മുംബൈ: ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവ്, പുതുതായി അവതരിപ്പിച്ച സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ നിയന്ത്രിച്ചതോടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചു. വന്ദേ ഭാരത് എക്സ്പ്രസ് നിയന്ത്രിക്കുന്ന ആദ്യ വനിതയായി സുരേഖ.
തിങ്കളാഴ്ച മുംബൈയിലെ സോലാപൂര്‍ സ്റ്റേഷനും ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിനും (സിഎസ്എംടി) ഇടയിലുള്ള സെമി ഹൈസ്പീഡ് ട്രെയിനാണ് സുരേഖ നിയന്ത്രിച്ചത്. 450ലധികം കിലോമീറ്റര്‍ പിന്നിട്ട് എത്തേണ്ട സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് യാത്ര പൂര്‍ത്തിയാക്കി. സിഎസ്എംടിയിലെ എട്ടാം നമ്പര്‍ പ്ലാറ്റ്ഫോയിലെത്തിയ സുരേഖ യാദവിനെ റെയില്‍വേ അധികൃതര്‍ സ്വീകരിച്ച് ആദരിച്ചു.
‘നാരീശക്തിയില്‍ വന്ദേഭാരത്’എന്ന കുറിപ്പോടെ സുരേഖ യാദവിനെ അഭിനന്ദിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സത്താറയിലുള്ള സുരേഖ യാദവ് 1988ലാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവറായത്. സംസ്ഥാന-ദേശീയ തലങ്ങളില്‍ നിരവധി അവാര്‍ഡുകളും സുരേഖ നേടിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സിഎസ്എംടി-സോലാപൂര്‍, സിഎസ്എംടി-സായിനഗര്‍ ഷിര്‍ദി റൂട്ടുകളില്‍ രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: