ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ ഭരണത്തില്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ അപകടത്തിലായിരിക്കുകയാണെന്നതിന്റെ ആധികാരികമായ തെളിവ് പുറത്തുവ ന്നിരിക്കുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ റവന്യൂകമ്മി ഇരട്ടിയോളമായെന്നും, ഇരുപത്തിയോരായിരം കോടിയിലേറെ രൂപയാണ് റവന്യൂ കുടിശ്ശികയെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ആകെ റവന്യൂ വരുമാനത്തിന്റെ ഇരുപത്തിമൂന്നു ശതമാനത്തോളമാണ് റവന്യൂ കുടിശ്ശികയെന്നു പറയുന്ന സിഎജി റിപ്പോര്‍ട്ടില്‍ കുടിശ്ശിക പിരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച് വരുമാനമുണ്ടാക്കാനുള്ള തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് നികുതി പിരിച്ചെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്ന കാര്യം വെളിച്ചത്തുവരുന്നത്. സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്നും, സര്‍ക്കാരിന് പറയാനുള്ളത് കേട്ടിട്ടില്ലെന്നുമൊക്കെയുള്ള പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ സിഎജി സാങ്കല്‍പ്പികമായി ഒരു കണക്കുണ്ടാക്കിയതല്ല, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്ന വസ്തുത മുഖ്യമന്ത്രി തന്ത്രപൂര്‍വം മറച്ചുപിടിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഇതേ സമീപനംതന്നെയാണ് സിഎജിയോട് സ്വീകരിച്ചിട്ടുള്ളത്.
ബജറ്റില്‍ യാതൊരു ന്യായീകരണവുമില്ലാതെ അധിക നികുതി അടിച്ചേല്‍പ്പിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ അതൊന്നും പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നും, നികുതി പിരിക്കാതെ എന്തു ചെയ്യുമെന്നുമൊക്കെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നത്. സാധാരണക്കാരെ പിഴിയാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഇവരാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സമ്പന്നരില്‍നിന്നും മറ്റും നികുതി പിരിച്ചെടുക്കുന്നതില്‍ വലിയ വീഴ്ച വരുത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ പ്രധാന വരുമാനസ്രോതസ്സാണ് നികുതിപിരിവ്. അത് തേനീച്ച പൂക്കളില്‍നിന്ന് തേന്‍ ശേഖരിക്കുന്നതുപോലെ വേണം സമാഹരിക്കാന്‍ എന്നാണ് പറയാറുള്ളത്. ഇതിനുപകരം വാഹനനികുതിയിലും ഇന്ധനനികുതിയിലും മദ്യത്തില്‍നിന്നു കിട്ടുന്ന നികുതിയിലും മാത്രമാണ് സര്‍ക്കാര്‍ കണ്ണുവയ്ക്കുന്നത്. പ്രത്യേക ശ്രമമൊന്നുമില്ലാതെ ഖജനാവിലെത്തുന്ന നികുതികളാണിത്. സമ്പന്നരില്‍നിന്ന് വരുമാനനികുതി പിരിച്ചെടുക്കാനോ, ചരക്കുസേവന നികുതിയില്‍ തട്ടിപ്പു നടത്തുന്നത് കണ്ടുപിടിക്കാനോ സര്‍ക്കാരിന് മതിയായ സംവിധാനമില്ല. അതിനോട് താല്പര്യവുമില്ല. ഇതിനു പകരം കടമെടുപ്പ് മാത്രമാണ് സര്‍ക്കാര്‍ കാണുന്ന വരുമാനസ്രോതസ്സ്. എടുക്കുന്ന കടം പലിശ സഹിതം തിരിച്ചടയ്ക്കേണ്ടതുണ്ടെന്ന യാതൊരു ധാരണയുമില്ലാതെ കിട്ടാവുന്നിടത്തുനിന്നെല്ലാം പണം വാങ്ങി ഭരിക്കാമെന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നയം. അധികാരത്തില്‍ തുടരുന്ന കാലത്തോളം ഈവിധം തുടരുക, ഭരണം പോകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിലിടുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ സാമ്പത്തികനയം.
റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ശമ്പളവും പെന്‍ഷനും വേണ്ടി നീക്കിവയ്ക്കേണ്ടിവരുന്നുവെന്നതാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുമ്പോഴൊക്കെ പറയാറുള്ള ന്യായീകരണം. എന്നാല്‍ ഈ രീതി കാലങ്ങളായി തുടരുന്നതാണ്. എന്താണ് ഇതിനൊരു പരിഹാരം എന്ന് യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കാന്‍ കേരളത്തില്‍ മാറിമാറി അധികാരത്തില്‍ വരുന്നവര്‍ തയ്യാറല്ല. ഈ രീതിയില്‍ അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠമെങ്കിലും അറിയുന്നവര്‍ക്ക് മനസ്സിലാവും. എന്നിട്ടും പോകുന്നിടത്തോളം പോകട്ടെയെന്ന തെറ്റായ ആത്മവിശ്വാസമാണ് ഭരിക്കുന്നവര്‍ക്കുള്ളത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും പെന്ഷന് വിതരണത്തിനും മാത്രമല്ല റവന്യൂ വരുമാനം ചെലവഴിക്കുന്നത്. ഭരണത്തിലെ ധൂര്‍ത്തിന് വരുമാനം വഴിതിരിച്ചുവിടുകയാണ്. മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിനും വിദേശയാത്രകള്‍ക്കുമൊക്കെ ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പണമില്ലാതിരിക്കുമ്പോള്‍ മന്ത്രിമാര്‍ ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ പരസ്പരം മത്സരിക്കുകയാണ്. ഇതൊന്നും ഒഴിവാക്കാനാവില്ലെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇടതുമുന്നണി സര്‍ക്കാരിനെ ഇങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടന കുട്ടിച്ചോറാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയിരിക്കുകയാണെന്ന സിഎജി റിപ്പോര്‍ട്ട് വലിയൊരു മുന്നറിയിപ്പാണ്. ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക ഭാവി ഇരുളടഞ്ഞുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: