ന്യൂദല്‍ഹി: ഈ വര്‍ഷം ജൂണ്‍ വരെ ചരക്ക് സേവന നികുതി കുടിശികയായി നല്‍കാനുള്ള 16,982 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനപ്രകാരമാണിത്. ചരക്ക് സേവന നികുതി നഷ്ടപരിഹാര നിധിയില്‍ ഇത്രയുംതുക ഉടന്‍ എടുക്കാന്‍ ഇല്ലാത്തതിനാല്‍ പണം കേന്ദ്രത്തിന്റെ കൈയില്‍ നിന്ന് എടുത്തു നല്‍കുകയാണെന്നും നിധിയില്‍ പണം എത്തുന്ന മുറയ്ക്ക് കേന്ദ്രം മടക്കിയെടുക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതോടെ അഞ്ചു വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. കേരളത്തിന് കുടിശികയായ 780 കോടിയാണ് ലഭിക്കുക. ഏതാനും വസ്തുക്കളുടെ ചരക്ക് സേവന നികുതി വെട്ടിക്കുറയ്ക്കാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. പതിയന്‍ ശര്‍ക്കര (ദ്രവരൂപത്തിലുള്ള ശര്‍ക്കര) യുടെ 18 ശതമാനം ജിഎസ്ടി പൂര്‍ണമായും ഒഴിവാക്കി.
പാക്കറ്റിലാക്കി ബ്രാന്‍ഡ് ചെയ്തതിന്റെ നികുതി 18ല്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. കേരളം അടക്കമുള്ള കരിമ്പുല്പാദക സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകുന്നതാണീ തീരുമാനം. തിരുവല്ല, പന്തളം, പത്തനംതിട്ടയടക്കമുള്ള മധ്യ തിരുവിതാംകൂറാണ് കേരളത്തിലെ പതിയന്‍ ശര്ക്കരയുല്പാദനത്തിന്റെ കേന്ദ്രം.
പെന്‍സില്‍ വെട്ടി (ഷാര്പ്നര്) കളുടെ നികുതി 18 ല്‍ നിന്ന് 12 ശതമാനമാക്കി. ജിപിഎസ് വഴിയുള്ള ട്രാക്കിങ് ഉപകരണങ്ങളുടെ 18 ശതമാനം നികുതി പൂര്‍ണമായും എടുത്തുകളഞ്ഞു. ജിപിഎസ് സംവിധാനങ്ങള്‍ വ്യാപകമാകുന്ന കാലത്ത് ഇവയുടെ വില വലിയ തോതില്‍ കുറയാന്‍ ഇത് സഹായകമാകും. ജിഎസ്ടി ഫയലിങ്ങിന്റെ ലേറ്റ് ഫീസ് വെട്ടിക്കുറച്ചു.സിമന്റിന്റെ നികുതി കുറയ്ക്കാന്‍ ആലോചനയുണ്ടായിരുന്നുവെങ്കിലും അത് ചര്‍ച്ചയ്ക്ക് വന്നില്ല.
പാന്‍ മസാല ഗുഡ്ക, ചവയ്ക്കുന്ന പുകയില എന്നിവയ്ക്ക് നിലവില്‍ കൂടിയ നികുതിയാണ് ചുമത്തുന്നത്. അതിനാല്‍ നികുതി വെട്ടിപ്പു കൂടുതലാണ്. ഇത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാനും ജിഎസ്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
ദേശീയതലത്തില്‍ പ്രവേശന പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ നികുതി പരിധിയില്‍ നിന്ന് നീക്കി. ഇതോടെ പ്രവേശന പരീക്ഷകളുടെ ഫീസ് കുറയാന്‍ വഴിയൊരുങ്ങി. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി തുടരണമെന്ന് യോഗത്തില്‍ കേരളത്തിന്റെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു. ആവശ്യമായ രേഖകള്‍ കൈമാറും. കേരളത്തിന് ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാര കുടിശ്ശിക ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: