ന്യൂദല്‍ഹി: ലണ്ടനില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ രാജ്യവിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ തന്നെ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം നദ്ദ ആവര്‍ത്തിച്ചു.
‘ദേശീയ വിരുദ്ധ ടൂള്‍കിറ്റിന്റെ’ സ്ഥിരം ഭാഗമായി രാഹുല്‍ ഗാന്ധി മാറിയെന്ന് നദ്ദ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യം ആവര്‍ത്തിച്ച് കേണ്‍ഗ്രസ് പാര്‍ട്ടിയെ നിരസിച്ച ശേഷം രാഹുല്‍ ഗാന്ധി ഇപ്പോള്‍ ദേശവിരുദ്ധ ടൂള്‍കിറ്റിന്റെ സ്ഥിരം ഭാഗമായി മാറിയിരിക്കുകയാണെന്നും ഇന്നത്തെ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നദ്ദ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷ സര്‍ക്കാരിനെയും 130 കോടി ഇന്ത്യക്കാരെയും ഗാന്ധി അപമാനിക്കുകയാണ്. ‘രാജ്യദ്രോഹികളെ ശക്തിപ്പെടുത്തുന്നില്ലെങ്കില്‍ ഇതെന്താണ്? ഇന്ത്യയില്‍ ജനാധിപത്യം അവസാനിച്ചെന്നും അമേരിക്ക ഇടപെടണമെന്നും രാഹുല്‍ ഗാന്ധി വിദേശ രാജ്യത്തു പോയി പറയുകയാണ്.. ഇതിലും ലജ്ജാകരമായ മറ്റെന്തുണ്ടെന്നും നദ്ദ ചോദിച്ചു. ‘ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയും ഇവിടെ ജി 20 മീറ്റിംഗുകള്‍ നടക്കുകയും ചെയ്യുമ്പോള്‍, വിദേശ മണ്ണില്‍ രാഹുല്‍ ഗാന്ധി രാജ്യത്തെയും പാര്‍ലമെന്റിനെയും അപമാനിക്കുകയാണ. ഹംഗേറിയന്‍-അമേരിക്കന്‍ വ്യവസായി ജോര്‍ജ്ജ് സോറോസും ഗാന്ധിയും ഒരേ ഭാഷ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്നും നദ്ദ ചോദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: