കൊച്ചി : ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ വിവാദത്തില്‍ സിപിഎമ്മിനെതിരേയും ആരോപണം. സിപിഎം നേതാവായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ള എംഡിയായ സ്ഥാപനം സോണ്ട ഇന്‍ഫ്രാടെക്കിനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ ഒത്തുകളിയുണ്ടെന്നാണ് ആരോപണം ഉയരുന്നത്.
2021ല്‍ സോണ്ട ഇന്‍ഫ്രാടെക് 55 കോടിയുടെ കരാറിലാണ് സര്‍ക്കാര്‍ ഒപ്പുവെച്ചത്. ഇതോടൊപ്പം മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മിക്കാനും ബയോ മൈനിങ്ങിനുള്ള കരാറും സോണ്ട ഇന്‍ഫ്രാടെക് കൈപ്പറ്റിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് സംസ്‌കരണത്തിന് കരാറെടുത്ത കമ്പനി 2022 അവസാനം ബയോമൈനിങ് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയുണ്ടായിട്ടും ഇതുവരെ കാല്‍ ശതമാനം മാത്രമാണ് സംസ്‌കരണം നടന്നിട്ടുള്ളത്.
കമ്പനിക്കായി സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കുന്നുവെന്ന് മുന്‍ മേയര്‍ ടോണി ചമ്മണി ആരോപിച്ചു. 2022 ജനുവരിയില്‍ തുടങ്ങി സെപ്റ്റംബറില്‍ കരാര്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ മഴ പ്രവൃത്തികളെ ബാധിച്ചു എന്ന് ചൂണ്ടികാട്ടി ഈ വര്‍ഷം ജൂലൈ വരെ കാലാവധി വീണ്ടും നീട്ടുകയായിരുന്നു. എന്നിട്ടും മാലിന്യ സംസ്‌കരണം കാര്യക്ഷമമായില്ല. ഇതിനിടെ കമ്പനിക്ക് മൊബിലൈസേഷന്‍ ഫണ്ട് എന്ന പേരില്‍ 11 കോടി രൂപയും നല്‍കിയിട്ടുണ്ട്.
അതേസമയം തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. കരാര്‍ തീരാന്‍ അഞ്ച് മാസം മാത്രമുള്ളപ്പോള്‍ 25 ശതമാനം മാത്രം മാലിന്യമാണ് സംസ്‌കരിക്കാന്‍ കമ്പനിക്കായതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണത്തിനായി കരാര്‍ ക്ഷണിച്ചിട്ടുള്ളത്. 25 കോടിയുടെ വാര്‍ഷിക ടേണോവറും ബയോമൈനിങ് വഴിയുള്ള മാലിന്യ സംസ്‌കരണത്തില്‍ പത്ത് കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയതിന്റെ അനുഭവ പരിചയവുമായിരുന്നു യോഗ്യത.
സോണ്‍ട ഇന്‍ഫ്രാടെക്ക് ആദ്യം ഹാജരാക്കിയ രേഖയില്‍ തിരുനെല്‍വേലി കോര്‍പ്പറേഷനില്‍ കമ്പനി ഖര മാലിന്യ സംസ്‌കരണത്തിനായി ചെലവഴിച്ചതിലെ ടോട്ടല്‍ കോണ്‍ടാക്ട് വാല്യു 8,56,71,840 രൂപയാണ്.എന്നാല്‍ ഇത് കെഎസ്‌ഐഡിസി തള്ളി. തൊട്ടു പിന്നാലെ വീണ്ടും കരാര്‍ ക്ഷണിച്ചപ്പോള്‍ ഇതേ പദ്ധതി പത്ത് കോടി രൂപക്ക് പൂര്‍ത്തിയാക്കിയതിന്റെ രേഖ സോണ്‍ട ഇന്‍ഫ്രാടെക്ക് ഹാജരാക്കി. പിന്നാലെ കരാറും ലഭിക്കുകയായിരുന്നു. ആദ്യം കമ്പനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് തിരുനെല്‍വേലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ആയിരുന്നെങ്കില്‍ രണ്ടാമത് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുന്‍സിപ്പല്‍ എഞ്ചിനീയറാണ്. ഇതുമായി ബന്ധപ്പെട്ട് അപാകതകള്‍ പരിശോധിക്കാതെ കെഎസ്‌ഐഡിസി കരാര്‍ നല്‍കിയതില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് ആരോപണത്തില്‍ പറയുന്നത്.
2022 ജനുവരില്‍ സര്‍ക്കാര്‍ കരാര്‍ തുകയുടെ ആദ്യഘട്ടമായി ഏഴ് കോടി നല്‍കി.രണ്ടാംഘട്ടത്തില്‍ എട്ട് കോടി ആവശ്യപ്പെട്ട് കമ്പനി സര്‍ക്കാരിനെ സമീപിച്ചെങ്കിലും കൊച്ചി കോര്‍പ്പറേഷന്‍ എതിര്‍ത്തു. എന്നാല്‍ തദ്ദേശ വകുപ്പ് കൊച്ചി കോര്‍പ്പറേഷനോട് നാല് കോടി അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അതേസമയം മാലിന്യത്തില്‍ നിന്നും ഉത്ഭവിക്കുന്ന മീഥെയിന്‍ ഗ്യാസില്‍ നിന്നും തീപടര്‍ന്നതാകാം. തങ്ങളുടെ പ്രവൃത്തി മേഖലയില്‍ അല്ല തീപിടുത്തം ഉണ്ടായതെന്നാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് വിഷത്തില്‍ പ്രതികരിച്ചത്. കരാര്‍ നേടിയത് ചട്ടപ്രകാരമാണെന്നും അന്വേഷണങ്ങളോട് സഹകരിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. തീപിടുത്തമുണ്ടായപ്പോള്‍ കോര്‍പ്പറേഷന്റെയോ കരാറെടുത്ത കമ്പനിയുടെയോ അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പകരം പുറത്തുനിന്നുള്ള സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. മാലിന്യ പ്ലാന്റിന് തീപിടിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തീയും പുകയും പൂര്‍ണ്ണമായും അയ്‌ക്കാനായിട്ടില്ല. വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: