മുസ്ലീം സമൂഹത്തെ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ തിരിച്ചു വിടാമെന്ന ധാരണയിലാണ് സിപിഎം മുത്തലാഖ് നിരോധനം വീണ്ടും ചര്‍ച്ചയാക്കുന്നത്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശങ്ങളെന്നും വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇതിനുപിന്നിലെന്നും ബിജെപി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യ മന്ത്രിയുടെ അജ്ഞത കൊണ്ടാണ് അത്തരമൊരു പ്രസ്താവനയെന്നായിരുന്നു മുത്തലാഖ് നിരോധന നിയമം നടപ്പാക്കുന്നതിന് കാരണക്കാരില്‍ ഒരാളായ കേരള ഗവര്‍ണര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി.
കേരളത്തില്‍ സിപിഎം മുത്തലാഖ് വീണ്ടും ചര്‍ച്ചയാക്കുമ്പോള്‍ ദേശീയ തലത്തില്‍ മുസ്ലീം സമൂഹം ഈ വിഷയത്തെ ഏങ്ങനെ നോക്കിക്കാണുന്നുവെന്നുള്ളതും പ്രധാനമാണ്. എന്‍ഐഡി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഈയിടെ ചണ്ഡിഗഢില്‍, അമൃത് കാലില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഓള് ഇന്ത്യ മൈനോറിറ്റി കോണ്‍ക്ലേവില്‍ പങ്കെടുത്ത സംഘടനകള്‍ മുത്തലാഖ് നിരോധനം ഉള്‍പ്പെടെ ന്യൂനപക്ഷക്ഷേമത്തിനായി മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഇതു സംബന്ധിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുകയായിരുന്നു ഈ വേദിയില്‍ മുസ്ലീം-ക്രിസ്ത്യന്‍ സംഘടനകള്‍. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്ന് പ്രചാരണം നടത്തുന്നവര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്, അല്ലെങ്കില്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
മുത്തലാഖ് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെയും മുസ്ലീം സമൂഹത്തിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായുള്ള നടപടികളെയും വിവിധ മുസ്ലീംസംഘടനാനേതാക്കള് പ്രശംസിക്കുകയായിരുന്നു സമ്മേളനത്തില്‍. മുത്തലാഖിനെ ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അഹമ്മദിയ മുസ്ലീം യൂത്ത് അസോസിയേഷന് ഇന്ത്യ പ്രസിഡന്റ് താരിഖ് അഹമ്മദ് സ്ത്രീശാക്തീകരണത്തിലേക്കുള്ള ചുവടുവയ്പാണ് മുത്തലാഖ് നിരോധന നിയമമെന്നും അഭിപ്രായപ്പെട്ടു. അഹമ്മദിയ മുസ്ലീംസമൂഹവും മുത്തലാഖിനെ പിന്തുടര്ന്നിട്ടില്ല. മോദി സര്‍ക്കാരിന്റെ ഈ നടപടി സ്ത്രീ ശാക്തീകരണത്തിലേക്കുള്ള നല്ല ചുവടുവയ്പ്പാണ്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ അവര്‍ അര്‍ഹിക്കുന്ന പദവി നല്‍കാനാണ് ഈ നീക്കം. ഈ നടപടിയെ ഞങ്ങള്‍ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അഹമ്മദിയ മുസ്ലിം വിദേശകാര്യവിഭാഗം ഡയറക്ടര്‍ അഹ്സന് ഗോരിയും രാജ്യത്തെ വികസന പാതയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതിന് മോദിയെ പ്രശംസിച്ചു. രാജ്യത്തിനും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി പ്രധാനമന്ത്രി മോദി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അത് അഭിനന്ദിക്കപ്പെടേണ്ടതാണ്. നല്ല കാര്യങ്ങള്‍ വിലമതിക്കപ്പെടണം, ഞങ്ങള്‍ അവയെ അഭിനന്ദിക്കുന്നുവെന്നും ന്യൂനപക്ഷ ക്ഷേമ സംരംഭങ്ങളെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആദ്യത്തെ മതേതര പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നായിരുന്നു കോണ്‍ക്ലേവില്‍ പങ്കെടുത്ത എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. ഫയാസ് അഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടത്. മുസ്ലീം സമൂഹത്തിലെ നീതിയെ കുറിച്ചും കഷ്ടപ്പാടുകളെ കുറിച്ചും പാസ്മണ്ട വിഷയത്തെ കുറിച്ചും ഉന്നമനത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. രാജ്യത്തെ പൗരന്മാരെന്ന നിലയിലാണ് അദ്ദേഹം ഇതെല്ലാം സംസാരിച്ചത്. നമ്മുടെ ദുഃഖത്തെയും വേദനയെയും കുറിച്ച് സംസാരിച്ച ആദ്യത്തെ പ്രധാനമന്ത്രി അദ്ദേഹമാണെന്ന് ഞാന്‍ തീര്‍ച്ചയായും മനസ്സിലാക്കുന്നു. അന്നുമുതല്‍ പുതിയ ഇന്ത്യ ഉണ്ടാക്കുന്നതിനുള്ള പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോദിയെ മഹാനായ നേതാവായി ലോകം അംഗീകരിക്കുന്നുവെന്ന് സൂഫി ഇസ്ലാമിക് ബോര്‍ഡ് ദേശീയ പ്രസിഡണ്ട് മന്‍സൂര്‍ ഖാന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഇന്ന് ആഗോള നേതാവാണ്. നമ്മുടെ രാജ്യത്തെ ലോക നേതൃസ്ഥാനത്തേക്കുയര്ത്തിയ ഇത്രയും മികച്ച നേതാവിനെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. 1947 മുതല്‍ എടുക്കാത്ത തീരുമാനങ്ങളാണ് പ്രധാനമന്ത്രി മോദി കൈക്കൊണ്ടതെന്ന് ഉലമ ഫൗണ്ടേഷന് ചെയര്‍മാനും ജാമിയ ആലിയ ജാഫ്രിയ ദേശീയ പ്രസിഡന്റുമായ മൗലാന കൗക്കബ് മുജ്തബയുടെ അഭിപ്രായം. 1947നുശേഷം ദശകങ്ങളായി എടുക്കാത്ത തീരുമാനങ്ങള്‍ പ്രധാനമന്ത്രി മോദി എടുത്തത് മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വേണ്ടിയാണ്. ഒരു കാലത്ത് നിരാശമാത്രം നല്‍കിയിരുന്നതില്‍ നിന്ന് മാറി എല്ലാ മേഖലയിലും വിജയം വരിച്ച് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തിപിടിച്ച് നില്‍ക്കുകയാണ് ഇന്ത്യ. മുത്തലാഖ് പ്രശ്നം അവസാനിപ്പിച്ച മോദി മുസ്ലിം സമൂഹത്തിന് മാത്രമല്ല, സ്ത്രീകള്‍ക്കും വളരെയധികം ശ്രദ്ധനല്കുന്നുവെന്ന് തെളിയിച്ചു. ഒരു സ്ത്രീക്കും യാതൊരുവിധത്തിലുള്ള പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധാലുവാണെന്നും കൗക്കബ് മുജ്തബ പറഞ്ഞു.
മുസ്ലീംസ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയെടുത്ത സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമായ തീരുമാനമാണ് മുത്തലാഖ് നിരോധനമെന്ന് സൂഫി ഖാന്‍ഖാ അസോസിയേഷന് ദേശീയ പ്രസിഡന്റ് സൂഫി മുഹമ്മദ് കൗസര്‍ ഹസന് മജീദി പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഇവിടെ ജനാധിപത്യ ഭരണമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭരണഘടന ലംഘിക്കപ്പെടുന്നു, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകള്‍. മുത്തലാഖ് നിരോധനതീരുമാനം നീതി ലഭ്യമാക്കുന്നതിനുള്ള വീക്ഷണകോണില്‍ നിന്ന് സ്വീകരിച്ച നല്ല നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന് മുത്തലാഖുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരായി ഉയര്‍ന്നുവരുന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. മുത്തലാഖ് അനിസ്ലാമികമാണ്, ലോകത്തിലെ ഇരുപതിലധികം വരുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലീംങ്ങളും മുത്തലാഖ് നിരോധനത്തിനൊപ്പമാണ്. കേരളത്തിലെ മുസ്ലീംങ്ങള്‍ പോലും ഇപ്പോള്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഗൗരവത്തിലെടുത്തില്ല. അഭിനവ നവോത്ഥാനനായകനെന്ന് നടിക്കുന്ന പിണറായി വിജയന് ഇത്തരം പ്രസ്താവനകളിലൂടെ അപഹാസ്യനാവുകയാണ്. ‘പര്‍ദ്ദക്കുള്ളില്‍ തേങ്ങും ഹൃദയം ഒരു നാള് ഉണരും ഇന്ത്യന്‍ മണ്ണില്‍’എന്ന മുദ്രാവാക്യം ഇഎംഎസിന്റെ നേതൃത്വത്തില്‍ ഒരുകാലത്ത് വിളിച്ചിരുന്നവരാണ് സിപിഎമ്മുകാര്‍. തേങ്ങുന്ന മുസ്ലീം സ്ത്രീകളുടെ ഹൃദയം ഉണര്‍ത്താന്‍ കോണ്‍ഗ്രസിനോ സിപിഎമ്മിനോ സാധിച്ചില്ല. ബിജെപിക്കാണ് അതിന് സാധിച്ചത്. ഹജ്ജ് നയമുള്‍പ്പെടെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നടപടികളെ ഇരുകയ്യും നീട്ടി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയാണ് മുസ്ലീംസമൂഹമെന്നും എ.പി. അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: