പി.കെ.സജീവ്
വിശ്വപ്രസിദ്ധമായ ശബരിമല ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനു സമാപനം കുറിച്ചു കൊണ്ടുള്ള മകരവിളക്കിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ലക്ഷോപലക്ഷം തീര്‍ത്ഥാടകരാണ് ശബരിമല ക്ഷേത്രസന്നിധിയില്‍ നിന്നു കൊണ്ട് അങ്ങകലെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും മകരവിളക്കും ദര്‍ശിക്കാനായി കാത്തിരിക്കുന്നത്. മകരജ്യോതിയും മകരവിളക്കും രണ്ടും രണ്ടാണ്. മകരസംക്രാന്തി ദിവസം ശ്രീഅയ്യപ്പന് തിരുവാഭരണം ചാര്‍ത്തിക്കഴിഞ്ഞ് ശബരിമല ക്ഷേത്രത്തിന് നേരെ കിഴക്ക് പൊന്നമ്പലമേടിന് മുകളില്‍ തെളിയുന്ന നക്ഷത്രമാണ് മകരജ്യോതി.
ഭാരതത്തിലെ പുരാതന ഋഷിമാര്‍ പ്രകൃതി, ഋതുക്കള്‍, സൂര്യന്റെയും ചന്ദ്രന്റെയും ചലനങ്ങള്‍, നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് എല്ലാ പ്രപഞ്ച സത്യങ്ങളും കണ്ടുപിടിച്ചത്. ഈ മഹാ ഋഷിമാര്‍ രചിച്ച വേദങ്ങളിലും ഉപനിഷത്തുകളിലും രുദ്രനക്ഷത്രത്തെക്കുറിച്ചും മകര സംക്രാന്തിയുടെ ഐശ്വര്യത്തെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. ഋഗ്വേദവുമായി ബന്ധപ്പെട്ട ഐത്രേയ ബ്രാഹ്മണം, ശുക്ല യജുര്‍വേദവുമായി ബന്ധപ്പെട്ട ശതപദ ബ്രാഹ്മണം എന്നീ പുരാതന ഉപനിഷത് ഗ്രന്ഥങ്ങളില്‍ ഈ നക്ഷത്രത്തിന്റെ വിശദാംശങ്ങളുമുണ്ട്. ‘സംക്രാന്തി’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ചലനം’ എന്നാണ്. സൂര്യന് മകര രാശിയിലേക്ക് നീങ്ങുന്ന ആ മുഹൂര്‍ത്തത്തെയാണ് മകരസംക്രാന്തി ആയി അറിയപ്പെടുന്നത്. പുരാതന സൂര്യോല്സവങ്ങളിലൊന്നായ മകരസംക്രാന്തി ദിനത്തില്‍ പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം തുല്യമാണ്.
വേദങ്ങളില്‍, സംക്രാന്തി എന്നാല്‍ ഒരു നക്ഷത്ര സമൂഹത്തിന്റെ രാശിയില്‍ നിന്ന് അടുത്തതിലേക്കുള്ള സൂര്യന്റെ ചലനത്തെ വ്യാഖ്യാനിക്കുന്നു. അതിനാല്‍, ഒരു വര്‍ഷത്തില്‍ 12 സംക്രാന്തികള്‍ ഉണ്ട്. ഇവയില്‍, ‘പൗഷ് സംക്രാന്തി’ എന്ന് വിളിക്കപ്പെടുന്ന മകരസംക്രാന്തി ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സൗരചക്രവുമായി ബന്ധപ്പെട്ട ചുരുക്കം ചില ഭാരതീയ ഉത്സവങ്ങളില്‍ ഒന്നാണ്. കൂടാതെ, മകരസംക്രാന്തി ഋതുക്കളുടെ മാറ്റത്തെ അറിയിക്കുന്നു, ഈ ദിവസം മുതല്‍ സൂര്യന് ദക്ഷിണായനത്തില്‍ നിന്ന് (തെക്ക്) ഉത്തരായനത്തിലേക്ക് (വടക്ക്) അര്‍ദ്ധഗോളത്തിലേക്ക് അതിന്റെ ചലനം ആരംഭിക്കുന്നു. ദിവസങ്ങള്‍ ദീര്‍ഘവും ചൂടുള്ളതും ആയിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മകരസംക്രാന്തി ശീതകാലത്തിന്റെ അവസാനത്തെയും വസന്തകാലത്തിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്നു. വേദിക് കലണ്ടര്‍ അനുസരിച്ച്, മകരസംക്രാന്തി മുതല്‍ ആരംഭിക്കുന്ന മാഘ മാസം എല്ലാ മംഗളകരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തമമാണ്.
സൂര്യദേവന് ഉത്തരായനത്തിലായിരിക്കുകയും ഭൂമി പ്രകാശമാനമാകുകയും ചെയ്യുന്ന ആ 6 മാസങ്ങളിലെ മംഗള കാലത്ത് ശരീരം വിട്ടുപോയ ആള്‍ക്ക് പുനര്ജന്മം ഉണ്ടാകില്ലന്നും നേരിട്ട് ബ്രഹ്മത്തില്‍ എത്തിച്ചേരുന്നു എന്നും ഭഗവാന് ശ്രീകൃഷ്ണന് പറഞ്ഞിട്ടുണ്ട്. ഭീഷ്മ പിതാമഹന് തന്റെ ശരീരം ഉപേക്ഷിക്കാന്‍ ഉത്തരായനം വരെ കാത്തിരുന്നതും ഇതിനാല്‍ തന്നെയാണ്. മഹര്‍ഷി ഭഗീരഥന്, ഗംഗാ ദേവിയെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ മഹത്തായ തപസ് ചെയ്ത്, തന്റെ പൂര്‍വ്വികര്‍ക്ക് ഗംഗാജലം കൊണ്ട് തര്‍പ്പണം ചെയ്യുകയും അവരെ ശാപത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തത് മകരസംക്രാന്തി ദിവസമാണ്. ഇന്നും ഗംഗാ നദിയുടെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും സംഗമ സ്ഥാനത്ത് എല്ലാ വര്‍ഷവും മകരസംക്രാന്തി ദിവസം വളരെ വലിയ ഗംഗാ സാഗര്‍ മേള സംഘടിപ്പിക്കാറുണ്ട്. ഭാരതത്തില്‍ എല്ലായിടത്തും മകരസംക്രമ ദിവസം അനേകം ആചാരങ്ങളും ഉത്സവങ്ങളും ആഘോഷപൂര്‍വ്വം നടത്തുന്നുണ്ട്.
മകരസംക്രാന്തി സമയത്ത് മകരജ്യോതി പ്രത്യക്ഷമാകുന്ന നേരം പൊന്നമ്പലമേട്ടില്‍ ‘തെളിയിക്കുന്ന’ ദീപമാണ് മകരവിളക്ക്. ശ്രീ അയ്യപ്പന് സ്വര്‍ഗ്ഗാരോഹണം നടത്തുന്ന സമയത്ത് പൊന്നമ്പലമേട്ടിലെ ജനങ്ങള്‍ ഈ വിവരം അറിയുകയും ദുഃഖാര്‍ത്തരായ അവര്‍ സ്വാമിയെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. തല്‍സമയം പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷനായ സ്വാമി എല്ലാവര്‍ഷവും മകരസംക്രമ ദിവസം ജ്യോതിയായി, നക്ഷത്രമായി, താന്‍ തെളിയുമെന്നും ഈ സമയം ആരതി ഉഴിഞ്ഞ് ദീപാരാധന നടത്തണമെന്നും അറിയിക്കുകയായിരുന്നു. ശ്രീകൃഷ്ണന് കാരാഗ്രഹത്തില്‍ പിറന്നതുപോലെ ശ്രീഅയ്യപ്പന് പൊന്നമ്പലമേട്ടിലെ ഗുഹയിലാണ് ജനിച്ചത്. ശബരിമല അമ്പലത്തിന്റെ മൂലസ്ഥാനം പൊന്നമ്പലമേട് ആണ്. അയ്യപ്പന്റെ പവിത്രമായ പാദസ്പര്‍ശമേറ്റ സ്ഥലമാണ് പൊന്നമ്പലമേട്. പൊന്നമ്പലമേട്ടില്‍ മുന്‍പ് പൊന്നുകൊണ്ടുള്ള മഹാദേവക്ഷേത്രം നിലനിന്നതിന് ധാരാളം തെളിവുകള്‍ ഇപ്പോഴും ശേഷിക്കുന്നുണ്ട്. കൂടാതെ ഇവിടെ ക്ഷേത്രക്കുളവും പുരത്തറകളും കാണാന്‍ കഴിയും. പ്രാചീനകാലം മുതല്‍ മലഅരയസമുദായത്തില്പ്പെട്ട കുടുംബങ്ങള്‍ അധിവസിച്ചിരുന്ന 18 മലകളില്‍ ഒന്നാണ് പൊന്നമ്പലമേട്. അവര്‍ 18 മലകളിലും മഹാക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ഭാരതീയപാരമ്പര്യത്തില്‍ ഉറച്ച് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തു പോന്നു. 1949 വരെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിച്ചിരുന്നത് മല അരയര്‍ ആയിരുന്നു. പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ ആയിരുന്നു ഏറ്റവും ഒടുവില്‍ വിളക്ക് തെളിച്ചത്. പിന്നീട് ദേവസ്വം ബോര്‍ഡ് മല അരയരെ ഭീഷണിപ്പെടുത്തി ഈ അവകാശം കൈയടക്കുകയായിരുന്നു. ദീര്‍ഘനാളത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ മകരസംക്രമ ദിവസം ഭഗവാന് അയ്യപ്പനു വേണ്ടി മകരവിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിക്കാന്‍ എത്തിയ മലഅരയ സമുദായത്തില്‍പ്പെട്ടവരെ ക്രൂരമായി മര്‍ദ്ദിച്ച് ഓടിക്കുകയായിരുന്നുവെന്ന് ഗുരുസ്വാമിമാര്‍ പറഞ്ഞിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കയ്യേറ്റങ്ങളും ആചാരലംഘനങ്ങളും ദേവസ്വം ബോര്‍ഡിന്റെ ‘വിശുദ്ധ’ കയ്യേറ്റങ്ങള്‍ ആണ്. ഇതിനെല്ലാം ഭരണസംവിധാനങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. വനം, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്‍ബലത്തോടെയാണ് നിരാലംബരും നിസ്സഹായരുമായ ഒരു ജനതയെ അവരുടെ പാരമ്പര്യത്തില്‍ നിന്നും പൈതൃകത്തില്‍ നിന്നും എന്നന്നേക്കുമായി പിഴുതെറിഞ്ഞത്.
2011 ല്‍ മകരവിളക്ക് സംബന്ധിച്ച എല്ലാ സത്യങ്ങളും പുറത്തു വരുകയും വിളക്ക് തെളിയിക്കുന്നതാണെന്നും മനുഷ്യ നിര്‍മ്മിതമാണെന്നും പരസ്യമാക്കപ്പെട്ടു. ഈ ഘട്ടത്തില്‍ മല അരയ സമുദായം തങ്ങളുടെ അവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു രംഗത്തുവന്നു. സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും സമീപിച്ചു. എന്നാല്‍ അധികാരികള്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് മലഅരയ സമുദായത്തില്‍പ്പെട്ട അയ്യായിരത്തോളം പേര് എരുമേലിയില്‍ നിന്നു പൊന്നമ്പലമേട്ടിലേക്ക് ദീപ പ്രയാണം ആരംഭിച്ചു. എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന മകരദീപ പ്രയാണ സമ്മേളനത്തില്‍ പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധി ശ്രീ രാമവര്‍മ്മ രാജ, ഹിന്ദു ഐക്യവേദിയുടെ അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തുടങ്ങി നിരവധി ഹൈന്ദവ സംഘടനാ നേതാക്കളും ആത്മീയാചാര്യന്മാരും പിന്തുണ നല്കി. പൊന്നമ്പലമേട്ടിലേക്കു തിരിച്ച ദീപപ്രയാണം അനേകം ക്ഷേത്രങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിച്ച് കാളകെട്ടിയില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ ഇറക്കി ഭക്തരെ അറസ്റ്റു ചെയ്യുകയും തടഞ്ഞു വെയ്ക്കുകയും ചെയ്തു. ഈ സമയം ദേവസ്വം ബോര്‍ഡ് പൊന്നമ്പലമേട്ടില്‍ ജീവനക്കാരെ ഉപയോഗിച്ചു വിളക്കു തെളിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: