രാജ്യത്തെ പ്രമുഖ വാര്‍ത്താചാനലായ ഏഷ്യാനെറ്റിനെതിരെ സിപിഎമ്മും അവര്‍ നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരും ഒന്നിനു പുറകെ ഒന്നായി സ്വീകരിച്ചുവരുന്ന നടപടികള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ്. അടിയന്തരാവസ്ഥക്കാലത്തെ അപവാദം ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള പ്രതികാര നടപടികളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സര്‍ക്കാര്‍ തന്നെ ആഹ്വാനം ചെയ്ത ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് നല്കിയ വാര്‍ത്തയുടെ പേരിലാണ് ഈ വേട്ടയാടല്‍ എന്നത് വളരെ വിചിത്രമാണ്. പൂര്‍ണമായിത്തന്നെ സിപിഎമ്മിന്റെ അറിവോടും സമ്മതത്തോടും, സര്‍ക്കാരിന്റെ സംരക്ഷണത്തിലും എസ്എഫ്ഐ അക്രമിസംഘം എറണാകുളത്തെ ഏഷ്യാനെറ്റിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതും തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതിരുന്നതും ഒരു ഞെട്ടലോടെയാണ് ജനങ്ങള്‍ കണ്ടത്. വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഈ നടപടിക്കു പിന്നാലെ കോഴിക്കോട്ടെ ഏഷ്യാനെറ്റിന്റെ ഓഫീസില്‍ എഫ്ഐആര്‍ പോലുമില്ലാതെ കടന്നുകയറിയ പോലീസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനു പുറമെയാണ് ഒരു ശാസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന ചാനലിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യ കുമാറിന് കോഴിക്കോട്ട് ഹാജരാവാന്‍ പറഞ്ഞ് വാട്സാപ്പ് സമന്‍സ് അയച്ച മനുഷ്യത്വ ഹീനമായ നടപടിയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ അഗ്നിബാധ പോലുള്ള പ്രശ്നങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയും സര്‍ക്കാരുമാണ് തങ്ങള്‍ക്ക് അനിഷ്ടമായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഒരു മാധ്യമ സ്ഥാപനത്തെ നിര്‍ദയമായി വേട്ടയാടുന്നത്. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ലഹരിമാഫിയയെ തുറന്നുകാട്ടുന്ന വാര്‍ത്ത നല്‍കിയത് എങ്ങനെയാണ് സര്‍ക്കാരിനെ ബാധിക്കുക? ഇത്തരം വാര്‍ത്തകള്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെങ്കില്‍ ഈ സര്‍ക്കാരിനെ നയിക്കുന്നത് ലഹരിമാഫിയയായിരിക്കണമല്ലോ. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും യുവാക്കളെ ലക്ഷ്യമിട്ടും ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളിലും വന്നിട്ടുള്ളതാണ്. പല സംഭവങ്ങളിലും പോലീസ് കേസെടുത്തിട്ടുമുണ്ട്. സ്ഥിതിവിശേഷം ഇതായിരിക്കെ തെറ്റായ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു മാധ്യമത്തിനെതിരെ നീങ്ങുന്നതിനു പിന്നിലെ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഗൂഢതാല്‍പ്പര്യം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇനി ഒരു വാര്‍ത്ത തെറ്റാണെങ്കില്‍ തന്നെ അതിനെതിരെ നിയമപരമായ നടപടിയെടുക്കാതെ മാധ്യമസ്ഥാപനത്തിലേക്ക് അക്രമികളെ പറഞ്ഞയയ്ക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നിയമവാഴ്ചയെ അട്ടിമറിക്കുന്നതാണ്. സിപിഎമ്മിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന സംഘടനയായതിനാല്‍ എസ്എഫ്ഐയ്ക്ക് ഇതിന് അധികാരമുണ്ടെന്നാണോ സര്‍ക്കാര്‍ കരുതുന്നത്? സിപിഎമ്മിന്റെയും അതിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെയും നിരവധി നേതാക്കള്‍ ലഹരിക്കടത്തു കേസുകളിലും ലഹരി ഉപയോഗിച്ച കേസുകളിലും പ്രതികളായിരിക്കെയാണ് ലഹരിവിരുദ്ധ വാര്‍ത്ത നല്‍കിയതിനോട് പ്രതികാരം ചെയ്യാന്‍ എസ്എഫ്ഐയും പോലീസും ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന വസ്തുത കാണാതിരുന്നു കൂടാ.
മാധ്യമ സ്ഥാപനങ്ങളില്‍ കയറി എസ്എഫ്ഐ നടത്തിയ അതിക്രമങ്ങളെ ‘പ്രതിഷേധം’ എന്ന പേരിട്ടു വിളിച്ച് ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബിബിസി ഓഫീസുകളില്‍ നടന്ന ‘റെയ്ഡ്’ പോലെയല്ല ഇതെന്ന് വാദിക്കുകയും ചെയ്യുന്നു! ബിബിസി ഓഫീസുകളില്‍ പരിശോധന നടത്തിയത് അതിനു നിയമപരമായി അധികാരമുള്ള സര്‍ക്കാര്‍ സംവിധാനമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ അങ്ങോട്ട് പറഞ്ഞയയ്ക്കുകയല്ല ചെയ്തത്. ഈ വസ്തുത കാണാന്‍ കൂട്ടാക്കാതെയാണ് ബിബിസി ഓഫീസിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയും ഏഷ്യാനെറ്റ് ചാനലിലെ എസ്എഫ്ഐ അതിക്രമവും ഒരുപോലെയാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. ഫലത്തില്‍ ഇത് എസ്എഫ്ഐ അതിക്രമത്തെ ന്യായീകരിക്കുന്നതും, മുഖ്യമന്ത്രി പിണറായി വിജയന് വിടുപണി ചെയ്യുന്നതുമാണ്. ഏഷ്യാനെറ്റിനെതിരായ ഇപ്പോഴത്തെ അതിക്രമങ്ങള്‍ മാധ്യമങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ ‘കടക്ക് പുറത്ത്’ എന്ന സമീപനത്തിന് അനുസൃതമാണ്. പെട്ടെന്ന് ഇങ്ങനെയൊരു പ്രകോപനമുണ്ടായതിനു പിന്നില്‍ സര്‍ക്കാരിന്റെ മറ്റു ചില ആശങ്കകളാണെന്ന് വ്യക്തം. സ്വര്‍ണക്കടത്തു കേസിലെയും ലൈഫ് മിഷന് അഴിമതിക്കേസിലെയും ഏറ്റവും ഒടുവിലായി പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങളെ തുടര്‍ന്ന് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും കുടുംബത്തിലേക്കും തിരിയുകയാണ്. മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ പലതും സംഭവിക്കാം. ഇതു സംബന്ധിച്ച് പുറത്തുവരാനിരിക്കുന്ന വാര്‍ത്തകളെ മുന്‍കൂട്ടി തടയുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏഷ്യാനെറ്റിനെതിരായ കടന്നാക്രമണം മറ്റെല്ലാ മാധ്യമങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണ്. സ്വേച്ഛാധിപത്യപരമായ ഈ കടന്നാക്രമണങ്ങളെ അപലപിക്കാനും പ്രതിരോധിക്കാനുമുള്ള ബാധ്യത എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: