ജയ്പൂര്‍: ഇന്ത്യയെ തകര്‍ക്കാന്‍ ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ടായെന്നും എന്നാല്‍ ആര്‍ക്കും അതിന് കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ഭില്‍വാരയില്‍ ഗുജ്ജര്‍ സമുദായത്തിന്റെ ആരാധനാ മൂര്‍ത്തിയായ ദേവ നാരായണന്റെ 1111-മത് ജന്മവാര്ഷികത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ ചരിത്രത്തിലും നാഗരികതയിലും സംസ്കാരത്തിലും നമ്മള് അഭിമാനം കൊള്ളുന്നു. ലോകത്തിലെ പല നാഗരികതകളും ഇല്ലാതായി. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും സാമൂഹികമായും ആശയപരമായും രാജ്യത്തെ തകര്‍ക്കാര്‍ പല ശ്രമങ്ങളും നടന്നു. പക്ഷേ അവയൊന്നും പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കായില്ല, പ്രധാനമന്ത്രി പറഞ്ഞു.
ഇന്നിവിടെ ഒരു പ്രധാനമന്ത്രിയും വന്നിട്ടില്ല. നിങ്ങളെപോലെ, നിറഞ്ഞ ഭക്തിയോടെയെത്തിയ ഒരു സാധാരണ സഞ്ചാരിയാണ് ഞാനും. ഭഗവാന് ദേവനാരായണന്റെയും ജനതാ ജനാര്ദ്ധന്റെയും ദര്‍ശനം ലഭിച്ചതിനാല്‍ ധന്യനായി. ഇന്ത്യ ഒരു ഭൂപ്രദേശം മാത്രമല്ല. നമ്മുടെ നാഗരികതയുടെ, സംസ്കാരത്തിന്റെ, സാധ്യതകളുടെ മുഖം കൂടിയാണ്. ഇന്ന് നമ്മുടെ രാജ്യം അതിന്റെ ഭാവിയിലേക്കുള്ള അടിത്തറ പാകുകയാണ്. രാജ്യത്തെ ജനങ്ങളുടെ, സമൂഹത്തിന്റെ ശക്തിയാണ് അതിന് പ്രചോദനമാകുന്നത്. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പഞ്ചപ്രാണങ്ങളെ പിന്തുടരാന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. നമ്മുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളുകകയും കൊളോണിയല്‍ ചിന്താഗതി ഇല്ലാതാക്കുകയും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തം ഓര്‍മിപ്പിക്കുകയുമാണ് ഇത് ലക്ഷ്യമിടുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളത്തിന്റെ മഹത്വം മറ്റാരെക്കാളും നന്നായി അറിയുന്നത് രാജസ്ഥാനിലെ ജനങ്ങള്‍ക്കാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മൂന്ന് കോടി ജനങ്ങള്‍ക്ക് മാത്രമാണ് കുടിവെള്ള കണക്ഷന് ഉണ്ടായിരുന്നത്. 16 കോടിയിലധികം ജനങ്ങള്‍ വെള്ളം കിട്ടാതെ ദുരിതത്തിലായിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 11 കോടിയിലധികം കുടുംബങ്ങള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ കുടിവെള്ളമെത്തിച്ചു നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: