ന്യൂദല്‍ഹി: ഭൂകമ്പത്തിന്റെ ദുരന്തത്തില്‍ അകപ്പെട്ട തുര്‍ക്കിയ്‌ക്കും സിറിയയ്‌ക്കും മരിയ്‌ക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് അഭിനന്ദനം നേടുകയാണ് ഇന്ത്യന്‍ സേനയിലെ 14 ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം. അതില്‍ തിളങ്ങുന്ന താരമായി മാറി ഡോ. ബീന തിവാരി.
ഭൂകമ്പരക്ഷാദൗത്യത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ സഹായങ്ങളും ധാന്യങ്ങളും ഭക്ഷണവും അവിടെ ‘ഓപ്പറേഷന്‍ ദോസ്ത്’ എന്ന പദ്ധതിയുടെ ഭാഗമായി എത്തിച്ചിരുന്നു. നാല് സി-17 വിമാനത്തില്‍ നിറയെ സഹായങ്ങള്‍ അവിടെ എത്തിച്ചു. ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നത് 14 ഡോക്ടര്‍മാര്‍. 86 പാരമെഡിക്കല്‍ ജീവനക്കാരും എത്തി. അവര്‍ 30 കിടക്കകളുള്ള ഒരു ആശുപത്രി തുര്‍ക്കിയില്‍ സ്ഥാപിച്ചു.
ഈ ആശുപത്രികളിലേക്ക് ഭൂകമ്പദുരിത ബാധിതര്‍ ഒഴുകുകയായിരുന്നു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണും മണ്ണിടിച്ചിലിനടിയില്‍പ്പെട്ടും നിരവധി പേരാണ് ജീവിതത്തിനും മരണത്തിനുമിടയിലെന്നോണം എത്തിയത്. ഇതില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരിയായത് ഒരു ഡോക്ടറായിരുന്നു.
കഴിഞ്ഞ ദിവസം മേജര്‍ പദവിയുള്ള ഡോ. ബീന തിവാരി ഒരു പ്രായമുള്ള സ്ത്രീയെ ആലിംഗനം ചെയ്യുന്ന ചിത്രം വൈറലായിരുന്നു.
ഇക്കഴിഞ്ഞ ദിവസം മണ്ണിനടിയിൽ പെട്ട് 72 മണിക്കൂറുകൾക്ക് ശേഷം തുര്‍ക്കി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതിന് പിന്നിലും ഡോ.ബീന തിവാരി ഉണ്ടായിരുന്നു.
വെറും 28 വയസ്സുകാരിയായ ഡോ.ബീനാ തീവാരി ദില്ലിയിലെ ആർമി കോളജ് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ് തന്റെ എംബിബിഎസ് പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: