കൊച്ചി : ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാത്തത് ഗൗരവമുള്ള വിഷയം, ജല അതോറിട്ടി വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഹൈക്കോടതി. ജല വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് നെട്ടൂര്‍ നിവാസികള്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
തമ്മനത്ത് ചൊവ്വാഴ്ച രാവിലെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി വെള്ളം റോഡില്‍ നിറഞ്ഞൊഴുകുകയും, പ്രദേശത്തെ കടകളിലും മറ്റും വെള്ളം ചെളിയും അടിഞ്ഞ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഹൈക്കോടതി കുടിവെള്ള വിഷയത്തില്‍ ഇടപെടുന്നത്. കുടിവെള്ള ക്ഷാമം ഗൗരവകരമായ വിഷയമാണെന്ന് പറഞ്ഞ ഹൈക്കോടതി വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
ഒന്നരമാസമായി പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് നെട്ടൂര്‍ നിവാസികളുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം തമ്മനത്ത് കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് കൊച്ചിയിലെ വെണ്ണല, പാലാരിവട്ടം, കാരണക്കോടം, തമ്മനം ഈ പ്രദേശങ്ങളില്‍ രണ്ട് ദിവസത്തേക്ക് വെള്ളമുണ്ടാകില്ലെന്ന് അറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: