ഒപ്പമല്ലെന്ന് തെളിയിച്ചത് ബജറ്റ് മാത്രമോ? അല്ലേ അല്ല. ഇതാ ഒരുദാഹരണം. ഓരോഫയലും ഓരോ ജീവിത പ്രശ്നമാണ്. അത് എത്രയും വേഗം തീര്പ്പുകല്പിക്കണമെന്നാണ് പലരുടെയും ആവശ്യം. ഫയല്‍ തീര്‍പ്പാക്കുന്നതിനെക്കുറിച്ച് ഏറെ വാചാലരാകുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ഫയലുകള്‍ കുന്നുകൂടുന്ന ഹജൂര്‍ കച്ചേരി ചാമ്പലാക്കണമെന്നൊരു സഖാവ് പറഞ്ഞതുമാണ്. ഫയലുകള്‍ കൂമ്പാരമാകുന്നതിനെക്കുറിച്ച് ഇടയ്ക്ക് ഏറെ സംസാരിച്ചത് എംഎല്‍എ ആയിരിക്കെ ഒ.ഭരതനാണ്. കണ്ണൂര്ക്കാരന്. ഉദ്യോഗസ്ഥരുടെ വരവും പോക്കും വാചാലമായി അവതരിപ്പിച്ച ഭരതന്, ഉദ്യോഗസ്ഥരുടെ കസേരയില്‍ വിരിക്കുന്ന ടര്‍ക്കി ടവ്വല്‍ കത്തിക്കണമെന്നുവരെ പറഞ്ഞു. ട്രെയിനിന്റെ സമയംവച്ചാണ് ഓഫീസിലെത്തുക. ഓഫീസില്‍ വന്നാല്‍ ടര്‍ക്കി ടവല്‍ ഒന്നുതട്ടിവിരിക്കും. അപ്പോഴേക്കും ചായക്ക് സമയമാകും. ഇറങ്ങിപ്പോക്കും. 12 മണിക്ക് തിരിച്ചെത്തും. ഒരു മണിക്ക് ഭക്ഷണത്തിനെന്ന് പറഞ്ഞിറങ്ങും. യൂണിയന് പ്രവര്‍ത്തനത്തില്‍ തല്പരരാണെങ്കില് വന്നെങ്കിലായി. ഇല്ലെങ്കില്‍ വകുപ്പുകളില്‍ കയറി ഇറങ്ങും. തന്റെ കുറിപ്പ് കാത്ത് ഒരു ഫയല്‍ ഓഫീസിനകത്തിരുപ്പുണ്ടെന്ന ചിന്തയേ ഉണ്ടാകില്ല.
അങ്ങിനെ മേലാളന്മാരുടെ തീര്‍പ്പ് കാത്തിരിക്കുന്ന ഫയലുകള്‍ എത്രയുണ്ടെന്നറിയേണ്ടേ. അതാണ് കൗതുകകരം. സംസ്ഥാനത്തിപ്പോള്‍ 7,89,623 ഫയലുകള്‍ തീര്‍പ്പിനായി കാത്തുകിടപ്പുണ്ടെന്നറിയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതില്‍ കൂടുതലുള്ളത് ഏത് വകുപ്പിലെന്നറിയേണ്ടെ. തദ്ദേശ സ്വയംഭരണവകുപ്പിലാണത്. 2,51,769 ഫയലുകളാണ്. വനംവകുപ്പില്‍ കിടക്കുന്നു 1,73,478 ഫയലുകള്‍. തദ്ദേശസ്വയംഭരണ വകുപ്പിലേ ഫയലുകള്‍ തികച്ചും ജനകീയമാകും. വീടിനുള്ള അപേക്ഷകള്‍ തുടങ്ങി തികച്ചും ജനകീയമായതാണ് ജനാധിപത്യത്തിന്റെ താഴേത്തട്ടില്‍ അന്തിയുറങ്ങുന്നത്. ഒപ്പമുണ്ട് എന്ന് എപ്പോഴും പറയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്കൊപ്പമല്ല സര്‍ക്കാര്‍ എന്ന സത്യം തിരിച്ചറിയുന്നില്ല.
മുഖ്യമന്ത്രിയുടെ വകുപ്പും ഫയലുകള്‍ കൂമ്പാരമാക്കുന്നതില് ഒട്ടും മോശം വരുത്തരുതല്ലോ. മൂന്നാംസ്ഥാനത്തുള്ള ആഭ്യന്തരവകുപ്പിലുണ്ട് 44437 ഫയലുകള്‍. വിദ്യാഭ്യാസ വകുപ്പില്‍ 41007 ഫയലുകളും റവന്യൂ വകുപ്പില്‍ 38888 ഫയലുകളും കുംഭകര്‍ണ സേവപിടിച്ച് കിടപ്പിലാണ്. ഭക്ഷ്യവകുപ്പില്‍ 34796 ഫയലുകളും ആരോഗ്യവകുപ്പില്‍ 20205 ഫയലുകളും അഗാധനിദ്രയിലാണ്. ഏതായാലും ഇത്രയും പേരുടെ ഒപ്പമെങ്കിലും സര്ക്കാറില്ലെന്നുറപ്പായില്ലെ. പിന്നെ ആരുടെ കൂടെയാണ് സര്‍ക്കാരുള്ളത്? അത് വ്യക്തമല്ലെ. കള്ളപ്പണക്കാരോടൊപ്പം. മയക്കുമരുന്നു കടത്തുകാരുടെ ഒപ്പം. ഭരണഘടന മണ്ണാങ്കട്ടയും കരിയിലയെന്നോ കുന്തവും കുടച്ചക്രവുമെന്നൊക്കെ വിളിച്ചുകൂവുന്നവരോടൊപ്പം. ഇതൊക്കെ തെളിയിക്കുന്നതല്ലെ നിയമസഭയില്‍ കേട്ട ശബ്ദം. പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞാല്‍ അത് മുഖ്യമന്ത്രിക്ക് സഹിക്കാനാവില്ല. വീട്ടുകാരെക്കുറിച്ച് പറഞ്ഞാല്‍ മുഖ്യമന്ത്രിക്ക് പൊറുക്കാനാവില്ല. പൊട്ടിത്തെറിക്കും.
കോണ്‍ഗ്രസ് അംഗങ്ങളില്‍ വകതിരിവുള്ളവര്‍ കുറവാണ്. എടുത്തുപറയാന്‍ കഴിയുന്ന യോഗ്യനാണ് മാത്യുകുഴല്നാടന്. അദ്ദേഹത്തിന്റെ അടിയന്തിരപ്രമേയ നോട്ടീസാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പ്രതിപക്ഷനേതാവാണെങ്കില്‍പോലും മാത്യു പറയും പോലെ പറയാന്‍ മെനക്കെടില്ല. ഒന്നാന്തരം വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണല്ലോ വി.ഡി. സതീശന്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പുത്തന്‍കാറുവാങ്ങിയതില്‍ കുനിഷ്ഠും കുന്നായ്മയും പറഞ്ഞുനടക്കുന്ന പ്രതിപക്ഷ പൊട്ടന് പുട്ടുവിഴുങ്ങിയ അവസ്ഥയിലായി. പ്രതിപക്ഷനേതാവിനും പുത്തന്‍ ഇന്നോവാ കാര്‍! ഇനിയൊരു അപവാദമായി മാത്യുവിന്റെ അടിയന്തിര പ്രമേയം.
കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ ലഹരിമരുന്നു പിടിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടിസാണ് മുഖ്യമന്ത്രിയെചൊടിപ്പിച്ചത്. ഭരണബെഞ്ചാകെ രോഷാകുലമായി. ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനും വേദിയായി. സിപിഎമ്മില്‍ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയില്‍ ചവിട്ടുപടി കയറുന്നത് ലഹരിമരുന്നുകടത്തിലെ പണം ഉപയോഗിച്ചാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് മാത്യു കുഴല്‍ നാടന്‍ പറഞ്ഞതിനെ ഏറ്റുപിടിച്ചാണ് ഭരണപക്ഷം എതിര്‍പ്പുമായി രംഗത്തെത്തിയത്.
സിപിഎമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും വിളിച്ചു പറയാനാകുമെന്നാണോ കരുതുന്നതെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി ചോദിച്ചു. ‘എന്തും വിളിച്ചു പറയാന്‍ കഴിയുന്ന ആളായതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മാത്യു കുഴല്‍നാടനെ അതിനു ചുമതലപ്പെടുത്തിയിരിക്കുകയാണോ?. ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടത്. എന്തിനും ഒരു അതിരു വേണം. ആ അതിരു ലംഘിക്കാന്‍ പാടില്ല’–മുഖ്യമന്ത്രി പറഞ്ഞു. മണിച്ചന് കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്ക് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നു മാത്യു കുഴല്നാടന് പറഞ്ഞു. കുട്ടനാട്ടിലെ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ലഹരി മാഫിയ ബന്ധങ്ങളില്‍ മനംമടുത്താണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ലൈന്‍ എക്കാലവും ലഹരിമാഫിയയെ സഹായിക്കുന്നതാണ്. ലഹരി കടത്തുകാരെയും നേതാക്കളെയും സംരക്ഷിക്കാനുള്ള വാദങ്ങളാണ് എക്സൈസ് മന്ത്രി നടത്തുന്നതെന്നും മാത്യു കുഴല്നാടന് പറഞ്ഞാല്‍ പണികിട്ടുമെന്നുറപ്പല്ലെ.
താനാണ് തികഞ്ഞ ഉത്തരവാദിത്തത്തോടെ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കാന്‍ മാത്യു കുഴല്‍നാടനു നിര്‍ദേശം നല്‍കിയതെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധം നോക്കി പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തുകയോ നീക്കുകയോ ചെയ്യുന്നതല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ രീതിയെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറയാതിരിക്കുന്നതെങ്ങനെ. ലഹരി ഉപയോഗത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ആലപ്പുഴയിലെ സിപിഎം നഗരസഭാ അംഗം വാടകയ്ക്കു നല്കിയ വാഹനത്തിലാണ് ലഹരിമരുന്നു കടത്തിയത്. ലോറി ഉടമസ്ഥന് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ പ്രതിയാകും. പൊലീസിന്റെ അന്വേഷണം നടക്കുകയാണ്. ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. പ്രതികളെ രക്ഷിക്കാന്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. ആരെയെങ്കിലും രക്ഷിക്കാനാണെങ്കില്‍ കേസ് മൂടിവയ്ക്കാമായിരുന്നുവെന്നും എം.ബി.രാജേഷ് പറഞ്ഞത് കലര്‍പ്പില്ലാത്ത നുണയാണെന്നാണ് സാഹചര്യത്തെളിവുകള്‍ നല്കുന്ന സൂചന. പാര്‍ട്ടി കമ്മീഷനെ നിശ്ചയിച്ച് അന്വേഷണം തുടരുമ്പോഴാണ് എസ്.പിയുടെ റിപ്പോര്‍ട്ടും വന്നത്. ഷാനവാസ് പരമയോഗ്യന്‍. മന്ത്രിക്കും അതേ ഉറച്ച അഭിപ്രായം.
ലഹരിക്കടത്തിലെ പ്രതികള്‍ക്കൊപ്പം നിലകൊള്ളുകയും ബജറ്റിലൂടെ ജനങ്ങളെയാകെ കൊള്ളയടിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു, ഈ സര്‍ക്കാര്‍ ജനങ്ങള്ക്കൊപ്പമല്ലെന്നു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: