കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ കത്തിയമരുന്ന കാഴ്ച പതിവാകുന്നു. കണ്ണൂരില്‍ ഗര്‍ഭിണിക്കും ഭര്‍ത്താവിനും ജീവന്‍ നഷ്ടമായത് ഓടുന്ന കാറിന് തീപിടിച്ചാണ്. ഫെബ്രുവരി രണ്ടിനായിരുന്നു അപകടം. എറണാകുളം കുറുപ്പംപടിയിലും സമാനമായ സംഭവം ഫെബ്രുവരി നാലിന് നടന്നു. ആളപായം ഉണ്ടായില്ല. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അറിവില്ലായ്മയാണ് പ്രധാന വില്ലനെന്നും ഇന്ധന ചോര്‍ച്ച, ഗ്യാസ് ചോര്‍ച്ച എന്നിവയുണ്ടായാല്‍ അവഗണിക്കരുതെന്നും പെരുമ്പാവൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ കെ.ജി. ജന്മഭൂമിയോട് പറഞ്ഞു.
അദ്ദേഹം നല്കുന്ന നിര്‍ദേശങ്ങള്‍ കാലപ്പഴക്കം മൂലവും ശരിയായ മെയിന്റനന്‍സിന്റെ അഭാവം നിമിത്തവും ഫ്യുവല്‍ ലൈനില്‍ ലീക്കേജുകള്‍ സംഭവിക്കാം. എന്‍ജിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ബ്രേക്ക് സ്റ്റീയറങ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫഌയിഡും ലീക്ക് ആകാനുള്ള സാധ്യതയുണ്ട്. ഗ്യാസ്‌കറ്റുകള്‍, വാഷറുകള്‍, റബ്ബര്‍ റിങ്ങുകള്‍ എന്നിവയിലുണ്ടാകുന്ന പൊട്ടലുകളും ലീക്കേജ് സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്ധന ലീക്കേജ് ശ്രദ്ധയില്‍പ്പെടാതിരിക്കാനും ഇത് കാരണമാകും.
എല്‍പിജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ലീക്കേജ് സാധ്യത കൂടുതലാണ്. സമീപകാലത്ത് പെട്ടെന്ന് തീ ആളിപ്പടര്‍ന്നുള്ള അപകടങ്ങളിലും പ്രത്യേകിച്ച് ഗ്യാസ് ആയി കണ്‍വെര്‍ട്ട് ചെയ്തിട്ടുള്ള പഴയ പെട്രോള്‍ വാഹനങ്ങളിലും ഗ്യാസ് ലീക്കാണ് പ്രധാന വില്ലന്‍. കൃത്യമായ പരിചരണം ഇത്തരം വാഹനങ്ങള്‍ക്ക് ആവശ്യമാണ്. 15 വര്‍ഷം കഴിഞ്ഞാല്‍ ഗ്യാസ് ടാങ്ക് മാറ്റണമെന്നാണ് ഗ്യാസ് സിലിണ്ടര്‍ നിയമം. എന്നാല്‍ ഇതാരും പാലിക്കുന്നില്ല.
അനാവശ്യ ഓള്‍ട്ടറേഷനുകള്‍ ഒഴിവാക്കുക. വാഹനങ്ങളില്‍ മോഡിഫിക്കേഷനുകള്‍ക്കായി താഴ്ന്ന നിലവാരത്തിലുള്ള കനം കുറഞ്ഞ വയറിങ്ങുകളാണ് ഉപയോഗിക്കാറുള്ളത്. ഇത് വയര്‍ കരിയുന്നതിനും തുടര്‍ന്ന് തീപിടിത്തത്തിലേക്കും നയിക്കും. ബാറ്ററിയുടെ പോസിറ്റീവ് ടെര്‍മിനലില്‍ നിന്ന് ഫ്യൂസ് ബോക്‌സ് വഴി അല്ലാതെ വലിക്കുന്ന ചെറിയ ഇലക്ടിക് വയറുകളും വലിയ തീപിടുത്തത്തിന് ഇടയാക്കും. വാഹന നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫ്യൂസുകള്‍ മാറ്റി കൂടുതല്‍ കപ്പാസിറ്റിയുള്ള ഫ്യൂസുകള്‍ ഘടിപ്പിക്കുന്നതും വയറുകളൊ കമ്പിയൊ പകരം പിടിപ്പിക്കുന്നതും തീപിടിത്ത സാധ്യത വര്‍ധിപ്പിക്കുന്നു.
പഴയതും തകരാറുള്ളതുമായ ബാറ്ററികളും തീപിടിത്തത്തിന് കാരണമാകും. ചാര്‍ജിങ് സംവിധാനത്തിലെ തകരാറുകള്‍ നിമിത്തം ഓവര്‍ ചാര്‍ജാക്കുന്നതും അതുമൂലം ഉത്പാദിപ്പിക്കപ്പെടുന്ന കൂടുതല്‍ അളവിലുള്ള അതീവ ജ്വലന സാധ്യതയുള്ള ഹൈഡ്രജന്‍ വാതകവും സ്‌ഫോടനത്തിലേക്ക് നയിക്കും.
ലീക്കേജ് മൂലമോ മറ്റ് യന്ത്ര തകരാര്‍ മൂലമോ കൂളിങ് സിസ്റ്റത്തിന് തകരാറുകള്‍ സംഭവിക്കുന്നതും ലൂബ്രിക്കേഷന്‍ സിസ്റ്റത്തിന്റെ തകരാറുകളും എന്‍ജിന്റെ താപനില വര്‍ധിക്കുന്നതിനും റബര്‍ ഭാഗങ്ങള്‍ ഉരുകി തീപിടിത്തത്തിലേക്ക് നയിക്കാനും ഇടയുണ്ട്. ഉണങ്ങിയ പുല്‍മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചൂടുപിടിച്ച സൈലന്‍സറില്‍ തട്ടിയും അഗ്‌നിബാധയുണ്ടാകാം. ചപ്പുചവറുകളും പ്ലാസ്റ്റിക് പേപ്പറുകളും കൂടി കിടക്കുന്ന ഇടങ്ങളും തീപിടിത്തത്തിന് സാദ്ധ്യതയുള്ള സ്ഥലങ്ങളും പാര്‍ക്കിങ്ങിന് ഒഴിവാക്കണം.
തീപ്പെട്ടിയൊ ലൈറ്ററോ കത്തിച്ചുകൊണ്ട് എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ്, ഫ്യുവല്‍ ടാങ്ക്, ഫ്യുവല്‍ ലൈനുകള്‍ എന്നിവ പരിശോധിക്കുന്നതും റിപ്പയറിങ്ങിന് ശ്രമിക്കുന്നതും ഒഴിവാക്കണം. ഇരുചക്ര വാഹനങ്ങളിലും മറ്റും സൈലന്‍സറില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ പ്ലാസ്റ്റിക് ബാഗുകളും തീപിടിത്തത്തിലേക്ക് നയിച്ചേക്കാവുന്ന ഓയിലുകളും ഇന്ധനവും മറ്റും കൊണ്ടുപോകുന്നതും അപകടത്തിന് ഇടയാക്കും. എയര്‍ പ്യൂരിഫൈറിന്റെ ഉപയോഗവും അപകടസാധ്യയുണ്ടാക്കുന്നു.
പരിഹാര മാര്‍ഗങ്ങള്‍
കൃത്യമായ ഇടവേളകളില്‍ മെയിന്റനന്‍സ് ചെയ്യുക. രാവിലെ വാഹനം നിര്‍ത്തിയിട്ടിരുന്ന തറയില്‍ ഓയില്‍ ലീക്കേജ് ഉണ്ടോയെന്നും പരിശോധിക്കുക. ദിവസത്തില്‍ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുക. എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് വൃത്തിയാക്കി വയ്‌ക്കുക. ഗ്യാസ് ലീക്കുണ്ടെങ്കില്‍ സര്‍വീസ് സെന്ററില്‍ കാണിച്ച് റിപ്പയര്‍ ചെയ്യുക. ഇന്ധനക്കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കുക. വലിയ വാഹനങ്ങളില്‍ പ്രൊപ്പല്ലര്‍ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകള്‍ ഘടിപ്പിക്കണം. കന്നാസിലും കുപ്പിയിലും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും ഒഴിവാക്കുക. വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകള്‍, സ്‌പ്രേകള്‍, സാനിറ്റൈസറുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ സൂക്ഷിക്കരുത്. ആംബുലന്‍സുകളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൃത്യമായി ബ്രാക്കറ്റുകള്‍ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകള്‍ക്ക് തകരാറുകള്‍ ഇല്ല എന്ന് ഉറപ്പാക്കുകയും വേണം.
തീപിടിച്ചാല്‍ എന്തു ചെയ്യണം?
വാഹനം നിര്‍ത്തുകയും എന്‍ഞ്ചിന്‍ ഓഫ് ആക്കുകയും ചെയ്യുക. വാഹനത്തിനുള്ളില്‍ കുടുങ്ങിയാല്‍ സൈഡ് ഗ്ലാസ് പൊട്ടിക്കാന്‍ ശ്രമിക്കണം. ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കയ്യെത്താവുന്ന രീതിയില്‍ സൂക്ഷിക്കുക. സീറ്റിന്റെ ഹെഡ് റൈസ്റ്റ് ഊരിയെടുത്താല്‍ അതുപയോഗിച്ചു ഗ്ലാസ് പൊട്ടിക്കാന്‍ സാധിക്കും. വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാല്‍ ആദ്യം ചെയ്യേണ്ടത് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കണം. തീപിടിച്ച വാഹനത്തില്‍ നിന്ന് സുരക്ഷിത അകലം പാലിക്കുക.
വാഹനങ്ങളില്‍ വരുത്തുന്ന മോഡിഫിക്കേഷനുകള്‍ പ്രൊഫഷണലായി ചെയ്തില്ലെങ്കില്‍ അപകടമുണ്ടാകും. വാഹനം തീപിടിച്ചുകഴിഞ്ഞാല്‍ ഏത് കാരണത്താലാണ് അപകടമുണ്ടായതെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്. വാഹനത്തില്‍ ഓള്‍ട്ടര്‍നേഷനുകള്‍ വേണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍, പറ്റില്ല എന്ന് പറയാന്‍ ഡീലര്‍ക്ക് സാധിക്കില്ല. അവര്‍ മറ്റു ഡീലര്‍മാരെ തേടിപ്പോകും. വയര്‍ കട്ട് ചെയ്യാതെ പ്ലഗ് ചെയ്യ്ത് എടുക്കാവുന്ന സെഗ്മെന്റ്‌സാണ് അധികം ആളുകളും തിരഞ്ഞെടുക്കുന്നത്. അത് അവര്‍ സ്വന്തമായി എടുക്കുന്ന റിസ്‌കാണ്. റീഫ്രഷ്ണര്‍ പോലും കാറില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കാര്‍ സര്‍വീസ് സെന്റര്‍ മാനേജര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: