പാലക്കാട്: നെല്ല് സംഭരണത്തിലൂടെ കോടികള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗ്രീന്‍ സ്ലിപ്പ് നല്‍കാതെ നെല്ല് കയറ്റാന്‍ ചിറ്റൂരിലെ മേലുദ്യോഗസ്ഥന് തരൂരിലുള്ള കീഴ്ഉദ്യോഗസ്ഥനെ നിര്‍ബന്ധിക്കുന്നതെന്ന് പറയുന്ന സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകളും കൃഷ്ണകുമാര്‍ പുറത്തുവിട്ടു.
ജില്ലയില്‍ രണ്ട് സീസണുകളിലായി 1,200 കോടി രൂപയുടെ നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്. ഇതില്‍ 400 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. സിപിഐ സംസ്ഥാന നേതാവിന്റെ മകനും, മില്ലുടമകളും, ഏജന്റുമാരും, ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോടികളുടെ തീവെട്ടിക്കൊള്ള നടത്തിയിരിക്കുന്നത്.
നെല്ല് സംഭരണത്തിന് രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ പേരില്‍ തമിഴ്മനാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരുന്ന വില കുറഞ്ഞ നെല്ല് സപ്ലൈകോയ്ക്ക് നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. നെല്ല് സംഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് നല്‍കുന്നത്. കിലോയ്ക്ക് 20.40 രൂപ കേന്ദ്രം നല്കുമ്പോള്, സംസ്ഥാന വിഹിതം 7.80 രൂപയാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം, കിലോക്ക് 18 രൂപയ്ക്കും മറ്റും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന നെല്ല് കര്‍ഷകരുടെ പേരില്‍ കയറ്റി അധികലാഭം കൊയ്യുന്നു. തരിശിട്ട കര്‍ഷകരുടെ പേരിലും നെല്ല് സംഭരണം നടത്തുകയാണ്. ഗുണനിലവാരം പരിശോധിക്കേണ്ടവര്‍ പണംവാങ്ങി നിശബ്ദരായിരിക്കുകയെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. സിപിഐക്കാരായ പാഡി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്.
ചിറ്റൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഐ അനുകൂലിയായ ഉദ്യോഗസ്ഥനാണ് നെല്ല് സംഭരണത്തില്‍ തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്. ഡപ്യൂട്ടേഷന് കാലാവധി അവസാനിച്ചും ഇയാള്‍ നിര്‍ബാധം തുടരുകയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കുന്ന തുക തട്ടിയെടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര കൃഷി, ധനകാര്യ മന്ത്രിമാര്‍ക്ക് പരാതി നല്‍കുമെന്നും കൃഷ്ണകുമാര്‍ അറിയിച്ചു. വര്‍ഷങ്ങളായി നടക്കുന്ന ഇത്തരം തട്ടിപ്പിനെക്കുറിച്ച് പോലീസ്, വിജിലന്‍സ്, സപ്ലൈകോ വിജിലിന്‍സ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. മാത്രമല്ല, പ്രക്ഷോഭവും നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: