ. പദ്ധതിയായ രാഷ്‌ട്രീയ കൃഷി വികാസ് യോജന (കൃഷി, അനുബന്ധ മേഖലകളുടെ പുനരുജ്ജീവന പദ്ധതി) പ്രകാരം ഗ്രോ ദി ഫണ്‍ ഗയ്‌ക്ക് അടുത്തിടെ പ്രാഥമിക അംഗീകാരം കിട്ടിയത് ശ്രദ്ധേയമാണ്.
കേരള വിപണിയില്‍ വിദേശ കൂണുകളുടെ ലഭ്യതക്കുറവും നഗരപ്രദേശങ്ങളില്‍ തിരക്കുപിടിച്ച ജീവിതസാഹചര്യത്തിനിടയിലും കൂണ്‍ വളര്‍ത്തുന്നതിനുള്ള പരിമിതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആദം ‘മഷ്റൂം കിറ്റ്’ എന്ന ആശയവുമായി രംഗത്തെത്തിയത്. 3 മുതല്‍ 90 വയസ് വരെ പ്രായമുള്ള ഏതൊരാള്‍ക്കും എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണെന്നു ആദം അഭിപ്രായപ്പെടുന്നു. വെള്ള, പിങ്ക് നിറങ്ങളിലുള്ള ചിപ്പിക്കൂണുകള്‍ കിറ്റില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറയുന്നു.
സാധാരണ കൂണ്‍ കര്‍ഷകര്‍ കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന പരമ്പരാഗത മാധ്യമങ്ങള്‍ വൈക്കോലും, ചകിരിച്ചോറുമാണ്. ഇതില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തമാണ് ആദം തയാറാക്കിയ കുണ്‍ കിറ്റുകള്‍. റബ്ബര്‍ മരത്തിന്റെ അറക്കപ്പൊടിയില്‍, സോയ, മറ്റു ജൈവ പദാര്‍ത്ഥങ്ങള്‍ എന്നിവ ചേര്‍ത്ത് അണുനശീകരണം നടത്തി നിശ്ചിതഅളവില്‍ ചൂടാക്കി പെല്ലറ്റ് രൂപത്തിലാക്കുന്നു. 1 കിലോ പെല്ലറ്റ് രൂപത്തിലാക്കിയ മാധ്യമത്തിലേക്കു ഒന്നര ലിറ്റര്‍ തിളച്ച വെള്ളം ഒഴിച്ച് കുതിര്‍ത്ത് അത് രണ്ടര കിലോയുള്ള കൂണ്‍ ഇടാനുള്ള ബെഡ് ആക്കുന്നു. പിന്നീട് അതിലേക്ക് കുണ്‍ വിത്തുകളിട്ടു കവര്‍ ചെയ്തു പാക്ക് ചെയ്യുന്നു. ഈ കുണ്‍ കിറ്റ് വാങ്ങുന്ന ആര്‍ക്കും 10 ദിവസം കൊണ്ട് വിളവെടുപ്പ് നടത്താമെന്ന് അദ്ദേഹം പറയുന്നു. തിരക്കുപിടിച്ച നഗരജീവിതത്തിനിടയില്‍ ഗ്രോ ദി ഫണ്‍ ഗയ് കിറ്റുകള്‍ ഡ്രോയിംഗ് റൂമിലോ ഓഫീസ് ടേബിളിലോ പോലും സ്ഥാപിക്കാമെന്ന് ആദം കൂട്ടിച്ചേര്‍ക്കുന്നു.
നിലവില്‍ 25 ല്‍ അധികം വിവിധതരത്തിലുള്ള കൂണുകളുടെ കള്‍ച്ചര്‍ ആദമിന്റെ മാമ്പ്രയിലുള്ള പരീക്ഷണശാലയിലുണ്ട്. ഔഷാധഗുണങ്ങളുള്ള ഋഷികിറ്റ്, ഗാനോഡര്‍മ, ടാല്‍കി ടൈല്‍ എന്നീ കൂണുകള്‍ ഗ്രോ ദ ഫണ്‍ ഗയ് കിറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കാനുള്ള തയാറെടുപ്പിലാണ് ആദം. തൃശൂര്‍ ജില്ലയിലെ ഏക കൂണ്‍ ഗ്രാമമായ മാള ബ്ലോക്ക് പഞ്ചായത്തിന്റെ കൂണ്‍ കൃഷി കോഓര്‍ഡിനേറ്റര്‍ കൂടിയാണ് ആദം.
പ്രെസ്റ്റൊ സില്‍വന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: