സ്വയം വിരമിക്കല്‍ പദ്ധതിയുടെ പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിന് തയ്യാറെടുക്കുന്ന അധികൃതരുടെ നീക്കം തൊഴിലില്ലായ്മയില്‍ നട്ടംതിരിയുന്ന കേരളത്തോടു ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അന്‍പത് വയസു കഴിഞ്ഞ ജീവനക്കാരില്‍ ആവശ്യപ്പെടുന്നവരെയും, ഇരുപത് വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കിയവരെയും വിആര്‍എസ് എടുപ്പിക്കാനുള്ള നീക്കം ആസൂത്രിതമാണെന്ന് വ്യക്തം. വിരമിക്കുന്നവര്‍ക്ക് പതിനഞ്ച് ലക്ഷം രൂപ വീതം നല്‍കാമെന്ന വാഗ്ദാനം ശമ്പള പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ജീവനക്കാര്‍ സ്വീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍. ഇതിനായി 200 കോടി രൂപയാണത്രേ നീക്കിവയ്ക്കാന്‍ പോകുന്നത്. പതിവുപോലെ ഈ നീക്കം പുറത്താവുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തതോടെ നിഷേധ പ്രസ്താവനയുമായി കെഎസ്ആര്‍ടിസി സിഎംഡി രംഗത്തുവന്നിട്ടുണ്ടെങ്കിലും ജീവനക്കാര്‍ അത് മുഖവിലയ്ക്കെടുക്കുന്നില്ല. കാരണം വിആര്‍എസ് എടുപ്പിക്കാനുള്ള 7500 ജീവനക്കാരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞതായാണ് വിവരം. ജീവനക്കാര്‍ സ്ഥിരമായി ജോലിക്കു വരുന്നില്ല. 16 മണിക്കൂര്‍ ഡ്യൂട്ടി എന്ന നിബന്ധന പാലിക്കാന്‍ ചിലര്‍ തയ്യാറാവുന്നില്ല എന്നൊക്കെയുള്ള കാരണങ്ങളാണ് സിഎംഡി പറയുന്നത്. ഇതു ശരിയാണെങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുകയാണ് വേണ്ടത്. പിരിച്ചുവിടലല്ല പരിഹാരം. അതിന് നിയമം അനുവദിക്കുന്നുമില്ല.
കെഎസ്ആര്‍ടിസിയെ ഘട്ടംഘട്ടമായി സ്വകാര്യവല്ക്കരിക്കുകയെന്ന പദ്ധതിയുടെ ഭാഗമാണ് ഈ നിര്‍ബന്ധിത സ്വയം വിരമിക്കല്‍ പദ്ധതി. സ്വകാര്യ കമ്പനിക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ജീവനക്കാരെ കുറയ്ക്കുക എന്നതാണ് തന്ത്രം. പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴത്തെ സ്ഥിതിയില്‍നിന്ന് ജീവനക്കാരുടെ എണ്ണം പകുതിയോളമായി കുറച്ചിരിക്കുകയാണ്. എന്നിട്ട് ഡ്യൂട്ടിക്ക് ആളില്ലെന്ന് പരാതിപ്പെടുന്നത് നഗ്നമായ ഇരട്ടത്താപ്പാണ്. ഇവരില്‍നിന്ന് എണ്ണായിരത്തോളം പേരെ പിരിച്ചുവിടാനാണ് നീക്കം നടക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് ജോലിയെടുക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ഇത് പൊതുമേഖലയില്‍ നിര്‍ത്തേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇന്നത്തെ നിലയ്ക്ക് കോര്പ്പറേഷന് ലാഭത്തിലാക്കുന്ന ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തത് ഇതുകൊണ്ടാണ്. ശമ്പള പ്രതിസന്ധി പെരുപ്പിച്ചുകാട്ടുകയും ചെയ്യുന്നു. ഡീസലിനും ശമ്പളത്തിനുമായി പ്രതിമാസം 80 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടിവരുന്നത്. ഇത്രയും വരുമാനം ലഭിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. ഈ തുക പലിശയടവിനും മറ്റുമായി ചെലവഴിക്കുന്നതിനാലാണ് ശമ്പളം നല്കാന് കഴിയാത്തത്. ശമ്പളം നല്കാന് 50 കോടി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെടുന്നുമില്ല. ഈ വസ്തുതകളൊക്കെ മറച്ചുപിടിച്ച് കെഎസ്ആര്‍ടിസി നഷ്ടത്തിലോടുന്നതിനും നശിക്കുന്നതിനും കാരണക്കാര്‍ ജീവനക്കാരാണെന്ന പ്രചാരണം ആവര്‍ത്തിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.
കെഎസ്ആര്‍ടിസി ഒരു വെള്ളാനയാണെന്ന പ്രചാരണം നടത്തി അതിനെ ദയാവധത്തിലേക്കു നയിക്കുകയാണെന്ന വസ്തുത കാണാതെ പോകരുത്. കെഎസ്ആര്‍ടിസിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നടപടിയെടുക്കേണ്ടത് ജീവനക്കാരല്ല, അധികൃതരാണ്. എന്നാല്‍ ഇതിനുവേണ്ടി ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നു മാത്രമല്ല, പോംവഴികള്‍ ബോധപൂര്‍വം അടച്ചുകളയുകയും ചെയ്യുന്നു. പൊതുഗതാഗതത്തിന് മൂലധന നിക്ഷേപമായി 1000 ബസ്സുകള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചപ്പോള്‍ കെഎസ്ആര്‍ടിസിക്ക് ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് അത് കെ-സ്വിഫ്റ്റിന് നല്‍കാനുള്ള നീക്കം ഇതിനു തെളിവാണ്. സ്ഥാപനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ ഇത്തരം നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമ്പോള്‍ പാര്‍ട്ടി താല്പര്യം മാത്രം സംരക്ഷിക്കുന്ന ഇടതു തൊഴിലാളി യൂണിയനുകള്‍ ശബ്ദമുയര്ത്തുന്നില്ല. സര്‍ക്കാരും കെഎസ്ആര്‍ടിസി അധികൃതരും ഇടതു തൊഴിലാളി യൂണിയനുക ളും യഥാര്‍ത്ഥത്തില്‍ ഒരു അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. തൊഴിലാളികളുടെ പക്ഷത്താണെന്ന പ്രതീതി സൃഷ്ടിക്കുകയും സ്വകാര്യവല്‍ക്കരണത്തിന് ഒത്താശ ചെയ്യുകയുമാണിവര്‍. രാഷ്ട്രീയബന്ധവും അത്തരമൊരു ബാധ്യതയുമില്ലാത്ത ബിഎംഎസിന്റെ ആഭിമുഖ്യത്തിലുള്ള കെഎസ്ടി സംഘിനെപ്പോലുള്ള യൂണിയനുകളാണ് ഇതു സംബന്ധിച്ച അസുഖകര മായ വസ്തുതകള്‍ പുറത്തുകൊണ്ടുവന്ന് സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഉത്തമ താല്പര്യങ്ങള്ക്കുവേണ്ടി നിലകൊള്ളുന്നത്. സ്വകാര്യവല്‍ക്കരണം എന്ന ഗൂഢപദ്ധതി ഉപേക്ഷിച്ച് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പും പുരോഗതിയും ഉറപ്പുവരുത്തുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. തൊഴിലില്ലായ്മകൊണ്ട് പൊറുതിമുട്ടുന്ന കേരളത്തില്‍ ഉള്ള ചോറില്‍ മണ്ണുവാരിയിടുന്ന പദ്ധതിയില്‍നിന്ന് അധികൃതര്‍ പിന്മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: