എല്ലാ വിനോദയാത്രകളും സന്തോഷം കൊണ്ടുവരാനുള്ളതാണ്. അല്ലെങ്കില്‍ അങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അടുത്തിടെയായി കൗമാരക്കാരുടെ ജീവന് കവരുന്ന ദാരുണ സംഭവങ്ങളില്‍ ഒറ്റയ്ക്കും കൂട്ടായുമുള്ള വിനോദയാത്രകള്‍ കലാശിക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. മുളന്തുരുത്തിയില്‍നിന്ന് വിനോദയാത്രക്കു പോയ വിദ്യാര്‍ത്ഥികളുടെ ബസ് പാലക്കാടുവച്ച് കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര് മരിക്കാനിടയായ സംഭവത്തിന്റെ നടുക്കവും ദുഃഖവും ജനമനസ്സുകളില്‍ ഇപ്പോഴും തങ്ങിനില്ക്കുകയാണ്. നാടിനെ നടുക്കിയ ഈ സംഭവത്തിനുശേഷവും നിരവധി വിദ്യാര്‍ത്ഥികള്‍ ഉല്ലാസയാത്രക്കു പോയി വെള്ളത്തില്‍ മുങ്ങി മരിച്ച സംഭവങ്ങളുണ്ടായി. ഇപ്പോഴിതാ എറണാകുളം ജില്ലയിലെ മഞ്ഞപ്രയില്‍ ഒരു സ്വകാര്യ സ്കൂളില്‍നിന്ന് വിനോദയാത്രക്കുപോയ വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ കയത്തില്‍ മുങ്ങി മരിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിലെ മാങ്കുളത്ത് വല്യപാറക്കുട്ടിയിലെത്തി പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് കയത്തില്‍ നീന്തുന്നതിനിടെ മുങ്ങിമരിച്ചത്. ഇവരെ നാല്പത് കിലോമീറ്റര്‍ അകലെയുള്ള അടിമാലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട രണ്ടു കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്നു രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. കൗമാരക്കാരുടെ അപ്രതീക്ഷിതമായ ഈ വേര്‍പാടില്‍ അവരുടെ മാതാപിതാക്കളും ഒരു നാടു മുഴുവനും തീരാവേദനയിലാണ്.
മാധ്യമങ്ങള്‍ നല്കുന്ന വിവരമനുസരിച്ച് ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇത്. മാങ്കുളം കേരളത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിലൊന്നാണ്. സ്വദേശികളും വിദേശികളുമായ നിരവധി വിനോദസഞ്ചാരികള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നു. മൂന്ന് അധ്യാപകരും മുപ്പത് വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം മാങ്കുളത്തെത്തിയശേഷം ഇവിടെനിന്ന് ട്രെക്കിങ്ങിന്റെ ഭാഗമായി മൂന്നു ജീപ്പുകളില്‍ വല്യപാറക്കുട്ടിയിലേക്ക് പോവുകയായിരുന്നു. ഇവിടെ നല്ലതണ്ണിയാറ്റില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കുറച്ചുനാള്‍ മുന്‍പ് ഇതേ സ്ഥലത്ത് ഒരു പതിനേഴുകാരന് മുങ്ങിമരിച്ചതാണ്. എന്നിട്ടും കയമുള്ളിടത്ത് വിദ്യാര്‍ത്ഥികളെ കുളിക്കാന്‍ അനുവദിച്ചത് വലിയ വീഴ്ചയാണ്. അപകടസാധ്യതയുള്ള സ്ഥലമാണിതെന്ന സൂചന നല്കുന്ന യാതൊന്നും ഇവിടെ ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്നതിന് അധികൃതര്‍ സമാധാനം പറയണം. യാത്രക്കാരെ കിട്ടിയാല്‍ മറ്റ് യാതൊന്നും ചിന്തിക്കാതെ ട്രക്കിങ്ങിന്റെ പേരില്‍ ഉള്‍വനങ്ങളിലേക്കും മറ്റും എത്തിക്കാന്‍ ജീപ്പുകാര് കാണിക്കുന്ന അത്യുത്സാഹം അപകടങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. വിനോദയാത്രക്കാര്‍ക്ക് ഇത്തരം സ്ഥലങ്ങളെക്കുറിച്ച് പലപ്പോഴും കേട്ടറിവ് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് നല്‍കുന്നത് സമൂഹമാധ്യമങ്ങളുമായിരിക്കും. എന്നാല്‍ സ്ഥിരമായി ജീപ്പ് സര്‍വീസ് നടത്തുന്നവര്‍ സ്ഥലത്തിന്റെ സ്വഭാവത്തെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും അറിയാവുന്നവരായിരിക്കും. അല്ലെങ്കില്‍ അറിയേണ്ടവരാണ്. ആനയെ കാണാം, നീന്തല്‍ ആസ്വദിക്കാം എന്നൊക്കെ പറഞ്ഞ് അപകടങ്ങള്‍ പതിയിരിക്കുന്ന ഇടങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല.
പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്കൂള്‍ അധികൃതര്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. സ്കൂളില്‍നിന്ന് തങ്ങളുടെ കുഞ്ഞുങ്ങള്‍ തിരിച്ചുവരുന്ന നേരംവരെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന, അവരെക്കുറിച്ചുമാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളുടെ മനസ്സ് സ്കൂള്‍ അധികൃതര്‍ കാണാതിരിക്കരുത്. അധ്യാപകരിലും മറ്റും അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ ഉറപ്പില്‍ വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ വിനോദയാത്രക്ക് അയയ്ക്കുമ്പോള്‍ ആ വിശ്വാസം ഒരു നിമിഷംപോലും വിസ്മരിക്കരുത്. വിനോദയാത്രയ്ക്കു പോകുന്ന സ്ഥലങ്ങള്‍, അവിടത്തെ സവിശേഷതകള്‍, അപകടസാധ്യതകള്‍, മുന്നനുഭവങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ക്ക് നല്ല ധാരണ വേണം. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ ഉത്സാഹികളാണ്, ഉല്ലസിക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കില്ല. അവരില്‍നിന്ന് ഒരിക്കലും മുതിര്‍ന്നവരുടെ വിവേകം പ്രതീക്ഷിക്കരുത്. വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയായാലും പഠനയാത്രയായാലും സാഹസികത കാണിക്കാനുള്ള അവസരങ്ങളായാണ് ഇപ്പോള്‍ പൊതുവെ കരുതപ്പെടുന്നത്. ഇക്കാര്യത്തില്‍ അവരെ നിയന്ത്രിക്കാനും, വേണ്ടിവന്നാല്‍ ശാസിക്കാനുമുള്ള ഉത്തരവാദിത്വം അധ്യാപകര്‍ കാണിക്കണം. ദീര്‍ഘനാളായി പരിചയമുള്ള വിദ്യാര്‍ത്ഥികളുടെ സ്വഭാവരീതികള്‍ ഏറ്റവും നന്നായി അറിയാവുന്നവരായിരിക്കുമല്ലോ അധ്യാപകര്‍. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ശരിയായ മുന്നറിയിപ്പുകള്‍ നല്‍കാനും, വിലക്കുകള്‍ വേണ്ടിടത്ത് അത് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ സംവിധാനത്തിന്, പ്രത്യേകിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. ദുരന്തം സംഭവിച്ചതിനുശേഷമുള്ള വീണ്ടുവിചാരങ്ങളല്ല വേണ്ടത്. ഇനിയെങ്കിലും ഉല്ലാസയാത്രയ്ക്കു പോകുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് മരണം സംഭവിക്കുന്നത് അവസാനിക്കണം, അവസാനിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: