മുംബൈ: ഷീന ബോറ വധക്കേസില്‍ വീണ്ടും വഴിത്തിരിവ്. ഷീന ബോറയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും വിമാനത്താവളത്തില്‍വെച്ച് കണ്ടിട്ടുണ്ടെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ വെളിപ്പെടുത്തലില്‍ പരിശോധനയ്ക്ക് ഉത്തരവിട്ട് കോടതി. ഗുവാഹത്തി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ബോംബെയിലെ പ്രത്യേക സിബിഐ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.
ജനുവരി അഞ്ചിന് ഇന്ദ്രാണി മുഖര്‍ജിയുടെ അഭിഭാഷകര്‍ ഗുവഹാത്തി വിമാനത്താവളത്തില്‍ വെച്ച് ഷീനയെ കണ്ടെന്നാണ് ഇവര്‍ കോടതിയില്‍ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കേസിലെ കൂട്ടുപ്രതികള്‍ ഷീനയെ കൊലപ്പെടുത്തിയെന്ന് മൊഴി നല്കിയപ്പോഴും ഇന്ദ്രാണി ഇതിനെ എതിര്‍ക്കുകയായിരുന്നു. പിന്നെ പുതിയ അവകാശവാദം ഇന്ദ്രാണി ഉന്നയിക്കുകയായിരുന്നു. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനെ സിബിഐ എതിര്‍ത്തെങ്കിലും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
സ്വന്തം മകളെ ഇന്ദ്രാണി കത്തിച്ച് കളഞ്ഞെന്നു കണ്ടെത്തിയിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതോടെ കേസില്‍ വ്യക്തത വരും. ഇന്ദ്രാണി മുഖര്‍ജിയുടെ അഭിഭാഷക സവീന ബേദിയാണ് ഷീനയെ നേരില്‍ കണ്ടെന്ന് അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഗുവാഹത്തിയില്‍ വിമാനത്താവളത്തില്‍ വച്ച് ഷീനയെ പോലെ ഒരാളെ കണ്ടു. കേസിന് മുമ്പും ഷീനയുമായി അഭിഭാഷകയ്ക്ക് ബന്ധമുണ്ട്. സംശയം തീര്‍ക്കാന്‍ ഒപ്പമുള്ള സഹപ്രവര്‍ത്തകനുമൊത്ത് ഒരു പദ്ധതി തയ്യാറാക്കി. ഷീനയെ പുറകില്‍ കാണാന്‍ കഴിയും വിധം സവീന ഒരു വീഡിയോ ചിത്രീകരിച്ചു. ആരെങ്കിലും ശ്രദ്ധിച്ചാലും സഹപ്രവര്ത്തകന് സവീനയുടെ വീഡിയോ ചിത്രീകരിക്കുകയാണെന്ന് തോന്നും വിധമായിരുന്നു ഇത്. ഈ വീഡിയോ സ്ഥിരീകരണത്തിനായി ഇന്ദ്രാണിക്കയച്ചു. തുടര്‍ന്നാണ് പ്രത്യേക സിബിഐ കോടതിയെ ഇന്ദ്രാണി സമീപിച്ചത്.
നിലവില്‍ ഷീനാ ബോറ കൊലക്കേസ് വിചാരണ ഘട്ടത്തിലാണ്. സാക്ഷി വിസ്താരം നീണ്ട് പോയതിനെ തുടര്‍ന്നാണ് ഇന്ദ്രാണിക്ക് കഴിഞ്ഞ വര്‍ഷം ജാമ്യം ലഭിച്ചത്. വിചാരണ ഘട്ടത്തില്‍ മുന്‍പും ഷീന ബോറ മരിച്ചിട്ടില്ലെന്ന അവകാശ വാദം ഇപ്പോഴത്തേത് പോലെ ഇന്ദ്രാണി നടത്തിയിട്ടുണ്ട്. 2021ല്‍ ഷീനയെ കശ്മീരില്‍ കണ്ടെന്നായിരുന്നു ആദ്യത്തേത്. അന്ന് സിബിഐ ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച് കത്തയക്കുകയും ചെയ്തു.
പിന്നീട് ബൈക്കുള ജയിലില്‍ കഴിയുമ്പോള്‍ ഒരു പോലീസുകാരി ഷീനയെ കശ്മീരില്‍ കണ്ടെന്ന് തന്നോട് പറഞ്ഞെന്നാണ് പിന്നീടത്തെ വാദം. എന്നാല്‍ വിചാരണ തടസപ്പെടുത്താനുള്ള തന്ത്രം മാത്രമാണിതെന്നായിരുന്നു സിബിഐ നിലപാട് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: