ന്യൂദല്‍ഹി: ആദിത്യനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് ഒരു പാട്ടുപാടാന്‍. നൂറുകണക്കിനു വേദികളില്‍ പാടിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ആവശ്യത്തിനു മുന്നില്‍ ആദ്യമൊന്നു പരുങ്ങി, പിന്നാലെ പാട്ടെത്തി. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ തേരെ മേരെ ബീച്ച് മേം… എന്ന ഗാനമാണ് ആദിത്യ മോദിക്കു മുന്നില്‍ പാടിയത്. പാട്ടിനുശേഷം പ്രധാനമന്ത്രിയുടെ അഭിന്ദനവും ആദിത്യനു ലഭിച്ചു.
അസാധാരണ നേട്ടം കൈവരിച്ച കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര ജേതാക്കളുമായി നടത്തിയ സംവാദത്തിനിടെയാണ് ആദിത്യ പ്രധാനമന്ത്രിയെ പാട്ടുപാടി കേള്‍പ്പിച്ചത്. ആദിത്യ ഉള്‍പ്പെടെ 11 പേരാണ് പ്രധാനമന്ത്രിയുമായി സംവദിച്ചത്. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
അവാര്‍ഡ് ജേതാക്കള്‍ക്ക് സുവനീറുകള്‍ സമ്മാനിച്ച പ്രധാനമന്ത്രി അവരോട് ആശയ വിനിമയം നടത്തി. ഓരോരുത്തരുടെയും നേട്ടങ്ങള്‍ എന്തെന്നു ചോദിച്ചറിഞ്ഞു. വിവിധ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. ചെറിയ ചെറിയ പ്രശ്നങ്ങള്‍ പരിഹരിച്ചു മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം വളര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുടുംബങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ചെസ്സ് കളിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി കലയും സംസ്കാരവും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് നിര്‍ദേശിച്ചു. ഗവേഷണം, ആത്മീയത തുടങ്ങിയ നിരവധി വിഷയങ്ങളിലും ആശയ വിനിമയം നടന്നു.
ആദിത്യ സുരേഷിനു പുറമേ അവാര്‍ഡ് ജേതാക്കളായ എം. ഗൗരവി റെഡ്ഡി, ശ്രേയ ഭട്ടാചാര്‍ജി, സാംബബ് മിശ്ര, രോഹന് രാമചന്ദ്ര ബാഹിര്‍, ആദിത്യ പ്രതാപ് സിങ് ചൗഹാന്, ഋഷി ശിവ് പ്രസന്ന, അനൗഷ്ക ജോളി, ഹനായ. നിസാര്‍, കൊളഗട്ട്ല അലന മീനാക്ഷി, ശൗര്യജിത്ത് രഞ്ജിത്കുമാര്‍ ഖൈരെ എന്നിവരും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സംവാദത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്കാരം സമ്മാനിച്ചത്.
കൊല്ലം ഏഴാംമൈല്‍ സ്വദേശി ആദിത്യ സുരേഷ് കലാരംഗത്തെ മികവിനാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. അച്ഛന് ടി.കെ. സുരേഷിനും അമ്മ രഞ്ജിനിക്കും ഒപ്പമാണ് ആദിത്യ പുരസ്കാരം സ്വീകരിക്കുന്നതിനു ദല്‍ഹിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: