തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേസ്റ്റേഷന്റെ മുഖഛായ മാറ്റുമെന്നും സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി വിമാനത്താവള സമാനമായി വികസിപ്പിക്കുമെന്നും റെയില്‍വെ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം റെയില്വേസ്റ്റേഷന് വിമാനത്താവളത്തിനു തുല്യമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിച്ചു. ഏപ്രില്‍മാസത്തില്‍ കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് നല്‍കും. മെയ്ജൂണ്‍ മാസത്തില്‍ ടെണ്ടര്‍ പ്രക്രിയ നടക്കും. ജൂലായ്മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. 400 കോടിയോളം രൂപ സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷന്റെ നവീകരണത്തിനും വികസനത്തിനുംവേണ്ടി ചെലവഴിക്കും. 2026 ആകുമ്പോള്‍ നവീകരണം പൂര്‍ത്തിയാകും.
ആദ്യഘട്ടത്തില്‍ കൊല്ലം, എറണാകുളം ജംഗ്ഷന്, എറണാകുളം നോര്‍ത്ത് എന്നിവയാണ് വികസിപ്പിക്കുക. രണ്ടാംഘട്ടത്തിലാണ് തിരുവനന്തപുരം, വര്‍ക്കല, ചെങ്ങന്നൂര്‍, തൃശൂര്‍, കോഴിക്കോട് എന്നിവ വികസിപ്പിക്കുന്നത്. കുടാതെ കേരളത്തിലെ 25 റെയില്‍വേസ്റ്റേഷനുകളെ അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ സ്റ്റേഷനുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 10 കോടിയുടെ വികസനം നടത്തും. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു. 2023 ഡിസംബര്‍ 31ന് മുമ്പ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതിന്റെ രണ്ടാംഘട്ടം 2024 ല്‍ ആദ്യത്തെ ആറുമാസക്കാലത്തിനുള്ളില്‍ പൂര്‍ത്തിയാകും. 2026 ആകുമ്പോഴും കേരളത്തില്‍ എല്ലാ റെയില്‍വേസ്റ്റേഷനുകളിലും ആധുനിക സൗകര്യങ്ങള്‍ ലഭിക്കുന്ന വിധത്തിലുള്ള വലിയ വികസനപ്രവര്‍ത്തനമാണ് പ്രധാമന്ത്രിയുടെയും റയില്‍വേമന്ത്രിയും നിര്‍ദ്ദേശാനുസരണം നടക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
എക്സ്പ്രസ് വണ്ടികളുടെ വേഗം കൂട്ടുന്നതിനുവേണ്ടി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ ലിഡാര്‍ സര്‍വെയ്ക്ക് ഏജന്‍സിയെ നിയമിച്ചു. ഈമാസം അവസാനം ഹെലികോപ്ടര്‍ മുഖേനെയാണ് സര്‍വെ നടത്തുന്നത്. അതു കിട്ടിക്കഴിഞ്ഞാല്‍ ലൈനിലെ വളവുനികത്താനുള്ള നടപടികളും സിഗ്നല്‍ സിസ്റ്റത്തിന്റെ നവീകരണവും ഉണ്ടാകും. അതോടെ എക്സ്പ്രസ് വണ്ടികളുടെ വേഗം 160 കിലോമീറ്ററായി വര്‍ധിക്കും. നേമം ടെര്‍മിനലിന്റെ മാസ്റ്റര്‍പ്ലാനില്‍ മാറ്റംവരുത്തിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. നേമം ടെര്‍മിനല്‍ വികസനം ആദ്യം തീരുമാനിച്ച രൂപരേഖ അനുസരിച്ച് തന്നെ നടക്കും. നേമത്തുനിന്നും പാറശാലവരെ പാതവികസിപ്പിക്കുന്നതിനുള്ള ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്നില്ല. അതുകൊണ്ടാണ് പാറശാലവരെയുള്ള പാത ഇരട്ടിപ്പിക്കല്‍ നടക്കാത്തത്. അതിനാല്‍ പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ ഭൂമി എത്രയും പെട്ടെന്ന് ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറാനുള്ള നടപടി മുഖ്യമന്ത്രി കൈക്കൊള്ളണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: