തൃശൂര്‍: പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി പണം തട്ടിയെടുത്തതായി പരാതി. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി പോലീസ്.
വിദേശത്തേക്ക് പോകുന്നതിന് ട്രാവല്‍ ഏജന്‍സി വഴി യുവതി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ തൊട്ടടുത്ത ദിവസം തന്നെ ഹാജരാകുന്നതിന് ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയും ചെയ്തു. യുവതി ഹാജരായി ഒറിജിനല്‍ രേഖകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ നിന്നും അപേക്ഷ പോലീസിനു കൈമാറുന്നതായും, അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മണ്ണുത്തി പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള അറിയിപ്പ് ലഭിച്ചു. പിറ്റേന്നു തന്നെ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസുദ്യോഗസ്ഥന് അപേക്ഷകയുടെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ അടുത്ത ദിവസം കൊറിയര്‍ കമ്പനിയില്‍ നിന്നാണെന്നു പറഞ്ഞ് ഒരാള്‍ യുവതിയെ വിളിക്കുകയും, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഡെലിവറി ചെയ്യുന്നതിന്, വിലാസം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണെന്നു പറഞ്ഞ് ഒരു ലിങ്ക് മൊബൈല്‍ ഫോണിലേക്ക് അയച്ചുനല്‍കുകയുമായിരുന്നു. രണ്ടു മണിക്കൂറിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തിരിച്ചയക്കുകയും, റദ്ദാക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവര്‍ അയച്ചു നല്കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. യുവതിയുടേത് ഐഫോണ്‍ ആയതിനാല്‍ അവര്‍ അയച്ചു നല്കിയ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചില്ല.
പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നുള്ള കൊറിയര്‍ തിരിച്ചയക്കുമെന്നും പിസിസി റദ്ദാകുമെന്നും അവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും വീണ്ടും ഒരു ലിങ്ക് അയച്ചു നല്‍കുകയും ചെയ്തു. അതില്‍ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: