ചലച്ചിത്ര ഗാനരംഗത്ത് പ്രത്യേകമായ പാത തെളിച്ച വാണിയെന്ന കലൈ വാണി അഞ്ചു പതിറ്റാണ്ട് നീളുന്ന സംഗീത സപര്യ മതിയാക്കി നാദബ്രഹ്മത്തില്‍ ലയിക്കുമ്പോള്‍ തെന്നിന്ത്യന്‍ സംഗീതത്തില്‍ നിറയുന്നത് ശൂന്യതയാണ്. എസ്. ജാനകിയും പി, സുശീലയും മല്‍സരിച്ച് പാടുന്നതിനിടെയാണ്, വാണി ജയറാം അവിടേക്ക് കടന്നുവരുന്നതും സ്വന്തമായ സ്ഥാനം ഉറപ്പിക്കുന്നതും. 1945 നവംബര്‍ 30നാണ് തമിഴ്നാട്ടിലെ വെല്ലൂരില്‍ കലൈ വാണി ജനിച്ചത്. വാണിയടക്കം ആറ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് ദൊരൈസ്വാമി അയ്യങ്കാര്‍ക്കും പദ്മാവതിക്കും ഉണ്ടായിരുന്നത്. അച്ഛനും അമ്മയും ശാസ്ത്രീയ സംഗീതജ്ഞര്‍. അവര്‍ തന്നെയാണ് കലൈവാണിയേയും സംഗീത ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്.
പിന്നീട് കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്. ബാലസുബ്രഹ്മണ്യന്, ആര്.എസ്. മണി എന്നിവരുടെ ശിക്ഷണത്തിലായി. അന്ന് ശ്രീലങ്ക പ്രക്ഷേപണ നിലയം കത്തിജ്വലിച്ചു നിന്നകാലം കൂടിയാണ്. അങ്ങനെയാണ് അവര്‍ ഹിന്ദിയടക്കം ചലച്ചിത്ര ഗാനരംഗത്തേക്ക് ആകര്‍ഷിക്കപ്പെടുന്നത്. എട്ടാമത്തെ വയസില്‍ ആകാശവാണിയില്‍ പാടിയിട്ടുണ്ട്. മദ്രാസ് സര്‍വ്വകലാശാലയുടെ കീഴിലുള്ള ക്വീന്‍ മേരി കോളേജില്‍ പഠനം. തുടര്‍ന്ന് എസ്ബിഐയില്‍ ഉദ്യോഗസ്ഥയായി. 67ല്‍ ഹൈദരാബാദ് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം. 69ല്‍ ജയറാമുമായി വിവാഹം. സംഗീതത്തില്‍ മുഴുകിയ കുടുംബമായിരുന്നു ജയറാമിന്റേതും. തുടര്‍ന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന ബോംബയ്ക്ക് സ്ഥലം മാറ്റം വാങ്ങി. അവിടെ വച്ച് ജയറാമിന്റെ നിര്‍ബന്ധത്തില്‍ വാണി ഹിന്ദുസ്ഥാനിയും പഠിച്ചു. ഉസ്താദ് അബ്ദുള്‍ റഹ്മാന് ഖാന് ആയിരുന്നു ഗുരു.
വാണി ജയറാമിന്റെ സംഗീതത്തിനു വേണ്ടി ജോലി പോലും രാജിവച്ചയാളാണ് ജയറാം. 71ലാണ് ഗുഡ്ഡിയെന്ന ചിത്രത്തിലെ ‘ബോലെ രേ പപ്പി ഹര’ എന്ന ഗാനം ആലപിച്ച് ചലച്ചിത്ര രംഗത്ത് കടന്നെത്തിത്. 19 ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍. തെലുങ്കില്‍ ശങ്കരാഭരണത്തിലെ ഗാനങ്ങള്‍ അവരെ പ്രശസ്തയാക്കി. ഇതില്‍ അഞ്ചു പാട്ടുകളാണ് പാടിയത്. ഇത് അവരെ രണ്ടാമത്തെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കി. ഹിന്ദിയിലും അനവധി ഗാനങ്ങള്‍ ആലപിച്ചു. 73ലാണ് തമിഴ് ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു തുടങ്ങിയത്. ‘ീട്ടുക്ക്വന്ത മരുമകന്, ശൊല്ലതാന് നിനൈക്കിറേന്‍, ദീര്‍ഘ സുമംഗലി എന്നിവയായിരുന്നു ആദ്യത്തെ സിനിമകള്‍. അപൂര്‍വ്വ രാഗങ്ങളിലെ ഏഴി സ്വരംഗങ്ങള്ക്കു, കേള്‍വിയിന്‍ നായകനെ എന്ന ഗാനങ്ങള്‍ കണക്കിലെടുത്ത് ആദ്യ ദേശീയ അവാര്‍ഡ്( 1975) ലഭിച്ചു. അഴഗൈ ഉന്നെ ആരാധിക്കിറേന് എന്ന ചിത്രത്തിലെ ഇളയരാജയുടെ ഗാനത്തിലൂടെ ആദ്യസംസ്ഥാന അവാര്‍ഡും ലഭിച്ചു. മുള്ളും മലരും, അന്‍പുള്ള രജനീകാന്ത്, വൈദേഹി കാത്തിരുന്താള്‍, പുന്നഗൈ മന്നന്എന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ ഹിറ്റായി.
മൂന്നു ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു (തമിഴ് അപൂര്‍വ്വ രാഗങ്ങള്‍-, 1975) ശങ്കരാഭരണം (തെലുങ്ക് -1980), സ്വാതി കിരണം(തെലുങ്ക് -1991) ഗുജറാത്ത് , തമിഴ്നാട്, ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാന അവാര്‍ഡുകളും നേടി. എം.എസ് സുബ്ബലക്ഷ്മി അവാര്‍ഡ് അടക്കം ഇരുപതോളം അവാര്‍ഡുകളും കരസ്ഥമാക്കി. കമുകറ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് ജയറാം നേരത്തെ മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: