ഗുരുവായൂർ: സാമവേദ പണ്ഡിതനായ കോട്ടയം തോട്ടം ശിവകരൻ നമ്പൂതിരിയെ ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തു. ഇന്നലെ നടന്ന നറുക്കെടുപ്പിലാണു തൃശൂർ പാഞ്ഞാൾ സ്വദേശിയായ ഡോ. ശിവകരന് പുതിയ ദൗത്യം കൈവന്നത്. 40 പേരാണ് മേൽശാന്തിക്കായി അപേക്ഷ സമർപ്പിച്ചത് അതിൽ 33പേർ കൂടിക്കാഴ്ചയ്ക്കായി ഹാജരായി. യോഗ്യരായ 28 പേരിൽ നിന്നും നറുക്കിട്ടെടുത്താണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്.
ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി നടത്തിയ കൂടിക്കാഴ്ചയിൽ യോഗ്യത നേടിയവരെയാണ് നറുക്കെടുപ്പിൽ പങ്കെടുപ്പിച്ചത്. ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. പുതിയ മേൽശാന്തിയെ നറുക്കെടുക്കുന്നത് സാധാരണ നിലവിലുള്ള മേൽശാന്തി കക്കാട് കിരൺ ആനന്ദാണ്. എന്നാൽ നറുക്കെടുപ്പ് ദിവസം അദ്ദേഹത്തിന് 10 ദിവസത്തെ വാലായ്മ വന്നതിനാൽ ഉച്ചപൂജ നിർവ്വഹിച്ച ക്ഷേത്രം ഓതിക്കനാണ് നറുക്കെടുത്തത്.
മുൻപ് നിരവധി ഗുരുവായൂര്‍ മേല്‍ശാന്തിയാകാന്‍ അപേക്ഷിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്. ഇപ്പോഴാണ് നിയോഗമെത്തിയതെന്നും എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹമെന്നും പുതിയ ദൗത്യത്തെക്കുറിച്ചു ഡോ. ശിവകരൻ നമ്പൂതിരി പ്രതികരിച്ചു. ഗുരുവായൂരിൽ സാമവേദ മുറജപമുൾപ്പെടെ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.
ഈ മാസം 31 ന് ഇപ്പോഴത്തെ മേൽശാന്തിയുടെ കാലാവധി പൂര്‍ത്തിയാകും. ഏപ്രിൽ 1 മുതൽ പുതിയ മേൽശാന്തി ചുമതലയേൽക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: