ന്യൂദല്‍ഹി : അഭിഭാഷകരുടെ യോഗ്യത ഉറപ്പാക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി. നിയമബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാന്‍ അഖിലേന്ത്യ ബാര്‍ പരീക്ഷയും എഴുതണമെന്ന വ്യവസ്ഥയ്ക്കെതിരായ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് സഞ്ജയ് കിഷോര്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത ഉറപ്പാക്കുന്നതിനുള്ള യോഗ്യതാ പരീക്ഷ എന്റോള്‍മെന്റിന് മുമ്പ് നടത്തണോ, അതിനുശേഷം നടത്തണോ എന്നത് സബന്ധിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഭിഭാഷക നിയമത്തിലെ 24-ാം അനുച്ഛേദത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതിന്റെ അപ്പുറം മറ്റ് നിബന്ധനകള്‍ ഒന്നും പാടില്ലെന്ന മുന്‍ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ യോഗ്യത പരീക്ഷ ശരിവച്ചത്.
എന്നാല്‍ പ്രാക്ടീസ് ചെയ്യുന്ന നിയമബിരുദധാരികള്‍ക്ക് വിഷയത്തില്‍ അടിസ്ഥാന വിവരമെങ്കിലുമുണ്ടോയെന്ന് പരിശോധിക്കാനാണ് പരീക്ഷയെന്നാണ് ബാര്‍ കൗണ്‍സില്‍ പറയുന്നത്. ബിരുദമെടുത്താലും ജോലിചെയ്യുന്നതിന് വീണ്ടും പരീക്ഷ പാസാവണമെന്നത് മറ്റുപ്രൊഫഷനുകളില് ഇല്ലാത്ത രീതിയാണ് ബാര്‍ കൗണ്‍സിലിന്റെ നടപടിയെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. അതേസമയം യോഗ്യതാ പരീക്ഷയില്‍ അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന അമിക്കസ് ക്യുറിയുടെ ശുപാര്‍ശയ്ക്ക് സുപ്രീംകോടതി അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: