ചാത്തന്നൂര്‍: ബന്ധുനിയമനത്തിന്റെ പേരില്‍ ചിറക്കര സിപിഐ ലോക്കല്‍ കമ്മിറ്റി അംഗത്തെ മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗം വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. സി.പി.ഐ ഉളിയനാട് ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിനുനെ(45) മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ സുനില്‍ കുമാറാണ് വെട്ടിയത്. ബിനുവിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്ക് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ചിറക്കര സര്‍വീസ് സഹകരണ ബാങ്കിലെ നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വാളുമായി ബിനുവിന്റെ വീട്ടിലെത്തിയ സുനില്‍കുമാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം തലയ്ക്ക് വെട്ടുകയായിരുന്നു. തലയ്ക്ക് നേരെ വീശിയ വാള് ബിനു കൈകൊണ്ട് തടഞ്ഞു. അതുകൊണ്ട് തന്നെ കാര്യമായ ബലമില്ലാതെയാണ് വാള് തലയില്‍ തട്ടിയത്. അല്ലെങ്കില്‍ പരിക്ക് കൂടുതല്‍ ഗുരുതരമായേനേ. നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയതോടെ സുനില്‍ ഓടി രക്ഷപെട്ടു. പിന്നീട് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചിറക്കര സഹകരണ ബാങ്ക് നിയമനത്തില്‍ ബിനുകുമാറിന്റെ ഭാര്യയ്ക്കും സിപിഐ വനിതാ നേതാവിന്റെ മകള്‍ക്കും ജോലി നല്‍കിയതിനെതിരെ സിപിഐയില്‍ തന്നെ തര്‍ക്കമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: