അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎം-കോണ്‍ഗ്രസ് മുന്നണികള്‍ സൃഷ്ടിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോത്രമേഖലയില്‍ രൂപംകൊണ്ട തിപ്രമോത്ത എന്ന പാര്‍ട്ടി സിപിഎമ്മിന്റെ രഹസ്യമുന്നണിയാണെന്ന് സന്തിര്‍ബസാറിലെ റാലിയില്‍ അമിത് ഷാ ചൂണ്ടിക്കാട്ടി.
ചുവന്ന കൊടിയുമായി ഗോത്രജനതയുടെ മുന്നില്‍ വന്നാല്‍ രക്ഷയില്ലെന്നായപ്പോള്‍ പുതിയ രൂപങ്ങളില്‍ എത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ കെണിയില്‍ വീഴരുത്. കപട വാഗ്ദാനങ്ങളുമായി അവരെത്തുന്നത് കമ്മ്യൂണിസ്റ്റ് ചെകുത്താന് കോട്ടയിലേക്ക് വീണ്ടും നിങ്ങളെ അകപ്പെടുത്താനാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വനമേഖലയുടെയും ഗോത്രജനതയുടെയും സുരക്ഷിതത്വം ബിജെപിയുടെയും മോദി സര്‍ക്കാരിന്റെയും കരങ്ങളിലാണ്. സിപിഎമ്മും കോണ്‍ഗ്രസും ഒറ്റമുന്നണിയാകുന്നത് ബിജെപി ജനസ്വീകാര്യതയില്‍ അവര്‍ക്കുള്ള നിരാശയുടെ പ്രതിഫലനമാണ്, അമിത് ഷാ ചൂണ്ടിക്കാട്ടി. റാലിയില്‍ ഗോത്രജനതയുടെ വലിയ പങ്കാളിത്തമാണുള്ളത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ രണ്ട് മഹാറാലികളില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ചലച്ചിത്രതാരം മിഥുന് ചക്രബര്‍ത്തി, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവരും ത്രിപുരയില്‍ ബിജെപി റാലികളില്‍ പങ്കെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ത്രിപുരയിലേക്ക് എത്തുന്നതോടെ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: