കോട്ടയം: ലളിത വിവാഹത്തിലൂടെ മാതൃക കാട്ടി മലയാളി ഐആർഎസ് ഓഫീസറായ കോട്ടയം സ്വദേശിനി ആര്യ ആർ നായരും സിവിൽ സര്‍വീസ് ഉദ്യോഗസ്ഥനായ ശിവവും. ജനവരി 27ന് ആർഭാടങ്ങൾ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം.
ദമ്പതികള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന സന്തോഷം പങ്കുവെയ്ക്കുന്നത് അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുത്തിട്ടായിരിക്കും. ഇക്കാര്യം ആര്യ ആര് നായര്‍ ഫേസ്ബുക്കിൽ കുറിയ്ക്കുകയും ചെയ്തു.
ആര്യയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്:
ജീവിതത്തിലെടുത്ത തീരുമാനങ്ങളിൽ വളരെ മികച്ചത് എന്നെനിക്ക് തോന്നിയ ഒന്ന് നിങ്ങളെല്ലാവരുമായ് പങ്കുവെയ്ക്കട്ടെ . എന്നെ അടുത്തറിയുന്നവർക്ക് തീർച്ചയായും ഇതിൽ പുതുമ തോന്നില്ല, കാരണം കോളേജ് കാലം മുതൽ പറഞ്ഞ് പറഞ്ഞ് ഉറപ്പിച്ചതാണിത്.
ഈ വരുന്ന വെള്ളിയാഴ്ച (27.01.2023) കല്യാണം കഴിയ്ക്കാണ്. ആർഭാടങ്ങൾ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരാകാൻ ആണ് എന്റെയും ശിവത്തിന്റെയും തീരുമാനം.
പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാൻ ഞങ്ങൾ വളരെ അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. ഈ പുതിയ യാത്രയിൽ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പം ഉണ്ടാവണേ.
റിട്ട.ജോയിന്റ് ലേബർ കമ്മീഷണറായ കോട്ടയം കൂരോപ്പട അരവിന്ദത്തിൽ ജി രാധാകൃഷണൻ നായരുടെയും റിട്ട. അധ്യാപിക സുജാതയുടെയും മകളാണ് ആര്യ.ഐആര്‍എസ് തെരഞ്ഞെടുത്ത ആര്യ ഇപ്പോൾ അസിസ്റ്റന്റ് കമ്മീഷണറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: