വടക്കാഞ്ചേരി: സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രതികാര നടപടി, മുളംകുന്നത്ത്കാവ് മെഡിക്കല്‍ കോളേജിലെ ഇന്ത്യന്‍ കോഫി ഹൗസ് ഇടിച്ചു നിരത്തി. ഉള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും പാത്രങ്ങളും കസേരകളും തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. നേരത്തെ കോഫിഹൗസ് പ്രവര്‍ത്തനം ആരോഗ്യവകുപ്പ് നിര്‍ത്തിവെപ്പിച്ചിരുന്നു.
ഡിസംബറില്‍ കെട്ടിടം ഒഴിയണമെന്ന് മെഡി. കോളേജ് അധികൃതരും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കോഫി ഹൗസ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോഫി ഹൗസ് ജീവനക്കാരുടെ ഹര്‍ജിയില്‍ അന്തിമ വിധി വരാനിരിക്കെയാണ് ഇന്നലെ വൈകിട്ട് കെട്ടിടം പൊളിച്ചത്. ജെസിബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി ഉപകരണങ്ങളും പാത്രങ്ങളും മാറ്റാന്‍ സാവകാശം നല്‍കണമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് ജെസിബി തടഞ്ഞു. ഇതോടെ പൊളിക്കല്‍ പാതിവഴിയില്‍ നിര്‍ത്തി ജെസിബി മടങ്ങി.
കോഫിഹൗസ് പ്രവര്‍ത്തിക്കുന്നത് വൃത്തിഹീന സാഹചര്യത്തിലെന്ന് വിലയിരുത്തി രണ്ടാഴ്ച മുമ്പ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഫുഡ് സേഫ്റ്റി അധികൃതരാണ് ലൈസന്‍സ് റദ്ദാക്കിയത്. മതിയായ പരിശോധന നടത്താതെയാണ് ലൈസന്‍സ് റദ്ദാക്കിയതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണം പിടിക്കാന്‍ സിപിഎമ്മും സിഐടിയുവും ഏറെ നാളായി ശ്രമം നടത്തുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സിപിഎം പാനലിനെ ബഹുഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് ജീവനക്കാരുടെ സംഘടന വിജയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോഫിഹൗസിനെ തകര്‍ക്കാനുള്ള നീക്കമാണ് സിപിഎമ്മും സര്‍ക്കാരും നടത്തുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
ഇന്ത്യന്‍ കോഫി ഹൗസിന്റെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ബ്രാഞ്ചാണ് മെഡിക്കല്‍ കോളേജിലേത്. ഇത് ഇല്ലാതാകുന്നതോടെ കോഫിഹൗസ് സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: