ഇസ്താംബൂള്‍: ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയുടെ ഭൗമോപരിതലത്തില്‍ വന്‍ വിള്ളലുകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. തുര്‍ക്കിയുടെയും സിറിയയുടെയും അതിര്‍ത്തി പ്രദേശങ്ങളിലാണ് രണ്ട് വലിയ വിള്ളലുകള്‍ കണ്ടെത്തിയത്. ഭൂകമ്പത്തിന്റെ തുടര്‍ച്ചയാണിതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ബ്രിട്ടനിലെ സെന്റര്‍ ഫോര്‍ ഒബ്സര്‍വേഷന്‍ ആന്‍ഡ് മോഡലിങ് ഓഫ് എര്‍ത്ത് ക്വേക്ക്സ് വോള്‍ക്കാനോസ് ആന്‍ഡ് ടെക്ടോണിക്സിലെ (സിഒഎംഇടി) ശാസ്ത്രജ്ഞരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഭൂകമ്പത്തിന് മുമ്പും ശേഷവും സെന്റിനല്‍-1 ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങള്‍ താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
രണ്ട് വിള്ളലുകളില്‍ ഒന്നിന് 300 കിലോമീറ്റര്‍ നീളമുണ്ട്. മെഡിറ്ററേനിയന്‍ കടലിന്റെ വടക്കുകിഴക്കന്‍ മുനമ്പ് വരെയാണിത്. ഫെബ്രുവരി ആറിനുണ്ടായ ആദ്യ ഭൂകമ്പത്തിന്റെ ആഘാതം കൊണ്ടാണ് ഈ വിള്ളല്‍ രൂപപ്പെട്ടത്. രണ്ടാമത്തെ വിള്ളലിന് 125 കിലോമീറ്ററാണ് നീളം. രണ്ടാമത്തെ ഭൂകമ്പത്തിലാണ് ഇതുണ്ടായത്. ഭൂകമ്പത്തില്‍ എത്രത്തോളം ഊര്‍ജം പുറന്തള്ളപ്പെട്ടുവെന്നതിന്റെ തെളിവാണ് വിള്ളലുകളെന്നും സിഒഎംഇടിയുടെ ട്വീറ്റില്‍ പറയുന്നു.
ഭൂകമ്പശേഷം ഭൗമോപരിതലത്തില്‍ വിള്ളല്‍ വീഴുന്നത് സാധാരണമാണ്. എന്നാല്‍ ഇവിടെ ആ വിള്ളലുകളുടെ നീളം വളരെ കൂടുതലാണ്. മാത്രമല്ല അടുത്തടുത്ത് ഇത്രയും തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് സാധാരണമല്ലെന്നും ശാസ്ത്രജ്ഞനായ ടിം റൈറ്റ് ചൂണ്ടിക്കാട്ടി. സെന്റിനല്‍-1ല്‍ നിന്ന് വെള്ളിയാഴ്ചയാണ് ചിത്രങ്ങള്‍ ശേഖരിച്ചത്. തുര്‍ക്കിക്ക് മുകളില്‍ തെക്ക്-വടക്ക് ദിശയിലാണ് ഈ ഉപഗ്രഹത്തിന്റെ സഞ്ചാരം. ഭൂകമ്പസാധ്യതാ പ്രദേശങ്ങള്‍ നിര്‍ണയിക്കുന്ന സെന്റിനലിന് ഒരോ നിമിഷവും ഇവിടത്തെ ഭൗമോപരിതലത്തിലുണ്ടാകുന്ന മാറ്റം അറിയാന്‍ കഴിയും.
അതേസമയം അവശ്യവസതുക്കളും മരുന്നും ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യ അയച്ച ഏഴാമത്തെ വിമാനവും സിറിയയിലെത്തി. 23 ടണ്‍ വസ്തുക്കളാണ് ഓപ്പറേഷന് ദോസ്ത് വിമാനത്തിലുള്ളത്. ഡമാസ്കസ് വിമാനത്താവളത്തില്‍ തദ്ദേശ സ്ഥാപന മന്ത്രി മൗത്താസ് ദൗജി വസ്തുക്കള്‍ ഏറ്റുവാങ്ങി. ഇതിനു മുന്‍പ് ആറു വിമാനങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ തുര്‍ക്കിയിലും സിറിയയിലുമായി എത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: