ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുകയെന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുതന്നെ എല്ലാം ശരിയാക്കും എന്ന അവകാശവാദവുമായിട്ടായിരുന്നല്ലോ. പിന്നീട് ഈ മുദ്രാവാക്യത്തിന് എന്തു സംഭവിച്ചുവെന്ന് എല്ലാവര്ക്കും അറിയാം. ഒന്നും ശരിയായില്ലെന്നു മാത്രമല്ല, ശരിയായിരുന്ന പലതും വഷളാവുകയും ചെയ്തു. ഇതുപോലെയാണ് ഇടതുഭരണത്തില്‍ സാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന പ്രഖ്യാപനവും. ഒന്നിനും വില കുറഞ്ഞില്ല. വില കുറയ്ക്കാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ജനങ്ങളെ ഇപ്രകാരം വഞ്ചിക്കുന്നതിന് സര്‍ക്കാരിന്റെ വക്താക്കള്‍ക്ക് യാതൊരു കുറ്റബോധമോ ജാള്യതയോ ഇല്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും രണ്ടാം പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണകാലയളവിലും പ്രഖ്യാപിക്കപ്പെട്ട വികസന പാക്കേജുകള്‍ വെറും തട്ടിപ്പായിരുന്നു. സര്‍ക്കാരിന്റെ ശ്രമഫലമായി സ്വദേശത്തും വിദേശത്തുമുള്ളവര്‍ സംസ്ഥാനത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുകയാണെന്ന അവകാശവാദങ്ങളും പൊള്ളയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. നിക്ഷേപ സമാഹരണത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ കുടുംബത്തോടെ നടത്തിയ വിദേശയാത്രകള്‍ ധനധൂര്‍ത്തിന്റെ ഘോഷയാത്രകളായിരുന്നു. വിമര്‍ശനം ഉയര്‍ന്നപ്പോഴൊക്കെ ഞങ്ങള്‍ക്ക് അധികാരമുണ്ട്, ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല എന്ന മനോഭാവമാണ് ഇടതുമുന്നണി സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. മന്ത്രിമാരുടെ നാവില്‍ നിന്നുതന്നെ അത് പുറത്തുവരികയും ചെയ്തു.
കള്ളപ്രചാരണത്തിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഒടുവില്‍ രംഗത്തുവന്നിരിക്കുന്നത് വ്യവസായ മന്ത്രി പി.രാജീവാണ്. വ്യവസായ സംരംഭകര്‍ നിലവിലുള്ള ഉദ്യോഗാധാറിനു പകരം ഉദ്യം രജിസ്ട്രേഷന് എടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് പഴയ രജിസ്ട്രേഷനുള്ളവര്‍ തന്നെ കഴിഞ്ഞവര്‍ഷം പുതിയ രജിസ്ട്രേഷനിലേക്കു മാറിയിരുന്നു. ഇതൊക്കെ പത്തുമാസത്തിനുള്ളില്‍ തുടങ്ങിയ ഒരു ലക്ഷം പുതിയ സംരംഭങ്ങളായി പ്രഖ്യാപിക്കുകയാണ് വ്യവസായ വകുപ്പ് ചെയ്തത്. ഇതുവഴി രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും വ്യവസായ മന്ത്രി അവകാശപ്പെട്ടു. സ്വന്തം നിലയ്ക്ക് ബാങ്കില്‍നിന്ന് സംരംഭങ്ങള്‍ തുടങ്ങിയവരെയും സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തിയിരിക്കുകയാണ്. അറുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അടച്ചുപൂട്ടിയവയുമൊക്കെ ഇതില്‍പ്പെടുന്നു! പെട്ടിക്കടകളും ബാര്‍ബര്‍ ഷോപ്പുകളും വരെ സര്‍ക്കാര്‍ ശ്രമഫലമായി തുടങ്ങിയ സംരംഭങ്ങളായി കാണിച്ചിരിക്കുന്നു. ഇത്രയും പരിഹാസ്യമായ ഒരു നടപടി ഇന്നുവരെ കേരളം ഭരിച്ച ഏതെങ്കിലും ഒരു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടുള്ളതായി തോന്നുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല വ്യവസായ വകുപ്പ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ അപമാനിച്ചിരിക്കുകയാണ്. വകുപ്പ് മന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയും ഇത് ശരിവച്ചിരിക്കുന്നു. സത്യസന്ധമായും ആര്‍ജവത്തോടെയും പ്രവര്‍ത്തിക്കുന്നതിനു പകരം ഇത്തരം ഗിമ്മിക്കുകളാണ് പല മന്ത്രിമാരും കാണിക്കുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നടപടികള്‍ ഇതിന് ഉത്തമോദാഹരണമാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതിനാല്‍ ആര്‍ക്കും ആരെയും തിരുത്താനാവില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
വ്യവസായ റാങ്കിങ്ങിനെക്കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പതിനാറ് പ്രമുഖ സംസ്ഥാനങ്ങളില്‍ പന്ത്രണ്ടാമതാണ് കേരളം. വ്യാവസായികമായ ഈ പിന്നാക്കാവസ്ഥ വര്‍ഷങ്ങളായി തുടരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥിതി വന്നതെന്ന് അന്വേഷിക്കുമ്പോള്‍ സിപിഎമ്മും ഇടതുമുന്നണിയുമാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഏതെങ്കിലും മേഖലയില്‍ ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ചെങ്കൊടി കാണിച്ച് പേടിപ്പിച്ച് ആട്ടിയോടിക്കുന്ന രീതിയാണ് സിപിഎമ്മിന്റേത്. ഇതുമൂലം സംരംഭകര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. പുനലൂരിലെ സുഗതന് ആചാരിയും, കണ്ണൂര്‍ ആന്തൂരിലെ സാജനുമൊക്കെ ഇപ്രകാരം ജീവിതം അവസാനിപ്പിച്ചവരാണ്. അധികാരത്തില്‍ വരുമ്പോഴൊക്കെ നിക്ഷേപം ആകര്‍ഷിക്കുന്നതിനെക്കുറിച്ചും, സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ചും, വ്യവസായ വളര്‍ച്ചയെക്കുറിച്ചുമൊക്കെ ഇടതു മന്ത്രിമാര്‍ വാചാലരാവുമെങ്കിലും സിപിഎമ്മിന്റെ നിഷേധാത്മക മനോഭാവത്തിന് യാതൊരു മാറ്റവും വരാറില്ല. കോടതി മുന്നറിയിപ്പുകള്‍ നല്കിയിട്ടുപോലും ‘നോക്കുകൂലി’ അവസാനിപ്പിക്കാന്‍ സിപിഎമ്മും സിഐടിയുവും തയ്യാറായില്ലല്ലോ. സ്വരുക്കൂട്ടിയ ജീവിത സമ്പാദ്യംകൊണ്ട് ഒരു ചെറുകിട സംരംഭം തുടങ്ങുന്നയാളെപ്പോലും മുതലാളിയായിക്കണ്ട്, വര്‍ഗശത്രുവായി മുദ്രകുത്തി സിപിഎം കൈകാര്യം ചെയ്യും. സംരംഭങ്ങള്‍ പൊളിയുന്നതോ വ്യവസായം തകരുന്നതോ ഈ പാര്‍ട്ടിക്ക് പ്രശ്നമല്ല. പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കപ്പെടണം. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ചേരുന്ന ചെറുകിട സംരംഭങ്ങളാണ് കേരളത്തിനു വേണ്ടത്. ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ കേരളത്തിനു കഴിയുമായിരുന്നു. അത് ഉണ്ടാവാതെ പോയതിന് കാരണം വികസന വിരുദ്ധവും ജനവിരുദ്ധവുമായ ഇടതുപക്ഷ രാഷ്ട്രീയവും ഭരണവുമാണ്. മാറ്റം വരേണ്ടത് ഇതിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: