‘ഉത്സവ അലങ്കാരത്തിന് ഒരു നിറം മാത്രം ഉപയോഗിക്കാന്‍ പാടില്ല. രാഷ്ട്രീയ നിക്ഷപക്ഷത പുലര്‍ത്തുന്ന രീതിയില്‍ അലങ്കാരങ്ങള്‍ ചെയ്യണം. വിപരീതമായി അലങ്കാരം ചെയ്ത് ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ താങ്കള്‍ക്കും കമ്മറ്റിക്കുമെതിരെ കര്‍ശന നടപടി എടുക്കും’. പുരാണ പ്രശസ്തമായ വെള്ളായണി ദേവീക്ഷേത്രം ഭരണസമിതി സെക്രട്ടറിക്ക് നേമം പോലീസ് നല്കിയ ഉത്തരവിലെ വരികളാണിവ. ഏതു നിറം എന്ന് എടുത്തു പറയുന്നില്ലങ്കിലും അത് കാവിയാണ് എന്ന് സ്പഷ്ടം. കാരണം ഇവിടെ ഉത്സവ അലങ്കാരത്തിന് കാവി തോരണങ്ങളും കൊടികളും മാത്രമാണ് ഉപയോഗിക്കാറ്. വെള്ളായണി ദേവീക്ഷേത്രത്തില്‍ മാത്രമല്ല ക്ഷേത്രോത്സവങ്ങളുടെ അലങ്കാരത്തിന് കാവിനിറത്തിലുള്ള കൊടിതോരണങ്ങളാണ് സാധാരണ ഉപയോഗിക്കുക.
വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന് അലങ്കാരപ്പണികള്‍ തുടങ്ങിയപ്പോള്‍ തന്നെ കാവി നിറത്തിലുള്ള എല്ലാം നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമാകാം എന്ന് കരുതി തുണികൊണ്ടുള്ള അലങ്കാരങ്ങള്‍ ഒരുക്കി. പിന്നീടാണ് തുണിയുടെ കാര്യമല്ല, നിറമാണ് പ്രശ്നമെന്ന് അറിയിക്കുകയും രേഖാമൂലം ഉത്തരവ് നല്‍കുകയും ചെയ്തത്. കാവി നിറം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കുത്തക നിറമാണെന്ന് പോലീസിനോട് ആരാണ് പറഞ്ഞത്? ബിജെപിയെ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബിജെപിയുടെ കൊടിയില്‍ കാവിയും പച്ചയും നിറങ്ങളുണ്ട്. കോണ്‍ഗ്രസ് കൊടിയിലും കാവി നിറമുണ്ട്. കാവി ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും സൂചിപ്പിക്കുന്നതല്ല. സംന്യാസി സമൂഹം ജാതി മത വ്യത്യാസം കൂടാതെ ഉപയോഗിക്കുന്ന നിറമാണ് കാവി. ത്യാഗത്തിന്റെ നിറമെന്നാണ് സ്വാമി വിവേകാനന്ദന് കാവിയെ വിശേഷിപ്പിച്ചത്. ശ്രീനാരാണ ഗുരുവും ചട്ടമ്പിസ്വാമിയും ധരിച്ചിരുന്നതും കാവിയായിരുന്നു. ഗുരുദേവന് ധരിച്ചിരുന്നത് കാവിയല്ല മഞ്ഞ വസ്ത്രമായിരുന്നു എന്ന കള്ള പ്രചാരണം ഇടയക്ക് ഉണ്ടായെങ്കിലും അത് തെറ്റെന്ന് ശിവഗിരി മഠം തന്നെ വ്യക്തമാക്കി. ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ നിറം ഉപദേശിച്ചെങ്കിലും ഗുരുവും ശിഷ്യന്മാരും കാവി വസ്ത്രധാരികളായിരുന്നു. ദേശീയ പതാകയില്‍ കാവിനിറം ശക്തിയുടേയും ധൈര്യത്തിന്റേയും പ്രതീകമായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെള്ള, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങള്‍ സംയോജിച്ചാണ് കാവിനിറം ഉണ്ടാകുന്നത്. അവയില്‍ വെള്ള നിറം സദ്ഗുണത്തെയും ചുവപ്പ് രജോഗുണത്തെയും കറുപ്പ് തമോഗുണത്തെയും സൂചിപ്പിക്കുന്നു. ഇപ്രകാരം മൂന്ന് ഗുണങ്ങളും നിറങ്ങളും ചേര്‍ന്നാണ് കാവിനിറം ഉണ്ടായിരിക്കുന്നത്. ഈ മൂന്ന് നിറങ്ങളും പരസ്പരം വേര്‍പ്പെടുത്താനാവാതെ കലര്‍ത്തികൊണ്ട് ത്രിഗുണങ്ങളില്‍ വര്‍ത്തിച്ചാലും ഗുണരഹിതനായി സമഭാവനയോടു കൂടി നില്‍ക്കുന്നുവെന്നതാണ് സങ്കല്പം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളേയും ഹൈന്ദവ മൂല്യങ്ങളേയും ഇകഴ്ത്താനുള്ള പദമായി കാവിയെ ഉപയോഗിക്കുന്നുണ്ട്. ദേശീയതയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ കാവിവല്‍ക്കരണം എന്ന് കമ്മ്യൂണിസ്റ്റുകളും ജിഹാദികളും മുറവിളി കൂട്ടും. കാവി നിറത്തോടുള്ള അലര്‍ജിയും അവര്‍ക്കാണ്. അതിനാല്‍ തന്നെ ക്ഷേത്രത്തില്‍ കാവിക്കുള്ള വിലക്കിനു പിന്നില്‍ വലിയ അജണ്ടയുണ്ട്. ഗൂഢാലോചനയും പ്രത്യേക താല്പര്യവും ഉണ്ട്. കേവലം ക്രമസമാധാന പ്രശ്നം മൂലം പോലീസ് നല്കിയ അറിയിപ്പ് മാത്രമായി അവഗണിക്കാനാവില്ല.
വിവാദം ഉണ്ടാക്കിയിരിക്കുന്നത് വെള്ളായണി ക്ഷേത്രത്തിലാണ് എന്നതിലും പ്രാധാന്യമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ താന്ത്രിക പൂജാ അവകാശം ബ്രാഹ്മണര്‍ക്കല്ല. കൊല്ലന് വിഭാഗത്തില്‍ പെട്ടവരാണ് ഇവിടുത്തെ പൂജാരിമാര്‍. അബ്രാഹ്മണരെ തങ്ങളാണ് ആദ്യമായി പൂജാരിമാര്‍ ആക്കിയത് എന്നു പറഞ്ഞ് ഇല്ലാത്ത അവകാശവാദം ഉയര്‍ത്തിയപ്പോള്‍ പുണ്യപുരാതനമായ ഈ ക്ഷേത്രത്തിലെ പരമ്പരാഗത പൂജാരിമാരുടെ കാര്യം പലരും എടുത്തുകാട്ടിയിരുന്നു.
മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന കാളിയൂട്ട് മഹോത്സവം അതി പ്രശസ്തമാണ്. കാളിഭഗവതിയും ദാരിക എന്ന അസുരനും തമ്മിലുള്ള ഉഗ്രമായ വിശുദ്ധയുദ്ധമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഭാരതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ഷേത്രോത്സവങ്ങളില്‍ ഒന്നാണ് 65 ദിവസം വരെ നീണ്ടുനില്‍ക്കുന്ന കാളിയൂട്ട് മഹോത്സവം. ഹിന്ദുമതത്തിലെ എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചു നല്‍കിയിരിക്കുന്ന ഉത്സവം ഹൈന്ദവ ഐക്യത്തിന്റെ മാതൃകകൂടിയാണ്. കാവി നിറത്തോടുള്ള വിരോധത്തിനു പിന്നില്‍ ഇതെല്ലാം ഘടകങ്ങളാണ്. ഇത് മുളയിലേ നുള്ളണം. അല്ലെങ്കില്‍ നാളെ ക്ഷേത്രത്തില്‍ പൂജകള്‍ എന്തൊക്കെ എന്നതിനുവരെ തിട്ടൂരം വരും. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കുകയാണ് നവോത്ഥാനം എന്നു പ്രഖ്യാപിച്ചിട്ടുള്ള ഭരണകൂടമാണ് ഇതിനു പിന്നലെന്നത് മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: