തിരുവനന്തപുരം: ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് മേല്‍ പിടിമുറുക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. അന്നദാനം നടത്തുകയോ ഭക്തര്‍ക്ക് പ്രസാദം നല്‍കുകയോ ചെയ്യുന്ന ആരാധനാലയങ്ങള്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിയന്ത്രണത്തോടെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റാനാണ് നീക്കം.
ഇങ്ങിനെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് ലൈസസൻസോ രജിസ്ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി കേരള എന്ന ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്. പുതിയൊരു കീഴ്വഴക്കമാണ് ഇതിന്റെ പേരില്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.
ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, മുസ്ലീം പള്ളികള്‍ എന്നിവിടങ്ങളിൽ അന്നദാനമായോ പ്രസാദമായോ ഭക്ഷണസാധനങ്ങൾ നൽകുന്നു എങ്കിൽ ഭക്ഷ്യസുരക്ഷ ലൈസൻസോ രജിസ്ട്രേഷനോ എടുത്ത് ഭക്ഷ്യസുരക്ഷ അവലോകനം നടത്തേണ്ടത് ആവശൃമാണെന്ന് വകുപ്പ് അറിയിക്കുന്നു. അതായത് ഈ ഉത്സവസീസണില്‍ ക്ഷേത്രങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണം വരുമെന്ന് വേണം കരുതാന്‍. . ഭക്ഷ്യസുരക്ഷാ പൂര്‍ണമായ ഒരു ഉത്സവകാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് വകുപ്പ് ഇത്തരമൊരു നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് പറയുന്നു.
ഗുരുവായൂര്‍, ശബരിമല ഉള്‍പ്പെടെയുള്ള വലുതും ചെറുതുമായ ക്ഷേത്രങ്ങള്‍ ഇതോടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കീഴിലാകും. കേരളത്തില്‍ നിത്യപൂജയുള്ള ക്ഷേത്രങ്ങളിലെല്ലാം പ്രസാദം നല്‍കുന്നുണ്ട്. ഗുരുവായൂരില്‍ പ്രസാദമായി ഒട്ടേറെ വിവിധ ഭക്ഷണസാധനങ്ങള്‍ നല്‍കുന്നുണ്ട്. അമ്പലപ്പുഴ പാല്‍പ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അരവണ, അപ്പം എന്നിവ പ്രശസ്തമായ പ്രസാദങ്ങളാണ്. വൈക്കം മഹാദേവക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന് മടപ്പുര എന്നിവിടങ്ങിലെ അന്നദാനവും ഏറെ പ്രശസ്തമാണ്. ക്രിസ്ത്യന്‍ ദേവലായങ്ങളിലും മുസ്ലീം പള്ളികളിലും പ്രസാദമായി സദ്യയും മറ്റും നല്‍കുന്നുണ്ടെങ്കിലും ഈ ഉത്തരവ് കൂടുതല്‍ ബാധിക്കുക ക്ഷേത്രങ്ങളെ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: