മഞ്ചേരി: ദേശാഭിമാനി ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി ആക്രമിച്ചു. ദേശാഭിമാനി മഞ്ചേരി ലേഖകനായ ടി.വി. സുരേഷിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ബ്യൂറോ ഓഫീസില്‍ കയറിയാണ് സിപിഎമ്മിന്റെ കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയന്, ലേഖകനെ ആക്രമിച്ചത്.
മദ്യലഹരിയില്‍ എത്തിയ നേതാവുള്പ്പട്ട മൂന്നംഗ സംഘം വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടാവുകയും ലേഖകനെ ആക്രമിക്കുകയുമായിരുന്നു. ദേശാഭിമാനി പത്രത്തില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മില്‍ ഫോണിലാണ് ആദ്യം വാക്കുതര്‍ക്കമുണ്ടാകുന്നത്. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്ക് കയറിവന്നു. ഇവിടെ ജോലിചെയ്യുകയായിരുന്ന സുരേഷുമായി ഇവര്‍ വീണ്ടും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് താന്‍ നല്കിയ വാര്‍ത്ത നല്കില്ലേ എന്ന് ആക്രോശിച്ച് ഓഫീസിലെ കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡുകൊണ്ട് തലക്ക് അടിക്കുകയായിരുന്നെന്ന് സുരേഷ് മഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും വാരിവലിച്ചു താഴെയിട്ടു. പോലീസില്‍ വിവരം അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലം വിട്ടതെന്നും പരാതിയിലുണ്ട്. സംസ്ഥാനത്ത് ഇടതുപക്ഷം ഭരിക്കുന്ന ഭരണകൂടം, മാധ്യമങ്ങളെ വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് സ്വന്തം പാര്‍ട്ടി പത്രത്തിന്റെ ലേഖകനെ ഓഫീസില്‍ കയറി നേതാവ് മര്ദിച്ചതെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: