മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ഗോത്ര സമൂഹമുള്‍പ്പടെയുള്ള ജനവിഭാഗങ്ങള്‍ ആശ്രയിക്കുന്ന കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കഴിഞ്ഞ ഡിസംബര്‍ വരെ വൈദ്യുതി കുടിശിക 33,60,000 രൂപ. ഇത് അടക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദന ഭീഷണിയിലാണ് ആശുപത്രി. ബ്ലോക്ക് പഞ്ചായത്താണ് ആശുപത്രിയുടെ ഭൂരിഭാഗം ചെലവുകളും നിര്‍വഹിക്കുന്നത്.
ജനുവരി 15നകം കുടിശിക അടയ്ക്കണമെന്ന് വൈദ്യുതിബോര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം ആശുപത്രിക്ക് ഇതിനു കഴിഞ്ഞിട്ടില്ല. നടപ്പുവര്‍ഷത്തിലും അല്ലാതെയും ഇത്രയും ഭീമമായ തുക കെഎസ്ഇബിക്ക് നല്കാന് കഴിയാത്തതിനാല്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്.
പ്രതിവര്‍ഷം 18 ലക്ഷത്തോളം രൂപയാണ് വൈദ്യുതി ചെലവ്. ഇത് പരിഹരിക്കാന്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള സംവിധാനം നടന്നുവരികയാണെന്നും നിലവിലെ കുടിശിക ഒഴിവാക്കിത്തന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷംമുതല്‍ തുക പൂര്‍ണമായും അടക്കാനാവുമെന്നാണ് വകുപ്പുമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്.
നൂറുകണക്കിന് രോഗികള്‍ പ്രതിദിനം ആശ്രയിക്കുന്ന കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വൈദ്യുത ബന്ധം നിലച്ചാല്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: