എന്‍. ഹരിദാസ്
പനാജി : പഴമയുടെ പ്രൗഢിയും പോയ കാലത്തിന്റെ കഥ പറയുവാനുള്ള വെമ്പലുമായി ഒരു രാജഗൃഹം. സാമിപ്യമാകട്ടെ അറബിക്കടലിന്റെ ശാന്തതയും ശാലീനതയും. ആരുമൊന്ന് നോക്കിപ്പോകുന്ന വിശാലത. ഇടയ്ക്കിടെ ഉയരുന്ന കുഞ്ഞലകള്‍ പുന്നാരം പറയും ഒപ്പം കൗതുകവുമുണര്‍ത്തും.
ഗോവ രാജ്ഭവനാണ് ‘മേല്കഥാപാത്രം’. ഏകദേശം 85 ഏക്കര്‍ വിസ്തൃതിയുള്ള, ഒരു പക്ഷേ ചരിത്ര തുടിപ്പുകള്‍ ശേഷിക്കുന്ന ഒരിടം കൂടിയാണ് ഇത്. തീരങ്ങളാല്‍ ശുദ്ധീകരിക്കപ്പെടുന്ന ഇത്തിരി മണ്ണില്‍ അധിവസിക്കുന്നവരുടെ ജീവനും ജീവിതവും സംരക്ഷിക്കുവാനുള്ള നിയമജ്ഞകളുടെ നീണ്ട നിരയുടെ അകമ്പടിയാല് ദിനരാത്രങ്ങള്‍ കുളിരണിയുന്ന രാജഗൃഹം അഥവാ രാജ്ഭവന്.
അറബിക്കടല്‍ ശാന്തമാണ്. ആകാശത്തിന്റെ വിശാലതയിലേക്ക് കണ്ണ് പായിച്ച് എല്ലാം ഞാനറിയുന്നുണ്ട് എന്ന ഭാവത്തില്‍ ശാന്തത മുഖമുദ്രയാകുന്നു. മാണ്ഡോവി, സുവാരി, അതെ ഇവ രണ്ടും നമ്മുടെ നദികളാണ്. ഇവിടെ അവ സംഗമിക്കുന്നു. അങ്ങ് ദൂരെ കര്‍ണാടകത്തിലൂടെ ഒഴുകി, തീരങ്ങളോട് സല്ലപിച്ച്, കുളിരേകി, അന്നം മുടക്കാതെ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് അതെ കര്‍ഷകര്‍ക്ക് കറകളഞ്ഞ പിന്തുണയേകി മണ്ഡോവി ഇവിടെ ഒഴുകിയെത്തി. പിന്നിട്ട കാലങ്ങളിലെ ജീവിതാനുഭവങ്ങള്‍ അറബിക്കടലിനോട് പറയാന്‍. പരിഭവങ്ങളും പരാതികളും ഒപ്പം അനുഭൂതികളും പകര്‍ന്നു നല്കിയപ്പോള് അറബിക്കടല്‍ ശാന്തമാകുന്നു. പരിമളം പരത്തുന്ന പുഷ്പം കാറ്റേല്‍ക്കുന്നത് പോലെ, നമ്മുടെ പെരിയാര്‍ അറബിക്കടലിനോട് പറയുന്നത് പോലെ മാണ്ഡോവിയും…
ഗോവ ഒരിത്തിരി മണ്ണ് മാത്രം. അധിനി വേശത്തിന്റേയും ആധിപത്യത്തിന്റേയും പ്രതിരോധത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ഒടുവില്‍ സ്വാതന്ത്ര്യത്തിന്റേയും അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന മണ്ണ്. രാഷ്ട്രീയക്കൊടിയുണ്ടെങ്കിലും കൊടിമരങ്ങള്‍ കാണാത്ത മണ്ണ്. മുക്കിന് മുക്കിന് ചെറുതും വലുതുമായ ‘മദ്യക്കടകള്‍’ ഉണ്ടെങ്കിലും മദ്യപന്മാരുടേ ബഹളവും കലഹങ്ങളും ഇല്ലാത്ത മണ്ണ്… എങ്ങും ശാന്തത, സമാധാനം, മാണ്ഡോവിയുടെ രസം പറച്ചില് കേട്ട് ചിരിക്കുന്ന കടല്‍ റാണിയെപ്പോലെ ഗോവക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത് സമാധാനത്തിനാണ്. രാഷ്ട്രീയം രണ്ടാമത് മാത്രം.
അതെ, ഗോവ വികസിക്കുകയാണ്. വികസനപാതയിലൂടെ കുതിക്കുകയാണെന്ന് പറഞ്ഞാല്‍ അതെല്ലാവരും മുഖവിലയ്ക്കെടുക്കും. ഭരണകൂട രഥചക്രങ്ങള്‍ ‘ജനാധിപത്യവും വികസനവും’ ഭൗതിക ജീവിതത്തിന്റെ മെച്ചപ്പെടുത്തലുകള്‍ക്കായി നിയമ നിര്‍മാണസഭ ജാഗ്രത പാലിക്കുമ്പോള്‍ ഗോവക്കാര്‍ അതിനൊപ്പം നില്ക്കുന്നു, നമ്മെപ്പോലെ ആത്മ പ്രശംസയ്ക്ക് ഇടം നല്‍കാതെ. മനസ്സിലെവിടെയോ ഒളിഞ്ഞിരിക്കുന്ന അദമ്യമായ അഭിനിവേശത്തിന് ‘ സാക്ഷാത്കാരം’ നല്കുമ്പോഴും ഈ ഇത്തിരി മണ്ണ് ഒത്തിരി പ്രതീക്ഷകളുടെ ഉറവിടമാവുകയാണ്. അറബിക്കടലിന്റെ ശാന്തത കണക്കെ… മണ്ഡോവിയുടെ കഥപറച്ചില്‍ കണക്കെ ധനം… സമാധാനം… സമസ്യയിലൂടെ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: