കൊച്ചി : കരള്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ച അവതാരകയും നടിയുമായി സുബി സുരേഷിന് കലാലോകം വിട നല്കി. ചേരാനല്ലൂര്‍ പൊതുശ്മശാനത്തില്‍ വെച്ചായിരുന്നു സംസ്കാരം. സഹോദരനാണ് ചടങ്ങുകള്‍ നിര്‍വഹിച്ചത്.
ബുധനാഴ്ച രാവിലെ മരിച്ച സുബിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് എത്തിയത്. ആലുവയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചിരുന്നു. ഇവിടെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന പൊതുദര്‍ശനത്തിനു പിന്നാലെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്ന് മൂന്ന് മണിയോടെയാണ് ചേരാനല്ലൂര്‍ പൊതു ശ്മശാനത്തില്‍ എത്തിക്കുകയും അന്തിമ സംസ്കാര ചടങ്ങുകളും നിര്‍വഹിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമൂപ്പത്താണു താമസം. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്. കരള്‍ രോഗത്തെത്തുടര്‍ന്ന് അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ പൂര്‍ത്തിയായിരിക്കേ അപ്രതീക്ഷിതമായാണ് മരണം സംഭവിക്കുന്നത്. ആലുവ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വിവാഹിതയാകാനിരിക്കേയായിരുന്നു സുബിയെ മരണം കവരുന്നത്.
കൊച്ചിന് കലാഭവനിലൂടെ മിമിക്രിയില്‍ തിളങ്ങിയ സുബി, ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയില്‍ വന്‍ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: