സര്‍ക്കസ് കൂടാരത്തില്‍, ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കുകയും ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കുകയും ചെയ്യുന്ന ഹിംസ്ര ജന്തുക്കളെ കാണാമായിരുന്നു മുമ്പ്. ഇപ്പോള്‍ ജന്തുസംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കസില്‍ മൃഗങ്ങളില്ല. അസാമാന്യ ശക്തിയുള്ള മൃഗങ്ങളെ മനുഷ്യന് ചാട്ടവാറിന്തുമ്പത്ത് വരുതിയില്‍ നിര്ത്തുന്നതുകണ്ട് അമ്പരക്കുന്നതായിരുന്നു സര്‍ക്കസിലെ മൃഗങ്ങളുടെ ചേഷ്ടകള്‍ കാണുമ്പോള്‍ മുതിര്‍ത്ത മനസ്സുകളുടെ സ്വഭാവം. ജന്തുക്കളെയും അവയെ നിയന്ത്രിക്കുന്നവരേയും കൗതുകത്തോടെയും ആരാധനയോടെയും കണ്ട് ആഹ്ലാദിക്കുന്നതിലായിരുന്നു ഇളം പ്രായക്കാരുടെ കമ്പം. സ്റ്റേജില്‍ എത്തുംമുമ്പ്, പരിശീലകനായ അധികാരിയുടെ ചാട്ടവാറുകൊണ്ടുള്ള തല്ലുകള് പുറംപൊളിച്ചതിന്റെ പേടിയുള്ള ഓര്‍മ്മയിലാണ് സര്‍ക്കസ് കൂടാരത്തിലെ കടുവയും സിംഹവും മറ്റും റിങ് മാസ്റ്ററെ അനുസരിക്കുന്നത്. ഭയം, അതും അനുഭവഭയം ഉണ്ടാക്കുന്ന അനുസരണ- വേദനയില്ലാതെ, പട്ടിണികിടക്കാതെ ജീവിക്കാനുള്ള ഏത് ജീവിയുടെയും കൊതി.
ഇത് സമൂഹത്തിനുമേല്‍ അധികാരികള്‍ പ്രയോഗിക്കാറുണ്ട്. ചെറുതും വലുതുമായ തോതില്‍. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, ജനങ്ങള്‍ക്കു വേണ്ടിയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സംവിധാനങ്ങള്‍ എല്ലാം ഇങ്ങനെ ചാട്ടവാര്‍കൊണ്ട് തല്ലി അനുഭവിപ്പിച്ച് അനുസരിപ്പിക്കും. ചിലര്‍ എതിര്‍ക്കും, കാരണം മനുഷ്യന് മൃഗങ്ങളേക്കാള്‍ വിവേകബുദ്ധി ഉള്ളതിനാല്‍. ചിലപ്പോള്‍ മനുഷ്യന് ജയിക്കും, അവന് പിന്നില്‍ സംഘടിത ശക്തിയുണ്ടെങ്കില്‍ അധികാരിവര്‍ഗ്ഗത്തെ തോല്‍പ്പിക്കുകയും ചെയ്യും. അതിന് ഏറെ സഹനവും സഹിഷ്ണുതയും വേണ്ടിവരും. ജനാധിപത്യ ഇന്ത്യയില്‍ ഇതിന് ഉദാഹരിക്കാന്‍ അടിയന്തരാവസ്ഥപോലെ മറ്റൊന്നില്ല. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണകൂടം ഇന്ത്യയിലാകെ അടിച്ചേല്‍പ്പിച്ച രാഷ്ട്രീയ സംഭീതാവസ്ഥ. അതിനെ ചെറുത്തുതോല്‍പ്പിച്ചവരുടെ ഇച്ഛാശക്തിയും അര്‍പ്പണവും അടിയന്തരാവസ്ഥ അനുസ്മരിക്കുന്ന ഓരോ നിമിഷത്തിലും തിരത്തള്ളിവരും, ആര്‍ക്കും.
സമൂഹത്തെ ഭയപ്പെടുത്താന്‍, വരുതിക്കു നിര്‍ത്താന്‍, കീഴ്പ്പെടുത്തി ഭരിക്കാന്‍ അധികാരികള്‍ക്ക് പലവഴികളുണ്ട്. അതിന് വ്യക്തിയെ ഭയപ്പെടുത്തിയാല്‍ മതി. വ്യക്തിയെ അയാളുടെ ചെയ്തികളുടെ പേരില്‍ ഭയപ്പെടുത്തുക, ആക്രമിക്കുക, നിഹനിക്കുക. അത് എത്രത്തോളം ക്രൂരമാകുന്നോ അത്രയേറെ തോതിലും ആഴത്തിലും ജനാവലി അവരെ ഭയപ്പെടും. ഭീകരപ്രവര്ത്തകര് ചെയ്യുന്നത് അങ്ങനെയാണ്. തീവ്രവാദികള്‍ ചെയ്യുന്നതും അതാണ്. 51 വെട്ടുവെട്ടി, മുഖം വികൃതമാക്കി എതിരാളിയെ ഇല്ലാതാക്കുന്നതും അതിന്റെ ഭാഗമാണ്. ലോകചരിത്രത്തില്‍ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും എണ്ണമറ്റ തോതിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇത് ലോകവ്യാപകമായി അവര്‍ക്ക് ആവുന്നിടത്തെല്ലാം നടപ്പാക്കിയിട്ടുള്ളതാണ്. തലവെട്ടിക്കൊലപ്പെടുത്തുന്ന ദൃശൃങ്ങള്‍ ലൈവായി പ്രദര്‍ശിപ്പിക്കുന്ന ഭീകരപ്രവര്‍ത്തകരും ചെയ്യുന്നത് ഈലക്ഷ്യത്തിലാണ്.
‘മാളികപ്പുറം’ സിനിമ സംഘടിതമായ പ്രചാരണം കൊണ്ടായാലും സിനിമയുടെ മെച്ചംകൊണ്ടായാലും വന്‍ വിജയമായിക്കഴിഞ്ഞിരിക്കുന്നു. സിനിമ ‘ഭക്തകുചേല’, ‘സ്വാമി അയ്യപ്പന്’ തുടങ്ങിയ പഴയകാല ചലച്ചിത്രങ്ങള്‍ പോലെയല്ല. അഞ്ചാറ് സാമൂഹ്യ വിഷയങ്ങള്‍ അതീവ ഗൗരവത്തോടെ ആവിഷ്കരിക്കുന്നുണ്ട് ഈ സിനിമയില്‍. അയ്യപ്പനും മാളികപ്പുറവും അതില്‍ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാത്രമാണ്. അതേസമയം, ശബരിമലയ്ക്ക് പോകാന്‍ കൊതിയേറിയ കുട്ടിയുടെ ചെയ്തികളുടെ കഥയുമാണ്. ആ സിനിമകണ്ട് ഒരാള്‍ക്ക്, സിനിമ നന്നായിരിക്കുന്നുവെന്ന് അഭിപ്രായം പറയാന്‍ അവകാശമില്ലാത്ത സംസ്ഥാനമൊന്നുമല്ല കേരളം. ഭരണഘടന അനുശാസിക്കുന്നുണ്ട്, അതിനുള്ള അവകാശവും സ്വാതന്ത്ര്യവും. പക്ഷേ, മലപ്പുറത്ത് പൊന്നാനിയിലെ യുവകലാ സാഹിതി പ്രവര്‍ത്തകനും ജനയുഗം പത്രത്തിന്റെ പ്രാദേശിക ലേഖകനുമായ സി. പ്രിഗിലേഷിന് ആ സ്വാതന്ത്ര്യം സിപിഎം പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ല. സിപിഐ എന്ന, പിണറായി സര്‍ക്കാരിലെ ഘടകകക്ഷിയുടെ, കലാസാഹിതി സംഘടനയുടെ പ്രവര്‍ത്തകനാണ് സിപിഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ പത്രപ്രവര്ത്തകനുംകൂടിയായ പ്രിഗിലേഷ്. മാളികപ്പുറം നല്ല സിനിമയാണെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടതിനെ ഭരണകക്ഷിയായ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ എതിര്‍ത്തു. വാക്കുവഴക്കിനൊടുവില് എരമംഗലത്ത് പ്രഗിലേഷ് നടത്തിയിരുന്ന ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട്സ് കട സിപിഎംകാര്‍ കത്തിച്ചു. അവിടെ ക്ഷേത്ര അലങ്കാരങ്ങള്‍ക്കായി തയാറാക്കി വെച്ചിരുന്ന സ്വാമി അയ്യപ്പനുള്‍പ്പെടെ ദേവതകളുടെ ചിത്രങ്ങള്‍ നശിപ്പിച്ചു. നരണിപ്പുഴയില്‍ ചായക്കട നടത്തുന്ന ഭഗവാന് രാജന് ആണ് ഈ അക്രമങ്ങള്‍ക്ക് നായകനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഭഗവാന്’ ഇത് ചെയ്തത് ദേവതകളോടുള്ള വിയോജിപ്പോ, അയ്യപ്പനോടോ മാളികപ്പുറത്തോടോ, ഉണ്ണിമുകുന്ദനോടോ, പ്രഗിലേഷിനോടോ ഉള്ള വിയോജിപ്പോ വിരോധമോ എന്നതൊക്കെ കൂലംകഷമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്നാല്‍ അതിനപ്പുറം, ഈ കട തകര്‍ക്കലില്‍ മറ്റൊരു ‘തകര്‍ക്ക’ലുണ്ട്, അതാണ് ആദ്യം പറഞ്ഞ സര്‍ക്കസിന്റെ പ്രസക്തി. നിങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്, പക്ഷേ അത് വിനിയോഗിക്കരുത്, വിനിയോഗിച്ചാല്‍ കട, അല്ലെങ്കില്‍ തല തകര്‍ക്കപ്പെടുമെന്ന സന്ദേശമാണ് പ്രഗിലേഷിന്റെ ‘ശബ്ദവും വെളിച്ചവും’ തകര്‍ത്തതിലൂടെ സിപിഎം പറഞ്ഞത്. കമ്യൂണിസം പറയുന്നവാരായാല്പ്പോലും മാര്‍ക്സിസ്റ്റുകളെ ഭയക്കണമെന്ന സന്ദേശമാണ്്.
എരമംഗലത്തെ ദുഷ്പ്രവൃത്തി ബോധപൂര്‍വം ചെയ്തതാണ് എന്നതിന് സംശയമില്ല, അതിന് മുതിര്‍ന്ന നേതൃത്വത്തിന്റെ ലൈസന്‍സുണ്ട്, എന്നല്ല, അത് അവരുടെ അംഗീകൃത രീതിയാണ്. എതിര്ത്തതിനല്ല, സ്വന്തം ആശയവും നിലപാടും പ്രചരിപ്പിച്ചതിനാണല്ലോ കമ്യൂണിസ്റ്റുകള്‍ക്ക് എതിരുനിന്ന പലരും ഇതിനകം ചോര വാര്‍ത്തതും ജീവന് വെടിഞ്ഞതും. ശേഷിക്കുന്നവരെ നിഷ്ക്രിയരാക്കുന്ന വഴി. സംസ്ഥാന സ്കൂള്‍ യുവജനോത്സവ വേദിയില്‍ സംഭവിച്ചത് ഇതിന്റെ മറ്റൊരു മാതൃകയാണ്. ഒന്ന് അണികള്‍ നടപ്പാക്കിയതും മറ്റൊന്ന് നേതൃത്വം ചെയ്തതും എന്നുമാത്രമാണ് ഭേദം.
കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച ഗാനവും അതിന്റെ ദൃശ്യരൂപവും അതി മനോഹരമായിരുന്നു. സിപിഎം മന്ത്രിമാരായ മുഹമ്മദ് റിയാസും വി. ശിവന്‍കുട്ടിയും തമ്മില്‍ മത്സരിച്ച് നയിച്ച കലോത്സവത്തില്‍ അവതരണഗാനം എഴുതിയത്, സിപിഐയുടെ രാഷ്ട്രീയ പക്ഷത്തുള്ള കവി പി.കെ. ഗോപിയായിരുന്നു. മുംബൈയില്‍ ആക്രണം നടത്തിയ ഭീകരരെ കൊന്ന്, അതിനിടെ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ ഓര്‍മയ്ക്കുള്ള സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ആ വീരപുത്രനെ സ്മരിക്കാന്‍ ഒന്നും ഒരുക്കാഞ്ഞ സംഘാടക സമിതി ആശ്വസിച്ചത് അവതരണ ഗാനത്തില്‍ ക്യാപ്റ്റനേയും ഇന്ത്യന്‍ സൈന്യത്തേയും പുകഴ്ത്തുന്ന ഭാഗങ്ങള്‍ ഉണ്ട് എന്നതിലായിരുന്നു. ദൃശ്യാവിഷ്കാരവും ഗംഭീരമായി. അതിന് കവിയേയും കോറിയോ ഗ്രാഫര്‍ കനകദാസിനേയും സമാപന ചടങ്ങില്‍ മന്ത്രിമാര്‍ ആദരിച്ച് അനുമോദിക്കുകയും ചെയ്തു. പക്ഷേ, അവതരണത്തില്‍ ഭീകരപ്രവര്‍ത്തകനെ ചിത്രീകരിച്ചപ്പോള്‍ കഥാപാത്രം മത ചിഹ്നങ്ങള്‍ വഹിച്ചുവെന്നായി ചിലരുടെ ആക്ഷേപം. തലയില്‍ കെട്ടിയ തുണിക്ക് ഇസ്ലാമിക മതവേഷധാരണത്തിനോട് സാമ്യം തോന്നിയെന്നാണ് ആരോപണം. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പരസ്യമായും നിരോധിത ഭീകര സംഘടനകള്‍ രഹസ്യമായും ആ ആക്ഷേപം പരത്തി. അതിന് മത-സമുദായ നിറവും പിന്തുണയും കിട്ടുന്നുവെന്നായപ്പോള് കമ്യൂണിസ്റ്റ് സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആ വാദത്തിനൊപ്പം ചേര്‍ന്നു. അരമിനിറ്റില്‍ താഴെയുള്ള ആ ദൃശ്യത്തിലൂടെ പത്തുമിനിട്ടുള്ള നൃത്താവിഷ്കാരത്തിനെ ചുവപ്പും പച്ചയും രാഷ്ട്രീയവും വര്‍ഗീയതയും ചേര്‍ന്ന് കറുപ്പിച്ചുകളഞ്ഞു. 16 വര്‍ഷമായി വിഭാഗീയത ഒന്നുമില്ലാതെ വിവിധ കലാകാരന്മാര് ഒന്നിച്ചു പ്രവര്‍ത്തിച്ചു പോരുന്ന വടകര മാതാ പേരാമ്പ്ര എന്ന കലാ പ്രവര്‍ത്തകരുടെ സംഘത്തെ പ്രതിക്കൂട്ടിലാക്കി. കോറിയോഗ്രാഫര്‍ കനകദാസല്ല അവരുടെ ലക്ഷ്യം, കലാകാരന്മാരാകെയാണ്. മാതാ പേരാമ്പ്രയ്ക്ക് അവതരണ ഗാനം ആവിഷ്കരിക്കാന്‍ അവസരമൊരുക്കിയവരെ കണ്ടെത്തി ശിക്ഷിക്കാന്‍ അന്വേഷണം നടക്കുകയാണ്, മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം. ഭരണകൂടത്തിന്റെ ഭീകരമുഖമാണിതില് കാണുന്നത്. തലയില്‍ പ്രത്യേക ഡിസൈനുള്ള തുണികെട്ടുന്നത് മതപരമായ ചിഹ്നമല്ല എന്നു പറയാനുള്ള ആര്‍ജ്ജവം ഇല്ലാത്തതതുകൊണ്ടല്ല, ഇനിയാരത് ചെയ്താലും കൈവിറയ്ക്കുന്ന തരത്തില്‍ കലാ സമൂഹത്തെ ഭയപ്പെടുത്തുന്നതിനാണ് ഈ ചെയ്തികളെല്ലാം. ക്യാപ്റ്റന്‍ വിക്രമിനോടില്ലാത്ത സ്നേഹം ഭീകരരോട് പ്രകടിപ്പിക്കുന്നതിനെ ചെറുക്കാന്‍ കഴിയാത്തത് കലാ സമൂഹത്തിന്റെ ദൈന്യതയാണ്. അവര്‍ക്ക് അതിനുള്ള ധൈര്യം കൊടുക്കാന്‍ കഴിയാത്തത് സമൂഹത്തിന്റെയും.
സുജിത് ഭക്തന് എന്ന വ്ളോഗര്‍ക്ക് അയോധ്യയില്‍ പോയി രാമജന്മഭൂമി സന്ദര്‍ശിച്ച് വിശ്വാസം പ്രകടിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വിവരണം നല്കാന് സ്വാതന്ത്ര്യമില്ലാതെയാകുന്നത്, അദ്ദേഹത്തിന് ഖേദം പ്രകടിപ്പിക്കേണ്ടി വരുന്നതും ഈ ഭയംകൊണ്ടാണ്. സര്‍ക്കസിലെ മൃഗങ്ങള്‍ക്ക് ശീലമായിപ്പോകും. അവിടെ സിംഹങ്ങള്‍ കഴുതയാകും. പുലി പൂച്ചയാകും. കരടി ചുണ്ടെലിയാകും. റിങ് മാസ്റ്റര്‍മാര്‍ ഹീറോയാകും. സര്‍ക്കസ് കമ്പനിക്കാരന് കോടിപതിയാകും. സമൂഹം അങ്ങനെ പേടികൊണ്ട് ഒതുങ്ങിപ്പോകുമ്പോള്‍ കേരളം വലിയൊരു സര്‍ക്കസ് കൂടാരമായിപ്പോകും. ജനാധിപത്യം അപമാനിതമാകും. എല്ലാ മനുഷ്യരും, ചില ജന്തുക്കള്‍ വാലാട്ടി നില്ക്കുന്നതുപോലുള്ള സ്ഥിതിവരും. അപകടമാണ്, അപഹാസ്യമാണത്.
പിന്കുറിപ്പ്:
പാക്കിസ്ഥാനില്‍ ഭക്ഷണത്തിനായി പൊതുനിരത്തില്‍ ജനങ്ങള്‍ തമ്മില്‍ കലഹിക്കുന്നു, ഭക്ഷ്യധാന്യവുമായി പോകുന്ന സര്‍ക്കാര്‍ തട്ടിയെടുക്കുന്നു. ഇന്ത്യയില്‍ നരേന്ദ്ര മോദി ഭരണത്തില്‍ വന്നാല്‍ പാക്കിസ്ഥാനിലേക്ക് പോകുമെന്ന് പ്രസ്താവിച്ചെങ്കിലും നടപ്പിലാക്കാഞ്ഞവര് ആശ്വസിക്കുന്നുണ്ടാവണം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: