ഗുവാഹത്തി : രത്തൻ ടാറ്റയുടെ മരണത്തോടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികളിൽ ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസാമിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘അസോം ബൈഭവ്’ നേടിയ ടാറ്റ സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് അദ്ദേഹം എക്സ് അക്കൗണ്ടിൽ പറഞ്ഞു.
ഇന്ത്യയുടെ വളർച്ചയുടെ കഥയിൽ അനുകമ്പയും രാഷ്‌ട്രതന്ത്രവും അചഞ്ചലമായ ബോധ്യവുമാണ് രത്തൻ ടാറ്റയുടെ പൈതൃകമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ബിസിനസ് കെട്ടിപ്പടുക്കുകയും അതിന്റെ ഗുണഫലങ്ങൾ സമൂഹത്തിന് തിരികെ നൽകുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ ജീവിതം നിർവചിച്ചതെന്നും ശർമ്മ എക്സിൽ പോസ്റ്റ് ചെയ്തു.
അസാമിന്റെ ക്ഷേമത്തിനായി അദ്ദേഹം വലിയ സഹായ സഹകരണങ്ങളാണ് നടത്തിയത്. സംസ്ഥാനത്ത് ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടോടെ തങ്ങൾ അസാം കാൻസർ കെയർ ഫൗണ്ടേഷന് ജന്മം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ ജാഗിറോഡിൽ അർദ്ധചാലക സൗകര്യം സ്ഥാപിക്കുന്നതിലും സംസ്ഥാനത്തെ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ടാറ്റ നിർണായക പങ്കുവഹിച്ചുവെന്നും ശർമ്മ പറഞ്ഞു.
ഇതിനു പുറമെ അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. അദ്ദേഹത്തിന്റെ മരണം നികത്താനാവാത്ത ഒരു വലിയ ശൂന്യത അവശേഷിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വിലപിക്കുന്ന ടാറ്റ കുടുംബാംഗങ്ങൾക്കും രാജ്യത്തിനും ഒപ്പം തന്റെ ചിന്തകളും പ്രാർത്ഥനകളും ഉണ്ടെന്നും മുഖ്യമന്ത്രി എക്സിൽ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: