സ്ത്രീകളുടെ അശ്ലീലദൃശ്യം മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുക, അതുകാട്ടി കാശുവാങ്ങുക. സിപിഎമ്മില്‍ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ.പി.സോണയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ചിത്രം തെളിഞ്ഞത്. പാര്‍ട്ടിയുടെ അന്തസ്സിന് നിരക്കാത്ത പ്രവര്‍ത്തിയാണിതെന്നേ ജില്ലാ കമ്മിറ്റിക്ക് അഭിപ്രായമുള്ളൂ. അതുകൊണ്ടയാളെ പുറത്താക്കി. പക്ഷേ അത് വലിയ സാമൂഹിക വിപത്തോ ദുരന്തമോ എന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടില്ല. അതിനാല്‍തന്നെ പോലീസില്‍ പരാതി നല്‍കാനോ കേസെടുക്കാനോ തോന്നിയിട്ടില്ല.
സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് ചിത്രങ്ങള്‍ പരിശോധിച്ചു. ഇതില്‍ സോണ സ്ത്രീകളുടെ വീഡിയോ സൂക്ഷിച്ചെന്ന ആരോപണത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി ആര്. നാസര്‍, സെക്രട്ടേറിയറ്റംഗങ്ങളായ ജി. വേണുഗോപാല്‍, ജി. ഹരിശങ്കര്‍, കെ.എച്ച്. ബാബുജാന്, പി.പി. ചിത്തരഞ്ജന് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ പരാതിക്കാര്‍ നല്കിയ വീഡിയോ കണ്ടു. എന്നിട്ടോ ഒന്നാന്തരം ബ്ലൂഫിലിം കണ്ട പ്രതീതി. തുടര്‍ന്ന് ഒരുനിമിഷംപോലും സോണയെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനാകില്ലെന്നു തീരുമാനിക്കുകയുമായിരുന്നു.
കമ്യൂണിസ്റ്റിന് ഉണ്ടാകേണ്ട സദാചാര മര്യാദ പാലിക്കാതെ സഹപ്രവര്‍ത്തകരായ സ്ത്രീകളുടെയും സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ അവരറിയാതെയെടുത്തു സൂക്ഷിച്ചതായും നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. പാര്‍ട്ടി ഓഫീസിലുള്‍പ്പെടെ സ്ത്രീകളുമായി അശ്ലീലവര്‍ത്തമാനം പറയുകയും നഗ്നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ 34 ദൃശ്യങ്ങളാണ് അന്വേഷണകമ്മിഷനുകിട്ടിയത്. 30 പേരില്‍നിന്ന് തെളിവെടുപ്പുനടത്തി. പലസ്ത്രീകളില്‍നിന്നു പണം കൈപ്പറ്റിയിരുന്നെന്ന പരാതിയും നേതൃത്വത്തിനു കിട്ടി.
തീരദേശമേഖലയിലെ ഒരുപെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മര്‍ദിക്കുകയും സോണയുടെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ ചിത്രം പകര്‍ത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചപ്പോഴാണ് വീട്ടമ്മമാരുടെയുള്‍പ്പെടെയുള്ളവരുടെ അശ്ലീലദൃശ്യം കണ്ടത്. പെണ്‍കുട്ടിയുടെ അമ്മ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു പരാതി നല്കി. തുടര്‍ന്നായിരുന്നു അന്വേഷണം. അമ്മ മതില് ചാടിയാല്‍ മകള്‍ ഗോപുരം ചാടുമെന്ന് പറയുംപോലെയാണ്. ആലപ്പുഴയിലെ തന്നെ മറ്റൊരുവില്ലന്‍ എരിയാ കമ്മിറ്റി അംഗം. ഷാജഹാന്റെ വീരസ്യം കേമം.
പോലീസും അത് ശരിവയ്ക്കുന്നു. ആലപ്പുഴ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ. ഷാനവാസിനെതിരെയാണ് പോലീസ് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ മറവില്‍ ഷാനവാസ് അധോലോക പ്രവര്‍ത്തനം നടത്തുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്കും ആഭ്യന്തര വകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയത്. ഷാനവാസിന് ക്രിമിനല്‍, ക്വട്ടേഷന്‍, ലഹരി സംഘങ്ങളുമായി ബന്ധമുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നു. സമ്പത്തുണ്ടാക്കുന്നത് രാഷ്ട്രീയ പിന്‍ബലത്തിലാണ്. അതുകൊണ്ട് തന്നെ കേസൊന്നുമില്ല. കേസെടുക്കാന്‍ നിര്ദ്ദേശവുമില്ല.
മൂന്നു ഭാഗങ്ങളായാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പാര്‍ട്ടിയിലുള്ള ഷാനവാസിന്റെ സ്ഥാനത്തെ കുറിച്ചുള്ളതാണ് ആദ്യ ഭാഗം. എടിഎം സ്ഥാപിക്കുന്നതിനും മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനും സ്ഥലമേറ്റെടുത്തു കൊടുക്കുന്ന ഇടപാടുണ്ട് ഷാനവാസിന്. കരുനാഗപ്പള്ളിയില്‍ പിടിയിലായ ലോറി അടക്കം നാലു വാഹനങ്ങളുമുണ്ട്. രണ്ടാം ഭാഗത്താണ് ഷാനവാസ് നടത്തുന്ന ക്രിമിനല്‍ ക്വട്ടേഷന്‍ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലഹരിക്കടത്തില്‍ പിടിയിലായ ഇജാസ്, ഷാനവാസിന്റെ ബിനാമിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതിയായ കോഴഞ്ചേരി സ്വദേശിയായ ഷാരോണ്‍ എന്ന ഗുണ്ടയ്ക്ക് 15,000 രൂപ ചെലവില്‍ ഷാനവാസ് ആലപ്പുഴ വീട് എടുത്തുനല്‍കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടില്‍ ഇടനില നിന്നുകൊണ്ട് അതിന്റെ വിഹിതം വാങ്ങിച്ചെടുക്കും. ഈ വിഹിതം റിയല്‍ എസ്റ്റേറ്റ്, ബിനാമി ഇടപാടുകളിലും മുടക്കുന്നു എന്നതാണ് മറ്റൊരു കണ്ടെത്തല്‍. രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് ഷാനവാസ് സമ്പത്തുണ്ടാക്കുന്നത്.
ആലപ്പുഴയില്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയില്‍ ഷാനവാസ് അടക്കമുള്ളവര്‍ സിപിഎമ്മിന്റെ ലേബലില്‍ അധോലോക പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് നേരത്തെ തന്നെ പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്ന ആരോപണങ്ങളാണ് ഇപ്പോള്‍ പോലീസും ശരിവയ്ക്കുന്നത്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.
പണമുള്ളവന് പട്ടുതലയണ, ഗുണമുള്ളവന് പീറപ്പായ എന്നപോലെയാണ് സര്‍ക്കാരിന് ബിജെപിയോട്. അതാണ് മഞ്ചേശ്വരത്തെകേസ്. കെ. സുരേന്ദ്രന് എങ്ങോട്ട് തിരിഞ്ഞാലും സര്‍ക്കാറിന്റെ ചുമപ്പു കാര്‍ഡ്, മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് സുരേന്ദ്രന് കാശുകൊടുത്തു എന്ന് സ്ഥാനാര്‍ത്ഥി സുന്ദര ആരോടും പറഞ്ഞിട്ടില്ല. എങ്കിലും സുരേന്ദ്രനെ പ്രതിയാക്കി ജാമ്യമില്ലാ കുറ്റംചുമത്തി കേസ്. കള്ളക്കേസെടുത്ത് പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ നോക്കുന്നതുപോലൊരു പമ്പര വിഡ്ഡിത്തം കാട്ടാന്‍ എങ്ങിനെ പിണറായി വിജയന് ധൈര്യം കാട്ടുന്നു എന്നതാണത്ഭുതം. കേസ് തീര്‍ത്തും കെട്ടിച്ചമച്ചതാണ്. ആലപ്പുഴയില്‍ മയക്കുമരുന്ന് കേസ് വന്നപ്പോഴാണ് മഞ്ചേശ്വരത്ത് സുരേന്ദ്രനെതിരെ കുറ്റപത്രമുണ്ടായത്. സുരേന്ദ്രനെ കള്ളക്കേസില്‍പ്പെടുത്തിയാല്‍ തകര്‍ക്കാന്‍ കഴിയുന്നതാണ് ബിജെപി എന്ന് ചിന്തിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലല്ല നരകത്തിലാണ്. ഒന്നരവര്‍ഷമെടുത്താണ് കുറ്റപത്രം നല്‍കിയതെന്നതുതന്നെ സര്‍ക്കാറിന്റെ കള്ളക്കളിയാണ് വ്യക്തമാക്കുന്നത്. പാര്‍ട്ടി പ്രസിഡന്റിനു നേരെ എടുക്കുന്ന കേസുകള്‍ ചിലപ്പോള്‍ അനുഗ്രഹമാകും. അതാണ് കെ.ജി.മാരാര്‍ക്കുണ്ടായത്.
ജനസംഘത്തിന്റെ ദക്ഷിണഭക്ഷ്യ മേഖലാ സമരം ഓര്‍മ്മയുണ്ടല്ലോ. അതിന്റെ ഭാഗമായിരുന്നു ചെക്കുപോസ്റ്റ് തകര്‍ക്കല്‍ സമരം. കെ.ജി.മാരാരോ കൂടെ പോയവരോ മഞ്ചേശ്വരത്ത് ഒരു ചെക്കുപോസ്റ്റും തകര്‍ത്തിട്ടില്ല. എന്നിട്ടും കേസ് വന്നു. മാരാരും സംഘവും ചെക്കുപോസ്റ്റ് തകര്‍ത്തു എന്നായിരുന്നു കേസ്. ഈ കേസാണ് അടിയന്തിരാവസ്ഥയില്‍ അനുഗ്രഹമായത്. രണ്ടുമാസത്തിലൊരിക്കല്‍ കേസ് വിചാരണയ്ക്ക് വയ്ക്കും. ഇതിനായി കണ്ണൂര്‍ ജയിലില്‍ നിന്നും മാരാര്‍ക്ക് കാസര്‍കോട്ടെത്താം. വിവരങ്ങള്‍ കൈമാറാനും പ്രവര്‍ത്തകരെ കാണാനും ഇത് സഹായകമായി. അടിയന്തിരാവസ്ഥയില്‍ സ്വതവേ പരോളും സന്ദര്‍ശനവും കുറവായിരുന്നല്ലോ. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൂട്ടിയ ഈ കേസ് ഏതായാലും അത്രയ്ക്കൊന്നും വരില്ലെന്നറിയാത്ത ആളാണോ പിണറായി വിജയന്. പിണറായിക്ക് എല്ലാറ്റിലും ഇരട്ടത്താപ്പ്. കൊടുംകുറ്റവാളിയാണെങ്കിലും പാര്‍ട്ടിക്കാരാണേല്‍ കേസില്ല. രാഷ്ട്രീയ പ്രതിയോഗിയാണെങ്കില്‍ പെറ്റി കുറ്റവും കൊടുംകുറ്റം. കേരളത്തില്‍ ഗുരുവന്ദനം പാടുമ്പോള്‍ എഴുന്നേല്‍ക്കാത്ത പിണറായി തെലുങ്കാനയിലെ ഖമ്മം പരിപാടിയിലെ പൂജയ്ക്ക് എഴുന്നേറ്റ്നില്‍ക്കുക മാത്രമല്ല അരിയിട്ട് പൂജിക്കുകയും ചെയ്തു. എന്താ അല്ലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: